ADVERTISEMENT

ഹൂസ്റ്റണ്‍∙ മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതിന്  നരേന്ദ്ര മോദി തയ്യാറെടുക്കുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി യുഎസ്. മോദിയുടെ കീഴില്‍ ഇന്ത്യയില്‍ മനുഷ്യാവകാശം ലംഘിക്കപ്പെടുന്നു എന്ന പരാതി തുടര്‍ച്ചയായി ഉന്നയിക്കുമ്പോഴും ഇന്ത്യയുമായി അടുത്ത ബന്ധമാണ് ബൈഡന്‍ ഭരണകൂടം പുലര്‍ത്തുന്നത്. 

തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി മനുഷ്യാവകാശ ആശങ്കകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുമെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.  എന്നാല്‍ ഇതൊന്നും പരസ്പരമുള്ള സഹകരണത്തെ ബാധിക്കില്ലെന്ന വിശ്വാസമാണ് യുഎസ് പുലര്‍ത്തുന്നത്. 'യുഎസും ഇന്ത്യയും തമ്മില്‍ അടുത്ത പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് വക്താവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗവണ്‍മെന്‍റ് തലത്തിലും ജനങ്ങള്‍ക്കിടയിലും പരസ്പര ധാരണയുണ്ടെന്നും ഊഷ്മളമായ ബന്ധം തുടരുന്നതില്‍ ഇതു സഹായിക്കുന്നുവെന്നുമാണ് യുഎസ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. 

ഒരു കഴിഞ്ഞ വര്‍ഷം, മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍, അർധചാലകങ്ങള്‍, നിര്‍ണായക ധാതുക്കള്‍, സാങ്കേതികവിദ്യ, പ്രതിരോധം, ബഹിരാകാശ സഹകരണം എന്നിവയില്‍ ഇരു രാജ്യങ്ങളും നിരവധി കരാറുകള്‍ പ്രഖ്യാപിച്ചിരുന്നു. പരസ്പര സഹകരണത്തിന്‍റെയും സമവായത്തിന്‍റെയും പാത പിന്തുടരുമ്പോഴും ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെയും മാധ്യമ സ്വാതന്ത്ര്യത്തിന്‍റെയും വിഷയങ്ങള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഉയര്‍ത്തുമെന്നും യുഎസ് പറയുന്നു. 

മനുഷ്യാവകാശ ആശങ്കകളുമായി ബന്ധപ്പെട്ട് വാഷിങ്‌ടനിൽ നിന്ന് ഇടയ്ക്കിടെ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ചൈനയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പങ്കാളിത്തം അനിവാര്യമാണെന്ന് യുഎസ് കരുതന്നു. അതുകൊണ്ടുതന്നെ പൊതു വിമര്‍ശനങ്ങളില്‍ ഇവര്‍ സംയമനം പാലിക്കുകയും ചെയ്യുന്നുണ്ട്. 

'മനുഷ്യാവകാശങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കകളുണ്ടെങ്കില്‍, ഞങ്ങള്‍ അത് തുറന്ന് പ്രകടിപ്പിക്കുക തന്നെ ചെയ്യും. ഞങ്ങള്‍ അത് ഇന്ത്യന്‍ സര്‍ക്കാരിനോട് നേരിട്ട് തന്നെയാണ് പ്രകടിപ്പിക്കുന്നത്. മറ്റ് രാജ്യങ്ങളുമായി ചെയ്യുന്നതുപോലെ ഞങ്ങള്‍ അത് തുടരും.' - സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് വക്താവ് വ്യക്തമാക്കി. 

തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവല ഭൂരപക്ഷം നഷ്ടമായെങ്കിലും മുന്നണിക്ക് ഭൂരപക്ഷം ലഭിച്ചതിനാല്‍ നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി മോദിക്ക് പല വിട്ടുവീഴ്ചകളും ചെയ്യേണ്ടതായി വരും എന്നാണ് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ കരുതുന്നത്. 

English Summary:

Will strengthen ties with India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com