ADVERTISEMENT

കടലിൽ കൂണുപോലെ മുളച്ചു പൊങ്ങിയ ഏറുമാടങ്ങൾ. ഒറ്റ നോട്ടത്തിൽ ഏതോ റിസോർട്ടാണെന്ന് കരുതിയാൽ തെറ്റു പറയാനാവില്ല. എന്നാൽ നമ്മുടെ ഭവനസങ്കൽപങ്ങളെയെല്ലാം മാറ്റി മറച്ച് കൊണ്ട് സമുദ്രം ഒരു കൂട്ടം അഭയാർത്ഥികൾക്ക് വാസസ്ഥലമേകിയ മനോഹരമായ കാഴ്ചയാണിത്. മലേഷ്യൻ സമുദ്രത്തിൽ പൊയ്ക്കാൽ വീട് വച്ച് താമസിക്കേണ്ടി വന്ന ബജാവു അഭയാർത്ഥികളുടെ പാർപ്പിടങ്ങളാണിവ. 

bajavu-houses-malaysia

 

inside-bajavu-house

ഇവർ ഫിലിപ്പൈൻസിൽ  നിന്ന് എത്തിയവരാണ്. അഭയാർത്ഥി പദവി കാരണം മലേഷ്യൻ മണ്ണിൽ കാലുകുത്തുന്നതിൽ വിലക്കുണ്ട്. അതിനാൽ  ബജാവു ജനത പ്രധാന ഭൂപ്രദേശവുമായുള്ള ബന്ധം വിച്ഛേദിച്ച് കടലിൽ തുറന്ന പ്രദേശത്ത് നാടോടികളായി ജീവിക്കുകയാണ്.  കടലിനെ മാത്രം ആശ്രയിച്ച് കൊണ്ട് തിരമാലകൾക്ക് മുകളിൽ വീടുകൾ നിർമ്മിച്ച് ഒരു സമുദായം തന്നെ അവർ വാർത്തെടുത്തു. മലേഷ്യൻ ഫോട്ടോഗ്രാഫറായ എൻജി ചു കിയ പകർത്തിയ ചിത്രങ്ങളിലൂടെയാണ് ഇൗ സമുദ്ര വാസസമൂഹത്തെ പറ്റി പുറംലോകം അറിഞ്ഞത്.  

bajavu-house-malaysia-kids

 

ജലത്തിൽ പൊയ്ക്കാൽ നാട്ടി തടി കൊണ്ട് നിർമ്മിച്ച കുടിലുകളിലാണ് ബജാവു ജനത താമസിക്കുന്നത്. മത്സ്യബന്ധനമാണ് ഇവരുടെ ഉപജീവന മാർഗ്ഗം. അതിനു വേണ്ടിയുള്ള ബോട്ടും മറ്റു അനുബന്ധ സാമഗ്രികളും സ്വയം നിർമ്മിച്ചിട്ടുണ്ട്. മിനിറ്റുകളും മണിക്കൂറുകളും എണ്ണി ദിവസങ്ങൾ പാഴാക്കുന്നതിനു പകരം വേലിയേറ്റങ്ങളുടെ ചലനത്തിലൂടെയാണ് സമയം അളക്കുന്നത്. പുറം ലോകവുമായി വളരെ കുറച്ച് മാത്രം സമ്പർക്കത്തിലേർപ്പെടുന്ന ബജാവു സമൂഹം അത്യാവശ്യ സാധനങ്ങൾക്ക് വേണ്ടിയാണ് കടൽ വിട്ട് സഞ്ചരിക്കുന്നത്.

 

അറിവിന്റെ ലോകം അപ്രാപ്യമായ കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ വല നൽകുകയും മത്സ്യബന്ധനം പഠിപ്പിക്കുകയും ചെയ്യുന്നു. ദീർഘ സമയം വെള്ളത്തിൽ ചിലവിടുന്നതിനാൽ അവരുടെ കണ്ണുകൾക്ക് വെള്ളത്തിനടിയിലെ ചലനങ്ങൾ മനസിലാക്കാനുള്ള കഴിവുണ്ടത്രെ.  സമുദ്രത്തിൽ നമുക്ക് കണ്ടെത്തുവാൻ കഴിയാത്ത മത്സ്യങ്ങളും മറ്റും അടുത്തുള്ള പട്ടണമായ സെമ്പോർണയിൽ കൊണ്ടു പോയി വ്യാപാരം ചെയ്യും.  ശരിയായ വിദ്യാഭ്യാസം ലഭിക്കാത്തതിനാൽ കുട്ടികൾക്ക് സമുദ്ര സമുദായത്തിൽ നിന്ന് പുറത്ത് പോകുവാൻ അവസരമില്ലെന്ന് ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ എൻജി ചു കിയ പറയുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com