ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പോണ്‍ താരവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെടുമോ? അമേരിക്ക ചര്‍ച്ച ചെയ്യുന്ന  പ്രധാന വിഷയമാണിത്. വിദഗ്ധര്‍ ഈ വിഷയത്തില്‍ പല തട്ടിലാണെന്നത് ആകാംക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. മുന്‍ യുഎസ് പ്രസിഡന്റ് ശിക്ഷിക്കപ്പെടുമോ ഇല്ലയോ എന്ന് വിദഗ്ധര്‍ വിലയിരുത്തുമ്പോള്‍ അത് ഉറ്റുനോക്കുകയാണ് യുഎസ് ജനത. ട്രംപിനെതിരായ കേസ് വളരെ ശക്തമാണെങ്കിലും അദ്ദേഹത്തിന് ജയില്‍ ശിക്ഷ ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് മുന്‍ യുഎസ് അറ്റോര്‍ണി കെവിന്‍ സി മക്മുനിഗലിന്റെ അഭിപ്രായം. 

ഹഷ് മണി ട്രയല്‍: നിയമപരമായ അഭിപ്രായം സമ്മിശ്രമാണ്

പ്രായവും പശ്ചാത്തലവും കുറ്റകൃത്യങ്ങള്‍ ആരെയും ബാധിക്കാത്തതുമായതിനാല്‍ അദ്ദേഹത്തിന് ജയില്‍ ശിക്ഷ ലഭിക്കാനുള്ള സാധ്യതയില്ലെന്നാണ് മക്മുനിഗല്‍ അഭിപ്രായപ്പെടുന്നത്. കാലിഫോര്‍ണിയയിലെ അസിസ്റ്റന്റ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് അറ്റോര്‍ണി ആയിരുന്നു പ്രൊഫസര്‍ മക്മുനിഗല്‍. 

പ്രതീക്ഷിക്കുന്ന ശിക്ഷ എന്ത്? 

രേഖകള്‍ തിരുത്തിയതിന് 34 കുറ്റങ്ങളാണ് ട്രംപ് നേരിടുന്നത്. ഓരോ കുറ്റത്തിനും 15 മാസം മുതല്‍ നാല് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. എന്നിരുന്നാലും, ഇത്തരം കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മിക്ക വ്യക്തികളും ഒരു വര്‍ഷത്തില്‍ താഴെയാണ് ശിക്ഷ അനുഭവിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിചാരണയുടെ സ്വാധീനം 

ട്രംപിന്റെ ശിക്ഷാ സാധ്യതകള്‍ കൃത്യമായി പ്രവചിക്കാന്‍ കഴിയില്ലെങ്കിലും, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തനിക്ക് അനുകൂലമാക്കുന്നതിന് അദ്ദേഹം ഈ കേസ് ഉപയോഗിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. തന്റെ രാഷ്ട്രീയ ജീവിതം  അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഡെമോക്രാറ്റിക് പ്രചാരണത്തിന്റെ ഇരയായി ട്രംപ് സ്വയം വിശേഷിപ്പിക്കുമെന്ന് വെസ്റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയിലെ നിയമ പ്രഫസര്‍ ജോനാഥന്‍ എല്‍ എന്റിന്‍ അഭിപ്രായപ്പെട്ടു. 

'താന്‍ വീണ്ടും പ്രസിഡന്റാകുന്നത് തടയാനുള്ള ഗൂഢ ശ്രമത്തിന്റെ തെളിവാണിതെന്ന് ട്രംപ് അവകാശപ്പെടുന്നത് തുടരും. മാന്‍ഹട്ടന്‍ പ്രോസിക്യൂട്ടര്‍ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസുമായി സഹകരിക്കുന്നുവെന്നും വിചാരണ ജഡ്ജി പക്ഷപാതപരമാണെന്നും അദ്ദേഹം വാദിക്കും. ഈ അവകാശവാദങ്ങള്‍ മാസങ്ങളായി ട്രംപ് ആവര്‍ത്തിക്കുന്നതാണ്.'- ട്രംപിന് ജയില്‍വാസം ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്ന എന്റിന്‍ പറയുന്നു.

കൂടാതെ, ട്രംപ് ശിക്ഷിക്കപ്പെട്ടാലും, റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കുന്നതിനോ രാജ്യവ്യാപകമായി ബാലറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നതിനോ ഇത് തടസ്സമാകില്ലെന്നും എന്റിന്‍ ഊന്നിപ്പറഞ്ഞു. ഒന്നാം ലോകമഹായുദ്ധത്തില്‍ അമേരിക്കയുടെ ഇടപെടലിനെ വിമര്‍ശിച്ചതിന് ഫെഡറല്‍ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ, 1920-ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി യൂജിന്‍ ഡെബ്‌സിന്റെ ചരിത്രപരമായ ഉദാഹരണം അദ്ദേഹം ഉദ്ധരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com