ട്രാവല്‍ ബ്ലോഗർമാരായ ജാക്കും ലോറനും തങ്ങളുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകള്‍ കൊണ്ട് മാത്രം സമ്പാദിക്കുന്നത് മാസം ലക്ഷങ്ങളാണ്. യുകെ സ്വദേശിയായ ജാക്ക് മോറിസും കാമുകി ഓസ്ട്രേലിയക്കാരി ലോറന്‍ ബുള്ളനും ബാലിയിലെ തങ്ങളുടെ സ്വപ്നഭവനം പണിതുയര്‍ത്തിയതും ഈ ഇൻസ്റ്റഗ്രാം വരുമാനം കൊണ്ടാണെന്ന് പറഞ്ഞാല്‍ മൂക്കത്ത് വിരല്‍ വയ്ക്കരുത്. അഞ്ചു മില്യന്‍ പേരാണ് (ജാക്കിനെ 2.7 മില്യൻ പേരും ലോറനെ 2.3 മില്യൻ പേരും) ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.
ലോകമെമ്പാടും സഞ്ചരിച്ചു ഇവര്‍ പോസ്റ്റ് ചെയ്യുന്ന മനോഹരചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. വൻകിട ട്രാവൽ ബ്രാൻഡുകളെ ഇൻസ്റ്റഗ്രാമിലൂടെ പ്രൊമോട്ട് ചെയ്താണ് വരുമാനം ഉണ്ടാക്കുന്നത്.

ഏഴു വർഷം മുന്‍പ് കാര്‍പറ്റ് ക്ലീനിംഗ് ജോലി ആയിരുന്നു ജാക്കിന്റെ ജോലി. സഞ്ചാരപ്രിയനായ താന്‍ ആ ജോലി വിട്ടത് നന്നായെന്നാണ് ഇപ്പോള്‍ ജാക്ക് പറയുന്നത്. 'ടൂ യു ട്രാവല്‍ ' എന്ന പേരിലാണ് ജാക്കിന്റെ പോസ്റ്റുകള്‍. ഒരിക്കലും ഇങ്ങനെ ഒരു വരുമാനം പ്രതീക്ഷിച്ചല്ല താന്‍ സഞ്ചാരി ആയതെന്നു ജാക്ക് പറയുന്നു. ജോലി ഉപേക്ഷിച്ചു രണ്ടു വർഷം കഴിഞ്ഞാണ് ഒരു ക്യാമറ വാങ്ങുന്നത് പോലും. യാത്രാവിവരണങ്ങള്‍ ആളുകള്‍ക്ക് നല്‍കിയാണ് ആദ്യം പോസ്റ്റുകള്‍ ജാക്ക് ആരംഭിച്ചത്. പിന്നെ എല്ലാം താനേ വന്നു ചേര്‍ന്നതാണ് എന്ന് ജാക്ക് പറയുന്നു. ശരാശരി 3000 ഡോളറാണ് ഒരു സ്‌പോൺസേർഡ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്നും ഇവർ സമ്പാദിക്കുന്നത്. അതായത് ഏകദേശം രണ്ടേകാൽ ലക്ഷം രൂപ! അപ്പോൾ ഏഴു വർഷത്തെ സമ്പാദ്യം ഊഹിക്കാമല്ലോ! ഒരു ആഡംബര വീട് പണിയാൻ ഇത് ധാരാളം.
2018ലാണ് ബാലിയിലെ പ്രകൃതിരമണീയമായ പ്രദേശത്തു ഇവര്‍ സ്ഥലം വാങ്ങി വീട് പണി ആരംഭിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ തങ്ങള്‍ തങ്ങിയിട്ടുള്ള വില്ലകളുടെയും റിസോര്‍ട്ടുകളുടെയും ആശയങ്ങള്‍ കടമെടുത്താണ് ഇരുവരും വീട് നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ ആഡംബരങ്ങളും ഒത്തുചേര്‍ന്നതാണ് ഈ വീട്. ലോറന്‍ ആണ് വീടിന്റെ ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്.

ബൊഹീമിയന്‍ ശൈലിയില്‍ ആണ് ഇന്റീരിയര്‍ വര്‍ക്കുകള്‍ മിക്കതും. ഇന്തോനേഷ്യയിലെ പ്രസിദ്ധമായ മണ്ടാല ഹൗസില്‍ നിന്നും ആശയം കടമെടുത്തതാണ് ഇവിടുത്തെ ലിവിംഗ് റൂം. ബാത്ത്റൂം ടൈലുകള്‍ മൊറോക്കോയില്‍ നിന്നും നിന്നും ഇറക്കുമതിചെയ്തു. യുകെയില്‍ നിന്നും 7,000 മൈലുകള്‍ അകലെ ബാലി പോലെ ഒരു ദ്വീപില്‍ ഒരിക്കലും ഒരു സ്വപ്നഭവനം പണിയുമെന്ന് താന്‍ സ്വപ്നം കണ്ടിരുന്നില്ല എന്ന് ജാക്ക് പറയുന്നു.

ഇതുവരെ വീടിന്റെ മതിപ്പുവില എത്രെയെന്നു ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ വീട് പണിയാനുള്ള മുഴുവന്‍ തുകയും തങ്ങള്‍ ഇരുവരും കൂടി ഇൻസ്റ്റഗ്രാമില്‍ നിന്നും സമ്പാദിച്ചു കൂട്ടിയതാതാണെന്ന് ജാക്കും ലോറനും ആണയിടുന്നു.

റോയല്‍ കരിബിയന്‍ ക്രൂസസ് , ഡിസ്നി , ടിഫാനി പോലെയുള്ള ബ്രാന്‍ഡുകള്‍ക്ക് വേണ്ടി വരെ ഇരുവരും ഇപ്പോള്‍ പോസ്റ്റുകള്‍ ചെയ്യാറുണ്ട്. തനിക്ക് വിശ്വസം വരുന്ന ബ്രാന്‍ഡുകള്‍ മാത്രമേ താന്‍ പ്രൊമോട്ട് ചെയ്യുന്നുള്ളൂ എന്നും ജാക്ക് പറയുന്നു. ഇപ്പോൾ തങ്ങളുടെ ഇൻസ്റ്റവിഡിയോകള്‍ ഷൂട്ട് ചെയ്യാനുള്ള ഒരിടം കൂടിയാണ് ഇവർക്ക് തങ്ങളുടെ വീട്.
English Summary- Travel Couples Built Luxury House from Instagram Earnings