മുട്ടത്തു വർക്കി സാഹിത്യ പുരസ്കാരം ഡോ. ആൻസി ഭായ്ക്ക്
Mail This Article
ന്യൂയോർക്ക് /തിരുവനന്തപുരം ∙ മുട്ടത്തു വർക്കി ജനപ്രിയ സാഹിത്യ പുരസ്കാരം ഡോ. ആൻസി ഭായ്ക്ക് സമർപ്പിച്ചു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഒളിമ്പിയ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രഫ. ഡോ. മാത്യൂ ജെ. മുട്ടം അവാർഡ് സമ്മാനിച്ചു. വയനാ സംസ്കാരത്തിന് ജീവൻ നൽകി മലയാള മനസ്സുകൾക്ക് ഉത്സാഹം പകർന്ന എഴുത്തുകാരനാണ് മുട്ടത്തു വർക്കി എന്ന് പ്രഫ.ഡോ. മാത്യൂ പറഞ്ഞു. ഒരു കാലത്ത് പൈങ്കിളിക്കഥകൾ എന്ന പേരു ചാർത്തപ്പെട്ട മുട്ടത്തുവർക്കി രചനകൾ, ഇന്ന് വിവിധ യൂണിവേഴ്സിറ്റികളിൽ, കൾച്ചറൽ സ്റ്റഡീസിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ച് നിരവധി ഗവേഷണ പ്രബന്ധങ്ങളും രചിക്കപ്പെടുന്നു.
അവാർഡ് ജേതാവ് ഡോ. ആന്‍സി ഭായ്, മലയാളം സർവകലാശാലയിൽ ജോലി ചെയ്യുന്നു. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ താരതമ്യ സാഹിത്യത്തില്‍ അതിഥി അധ്യാപികയാണ്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് താരതമ്യ സാഹിത്യത്തില്‍ പിഎച്ച്ഡി ബിരുദം നേടി. ‘മലയാളത്തിലെ ജനപ്രിയ സാഹിത്യവും വായനാ സംസ്കാരവു’മായിരുന്നു ഗവേഷണ വിഷയം.
സാഹിതീ സംഗമവേദിയുടെ നാലാം വാർഷികത്തോടനുബന്ധിച്ചാണ് മുട്ടത്തു വർക്കീ ജനപ്രിയ സാഹിത്യ പുരസ്കാര സമർപ്പണം സംഘടിപ്പിച്ചത്. ഗീവർഗീസ് ഇട്ടിച്ചെറിയ അധ്യക്ഷനായിരുന്നു. ഡോ. സിന്ധു ചെറിയാൻ സ്വാഗതം ആശംസിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സി.ആർ. ദാസ് ഉദ്ഘാടനം ചെയ്തു. മാധവിക്കുട്ടി സ്മാരക പ്രഭാഷണം അഡ്വ. രതീ ദേവിയും മാധവിക്കുട്ടി സ്മാരക കവിതാ അവാർഡ് സമർപ്പണം ജയചന്ദ്രൻ മൊകേരിയും നിർവഹിച്ചു. അവാർഡ് ജേതാക്കളായ ഡോ. ആൻസി ഭായ്, തുളസീധരൻ ചാങ്ങമണ്ണിൽ, ദിവ്യ ദേവയാനി, സരോജിനി ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.
വിവരങ്ങൾക്ക് കടപ്പാട് മുട്ടത്തു വർക്കീ സാഹിത്യ പ്രവർത്തക അന്ന മുട്ടം, ന്യൂയോർക്ക്.