വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് മെമ്മോറിയൽ ഡേ ആഘോഷിച്ചു

Mail This Article
ഫിലഡൽഫിയ ∙ വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ കൗൺസിൽ മെയ്‌മാസം ഇരുപത്തിയാറാം തീയതി, ഞായറാഴ്ച മെമ്മോറിയൽ ഡേ ആഘോഷിച്ചു. ഹണ്ടിങ്ടൺ വാലിയിലുള്ള സെയിന്റ് മേരീസ് ഓർത്തഡോൿസ് ചർച്ച് ഹാളിൽ വച്ചാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.
രാജ്യത്തിന്റെയും അതിന്റെ മൂല്യങ്ങളുടെയും സംരക്ഷണത്തിനായി ജീവൻ ബലിയർപ്പിച്ച ധീര പുരുഷന്മാരെയും വനിതകളെയും ആദരിച്ചുകൊണ്ടു പ്രൊവിൻസിന്റെ എല്ലാ അംഗങ്ങളും ഒരു നിമിഷം മൗന പ്രാർത്ഥന നടത്തി ഈ ദിനത്തിൽ അവരെ അനുസ്മരിച്ചു.

ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതം അർപ്പിച്ചു. പ്രൊവിൻസിന്റെ പ്രസിഡന്റ് നൈനാൻ മത്തായി അധ്യക്ഷ പ്രസംഗം നടത്തി. പ്രൊവിൻസ് വിഭാവനം ചെയ്തിരിക്കുന്ന നിർധനരായ യുവതീ യുവാക്കളുടെ സമൂഹ വിവാഹത്തെക്കുറിച്ചും അതിന്റെ പൂർത്തീകരണത്തിനായി അക്ഷീണം പരിശ്രമിക്കുന്ന എല്ലാ അംഗങ്ങളെയും പ്രകീർത്തിച്ചു. ചെയർമാൻ മറിയാമ്മ ജോർജ്, വൈസ് ചെയർപേഴ്സൺ ജോർജ് നടവയൽ, വൈസ് പ്രസിഡന്റ് ജോസ് ആറ്റുപുറം എന്നിവർ മെമ്മോറിയൽ ഡേയും അതിന്റെ അനുസ്മരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും യോഗത്തിൽ വിശദീകരിച്ചു.
ജൂൺ എട്ടാംതീയതി വൈകിട്ട് നാലുമണിമുതൽ മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേയുടെ ആഘോഷ പരിപാടികൾ ആരംഭിക്കും. ഫിലാഡൽഫിയയിലെ വിശിഷ്ട അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുയോഗം നാലുമണി മുതൽ അഞ്ചു മണിവരെയും അഞ്ചു മണിമുതൽ എട്ടുമണിവരെ വിവിധ ആർട്ടിസ്റ്റുകളുടെ കലാസാംസ്കാരിക വിരുന്നിനും വേദി സാക്ഷിയാകും. പ്രോഗ്രാം കോഓർഡിനേറ്റർ ഷൈലാ രാജന്റെ നേതൃത്വത്തിൽ പ്രഫഷനൽ നർത്തകരുടെ ഡാൻസ്‌ഫെസ്റ്റും ഗായകരുടെ സംഗീത സന്ധ്യയും കോർത്തിണക്കി കലാസാംസ്‌കാരിക വിരുന്നിനു വർണ്ണശബളമേകും. ആഘോഷ പരിപാടികളുടെ പൂർണ വിജയത്തിനായി ജെയിംസ് പീറ്റർ, തങ്കച്ചൻ സാമുവേൽ, പ്രസാദ് ബേബി, ആലിസ് ആറ്റുപുറം എന്നിവരുടെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റികൾ ക്രമീകരണങ്ങൾ ഏകോപിക്കുന്നു.

മെമ്മോറിയൽ ഡേയുടെ ആഘോഷങ്ങളുടെ സമാപനത്തിൽ ചെയർമാൻ മറിയാമ്മ ജോർജ്, വൈസ് പ്രസിഡന്റ് ജോസ് ആറ്റുപുറം, പ്രൊവിൻസിന്റെ അംഗങ്ങളായ നിർമല തോമസ്കുട്ടി, ലാലി ജെയിംസ് എന്നിവരുടെ ജന്മദിനം ആശംസകൾ അറിയിച്ചും കേക്ക് മുറിച്ചും തദവസരത്തിൽ അവരെ ആദരിച്ചു. ട്രഷറാർ തോമസ്കുട്ടി വര്ഗീസ് നന്ദി അർപ്പിച്ചു. അത്താഴ വിരുന്നോടും സമാപന പ്രാർഥനയോടുംകൂടി ആഘോഷ പരിപാടികൾ രാത്രി എട്ടുമണിയോടെ പര്യവസാനിച്ചു.
(വാർത്ത ∙ നൈനാൻ മത്തായി)