ADVERTISEMENT

വീടുകളിൽ മാലിന്യസംസ്കരണത്തിനൊപ്പം ഊർജവും നൽകുന്നവയാണ് ബയോഗ്യാസ് പ്ലാന്റുകൾ. ദുർഗന്ധത്തിന്റെ പ്രശ്നങ്ങൾ ഒഴിവാക്കാം സാധാരണ വീടുമുറ്റത്തു നിന്നും മാറ്റിയാണ് ഇവ സ്ഥാപിക്കുക. എന്നാൽ വീടിനുള്ളിൽ ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചാലോ? 'അയ്യേ വീട്ടിനുള്ളിലോ ' എന്ന് പറയാന്‍ വരട്ടെ. ജംഷഡ്പൂര്‍ സ്വദേശിയായ ഗൗരവ് ആനന്ദ്‌ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചത് വീട്ടിലെ ബാല്‍ക്കണിയിലാണ്. ആദ്യമൊക്കെ ഒരു ഭ്രാന്തൻ ആശയമായിട്ടാണ് വീട്ടുകാർ പോലും ഇതിനെ കണ്ടത്. അയൽക്കാർ ദുർഗന്ധം പേടിച്ചു വഴക്കുണ്ടാക്കുകയും ചെയ്തു. മറ്റുചിലർ പരിഹസിച്ചു. എന്നാൽ അതുകൊണ്ടൊന്നും ഗൗരവ് തളർന്നില്ല. എന്നാൽ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതോടെ മാസാമാസമുള്ള എല്‍പിജി ബില്‍ കുത്തനെ കുറഞ്ഞു, ഒപ്പം ബാല്‍ക്കണിയില്‍  മനോഹരമായ പൂന്തോട്ടവും ഒരുങ്ങി.  

ഗാർഹിക മാലിന്യസംസ്കരണ പദ്ധതികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ കൂടിയാണ് ഗൗരവ്. അങ്ങനെയാണ് തന്റെ ജോലിയിലെ കഴിവുകള്‍ വീട്ടിലും ഫലപ്രദമായി ഉപയോഗിക്കാൻ തീരുമാനിച്ചത്. വീട്ടിനുള്ളിലെ മാലിന്യങ്ങള്‍ എങ്ങനെ ഫലപ്രദമായി നിവാരണം ചെയ്യാം എന്നാണ് പിന്നീട് അദ്ദേഹം ചിന്തിച്ചത്. ബയോഗ്യാസ് പ്ലാന്റ് എന്ന ആശയവും ഇങ്ങനെയാണ് വന്നത്. അടുക്കള മാലിന്യങ്ങള്‍ ആണ് ഈ ബയോഗ്യാസ് പ്ലാന്റില്‍ അദ്ദേഹം നിക്ഷേപിക്കുന്നത്. 

gaurav-biogas

ഒരുകിലോ ഭാരം വരുന്ന ഒരു പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ് അദ്ദേഹം ഒരുവര്‍ഷം മുന്‍പാണ് വീട്ടില്‍ സ്ഥാപിച്ചത്. സിലണ്ടര്‍ രൂപത്തിലുള്ള ഈ പ്ലാന്റില്‍ ഒരു കുഴലിലൂടെ ആണ് അടുക്കളമാലിന്യങ്ങള്‍ ഉള്ളിലെത്തിക്കുന്നത്. 80 കിലോ ചാണകവും വെള്ളവും പ്രാരംഭത്തില്‍ ഇത് തയാറാക്കാന്‍ ഉപയോഗിച്ചിരുന്നു. അഞ്ചു പേരുള്ള ഒരു കുടുംബത്തിനു ആവശ്യമായ പാചകഇന്ധനം ഈ പ്ലാന്റില്‍ നിന്നും യഥേഷ്ടം ലഭിക്കും. ദുർഗന്ധത്തിന്റെ പ്രശ്നവും ഉദിക്കുന്നില്ല. പ്ലാന്റിൽനിന്നും ലഭിക്കുന്ന വളം ഉപയോഗപ്പെടുത്താൻ ഒരു പൂന്തോട്ടവും ബാൽക്കണിയിൽ ഒരുക്കി. അങ്ങനെ വീട് ഒരു പൂങ്കാവനമായി മാറി. ആദ്യമാദ്യം ബാല്‍ക്കണിയിലെ ഈ പ്ലാന്റ് കണ്ടു അദ്‌ഭുതപ്പെട്ടവർ ഇപ്പോള്‍ തങ്ങള്‍ക്കും ഇതുപോലെ ഒന്ന് വേണമെന്ന് പറഞ്ഞു സമീപിക്കാറുണ്ടെന്നു ഗൗരവ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com