ഹിലറിക്കെതിരെ ട്രംപ് നടത്തിയ ആക്രമണം തിരിച്ചടിയാകുന്നു
Mail This Article
ഹൂസ്റ്റണ്‍ ∙ കേസുകളുടെ പട്ടിക നീളുമ്പോള്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആശങ്കയിലാണ്. കേസുണ്ടെങ്കിലും ശിക്ഷിക്കപ്പെട്ടാലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം. കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ മുന്‍ യുഎസ് പ്രസിഡന്റായി മാറിയ ഡോണള്‍ഡ് ട്രംപ്, കുറ്റാരോപണം നേരിടുന്ന സ്ഥാനാർഥിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അനുവദിക്കുന്നതിനെതിരെ മുന്‍പ് രംഗത്തു വന്നതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.
2016ല്‍ മുന്‍ പ്രഥമ വനിത ഹിലറി ക്ലിന്റനെതിരെ മത്സരിച്ചപ്പോള്‍, നീതിന്യായ വകുപ്പിന്റെ അന്വേഷണത്തെക്കുറിച്ചാണ് ട്രംപ് അന്ന് രംഗത്തുവന്നത്. നെവാഡയിലെ റെനോയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം അന്ന് ഇതു പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വികാരപരമായാണ് അന്ന് ട്രംപ് ഹിലറിക്കെതിരേ രംഗത്ത് വന്നത്. 'പ്രിയപ്പെട്ടവരേ, എന്റെ ജനങ്ങളെ... അവരെ മത്സരിക്കാന്‍ അനുവദിക്കരുത്' - അന്ന് അദ്ദേഹം റാലിയില്‍ പങ്കെടുത്തവരോട് പറഞ്ഞത് ഇങ്ങനെയാണ്. 2016 നവംബറിലെ തിരഞ്ഞെടുപ്പിന് മുന്‍പ് നിരവധി റാലികളില്‍ ഹിലറിക്കെതിരെ ട്രംപ് സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
ഹിലറി ക്ലിന്റണ്‍ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഒരു സ്വകാര്യ ഇമെയില്‍ സെര്‍വറില്‍ ക്ലാസിഫൈഡ് ഇമെയിലുകള്‍ കൈകാര്യം ചെയ്തതിന് അന്വേഷണം നേരിടേണ്ടി വന്നിരുന്നു. ''അമേരിക്കന്‍ ജനതയ്ക്കായി ആദ്യ ദിവസം മുതല്‍ നന്നായി പ്രവര്‍ത്തിക്കാൻ കഴിയുന്ന സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ആവശ്യമാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകുന്ന ക്രിമിനല്‍ അന്വേഷണത്തിലെ പ്രധാന പ്രതിയായ ഹിലറി ക്ലിന്റന്റെ നേതൃത്വത്തില്‍ അത് അസാധ്യമാണ്. ''- ട്രംപ് അന്ന് പറഞ്ഞു.
ഹിലറിക്കെതിരെ അന്ന് അതിരൂക്ഷമായ പ്രതികരണങ്ങളാണ് ട്രംപ് നടത്തിയത്. ഹിലരി ജയിക്കുകയാണെങ്കില്‍ അവരുടെ ഇപ്പോഴത്തെ അഴിമതികളും വിവാദങ്ങളും അവരുടെ പ്രസിഡന്റ് പദവിയിലുടനീളം തുടരുമെന്നും അവര്‍ക്ക് നമ്മുടെ രാജ്യം ഭരിക്കാനോ നയിക്കാനോ കഴിയുന്നത് പ്രായോഗികമായി അസാധ്യമാക്കുമെന്നും ട്രംപ് ആരോപിച്ചിരുന്നു.