ADVERTISEMENT

അമേരിക്കയിലെ മൻഹാട്ടൻ ബീച്ചില്‍ എത്തുന്നവർ ആശ്ചര്യത്തോടെ നോക്കുന്ന 'ഇമോജി വീട് ' ഒടുവില്‍ വിറ്റുപോയത് 1.55 മില്യന്‍ ഡോളറിന്. അതായത് ഏകദേശം 11.83 കോടി രൂപ.. പിങ്ക് നിറത്തിലുള്ള പെയിന്റ് പൂശിയ ഈ വീട് കഴിഞ്ഞ കുറെ നാളുകളായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പിങ്ക് നിറത്തിലുള്ള വീട്ടില്‍ ചുമരുകളിള്‍ വലിയ രണ്ട് ഇമോജികള്‍ വരച്ചു ചേര്‍ത്തതാണ് ഈ വീടിന്റെ പ്രത്യേകത. കടുംപിങ്ക് നിറവും ഇമോജികളും തന്നെയാണ് വീടിനെ ശ്രദ്ധേയമാക്കിയത്.

emoji-house-path

സതേണ്‍ കാലിഫോര്‍ണിയയിലെ മാന്‍ഹട്ടന്‍ ബീച്ചിലുള്ള വിവാദമായ ഈ വീട് ‘പിങ്ക് ഇമോജി ഹൗസ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്.  ഉടമ കാതറിന്‍ കിഡ് വീട് വാടകയ്ക്കു വച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. മാന്‍ഹട്ടന്‍ ബീച്ച് നഗരത്തിലെ നിയമത്തിന് വിരുദ്ധമായി ഹ്രസ്വകാലത്തേക്ക് വാടകയ്ക്ക് വീട് നല്‍കുന്നതിനായി ലിസ്റ്റ് ചെയ്തതാണ് കാരണമായത്. വീട് വാടകയ്ക്ക് നല്‍കുന്നതിനു പിഴയായി കാതറിന്‍ മൂന്നുലക്ഷത്തോളം രൂപ അടച്ചു. തുടര്‍ന്ന് ദീര്‍ഘകാലത്തേക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ ആ വീട് ഒന്നു പെയിന്റടിച്ച് ഭംഗിയാക്കാമെന്നു കരുതി.ഇതോടെ അയല്‍ക്കാര്‍ പരാതിയുമായി എത്തി കണ്ണുകളെ ഏറെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള നിറമാണ് കാതറിന്‍ നല്‍കിയതെന്നും തങ്ങളോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണതെന്നുമാണ് അയല്‍വാസികള്‍ പരാതിപ്പെട്ടത്. വീടിന്റെ ചുമരില്‍ ഇമോജികള്‍ ചിത്രീകരിച്ചത് തങ്ങളെ കളിയാക്കുന്നതിന്റെ ഭാഗമായാണെന്നും അവര്‍ ആരോപിച്ചു. തമാശ കലര്‍ന്ന ചിരിയോടെയുള്ള ഇമോജിയും വായയ്ക്കു മുകളില്‍ സിപ് ചെയ്ത വിധത്തിലുള്ള ഇമോജിയുമാണ് ചുമരില്‍ ഉണ്ടായിരുന്നത്. എന്നാല്‍ താന്‍ കലയെ സ്നേഹിക്കുന്നയാളും ഇമോജികള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടവയുമാണെന്നാണ് കാതറിന്റെ വാദം.

emoji-house

രണ്ടു കിടപ്പറകളും രണ്ടു ബാത്ത്റൂമുകളും ഉള്ള വീട് മാര്‍ച്ച്‌ 31 നാണ് 1.55 മില്യന്‍ ഡോളറിനു വിറ്റത്. ഇമോജി വീട് ഓണ്‍ലൈനില്‍ തരംഗമായതോടെ വീട്ടിലേക്ക് സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. വിനോദസഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ അയല്‍ക്കാര്‍ വീണ്ടും പരാതികളുമായി രംഗത്തെത്തി. ഇതോടെയാണ് വീട് വില്‍പനയ്ക്ക വെക്കാന്‍ കാതറിന്‍ തീരുമാനിച്ചത്. അയല്‍ക്കാരുമായുള്ള കലഹത്തെ തുടര്‍ന്ന് അവരെ കളിയാക്കാനാണ് വീട്ടുടമ ഇമോജികള്‍ വരച്ചത് എന്നാണ് മിക്കവരും കരുതുന്നത്. ഈ ഇമോജികള്‍ വരച്ച ആര്‍ടിസ്റ്റ് തന്റെ ഇൻസ്റ്റഗ്രാം പേജില്‍ 'ഹോട്ട് പിങ്ക് ഇമോജി ഹൗസ്' എന്ന ഹാഷ്ടാഗോടെ ഇതിന്റെ ചിത്രം പോസ്റ്റ്‌ ചെയ്തതോടെയാണ് സത്യത്തില്‍ ഈ വീട് ശ്രദ്ധ നേടിയത്. എന്നാല്‍ താന്‍ ആരെയും കളിയാക്കാനല്ല മറിച്ചു സന്തോഷസൂചകമായാണ് ഇത് വരപ്പിച്ചത് എന്നാണു ഉടമയുടെ പക്ഷം.

English Summary- Emoji House Sold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com