വിൻസർ മലയാളി അസോസിയേഷന് നവ സാരഥികൾ
Mail This Article
വിൻസർ ∙ വിൻസർ മലയാളി അസോസിയേഷന്റെ 2024-ലെ ഭാരവാഹികളായി ജസ്റ്റിൻ മാത്യു (പ്രസിഡന്റ്), ബിൻസൺ ജോസഫ് (ജനറൽ സെക്രട്ടറി), ഇസിദോർ ജോസ് (ട്രഷറർ), ലിയൊ ജോൺ (വൈസ് പ്രസിഡന്റ്), മനു ഏബ്രഹാം (ജോയിന്റ് സെക്രട്ടറി), തോമസ് കറുകകുറ്റിയിൽ (ജോയിൻറ് ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പ്രോഗ്രാം കോർഡിനേറ്റേഴ്‌സായി സ്മിത് ഏബ്രഹാം, അനിഷ് ഏബ്രഹാം, ജൂബൻ മാത്യു എന്നിവരും യൂത്ത് കോർഡിനേറ്റേഴ്‌സായി വൈശാഗ് മധുസൂദൻ, സണ്ണി റ്റോറസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
മനു വർഗീസ്, സാനു ജേക്കബ്, ഇല്ലം ബിജോയ്, ഡെന്നി ഡെസ്റ്റിനോൾഡ്, ബിനില തോമസ് എന്നിവരെ ഉൾപ്പെടുത്തി വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. വിൻസർ മലയാളി അസോസിയേഷന്റെ 2024 വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി കമ്മറ്റി പ്രവർത്തങ്ങൾ ആരംഭിച്ചു.
ഇപ്പോൾ നിരവധി മലയാളി കുടുംബങ്ങളും വിദ്യാർഥികളുമാണ് വിൻസറിലേക്ക് പ്രവാസികളായി എത്തിച്ചേരുന്നത്. എന്നാൽ വിൻസറിൽ തൊഴിൽ സാധ്യതകൾ കുറവായതിനാൽ ഇവർക്ക് പല ജീവിത പ്രശ്നങ്ങളും പ്രതിബന്ധങ്ങളും നേരിടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇങ്ങനെയുള്ളവരെ സഹായിക്കുന്നതിനായി ഗവൺമെന്റുമായി കൂടിച്ചേർന്ന് ജോബ് ഫെയർ സംഘടിപ്പിക്കുമെന്ന് ജസ്റ്റിൻ മാത്യു അറിയിച്ചു. അതോടൊപ്പം പുതിയ തലമുറക്ക് നമ്മുടെ ഭാഷയും സംസ്കാരവും പരിചയപ്പെടുത്തുന്നതിനും അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുമായി ഡബ്ലിയു എം എ (WMA) വോയിസ് എന്ന പേരിൽ ഒരു മലയാള പ്രസിദ്ധീകരണം ആരംഭിക്കും ഇതിന്റെ ചീഫ് എഡിറ്ററായി ഷീനത്ത് മാത്യുവിനെ നിയമിച്ചു. യുവജനങ്ങളെ ഉൾപ്പെടുത്തി സാമൂഹ്യ പ്രതിബദ്ധതയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും നടപ്പാക്കും. വിൻസർ മലയാളി അസോസിയേഷന്റെ പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്ക് ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.