തുര്‍ക്കിയിലെ പ്രശസ്തമായ ഹഗിയ സോഫിയയെ അറിയാത്ത സഞ്ചാരികള്‍ കുറവാണ്. മനോഹരമായ വാസ്തുശിൽപ വൈഭവം കൊണ്ടുകൂടിയാണ് ഇത് സഞ്ചാരികളെ ആകർഷിച്ചിരുന്നത്. ആറാംനൂറ്റാണ്ടില്‍ നിര്‍മിച്ച ഹഗിയ സോഫിയ 1453ല്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ വരവോടെ മുസ്‌ലിം ആരാധനാലയമാക്കി മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് 1934 ല്‍ ഹഗിയ സോഫിയ മ്യൂസിയമായി പ്രഖ്യാപിച്ചു. എന്നാല്‍ ഇപ്പോള്‍ വീണ്ടും നിർമിതി ആരാധനാലയം ആയി മാറുകയാണ്.
തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ ആണ് ഇക്കാര്യം അറിയിച്ചത്. പൈതൃക പദവിയിലുള്ള കെട്ടിടം മുസ്‌ലിം ആരാധനാലയം ആക്കിമാറ്റണമെന്ന് എർദോഗൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ നീക്കത്തെ രാജ്യാന്തര സമൂഹവും അമേരിക്കയും ക്രിസ്ത്യൻ ഓർത്തഡോക്സ് നേതാക്കളും വിമർശിച്ചിരുന്നു.

എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജസ്റ്റീനിയൻ ചക്രവർത്തിയാണ് ദേവാലയം നിർമ്മിച്ചത്. ഗ്രീസിൽ നിന്നും ഈജിപ്റ്റിൽ നിന്നും സിറിയയിൽ നിന്നും ഇറക്കുമതി ചെയ്ത വിവിധ വർണങ്ങളിലുള്ള മാർബിൾ പാളികളുപയോഗിച്ചാണ് ഹഗിയ സോഫിയ നിര്‍മ്മിച്ചിരിക്കുന്നത് . പള്ളിയുടെ താഴികക്കുടവും മറ്റും ശിൽപവിദ്യയുടെ മികവുറ്റ മാതൃകയാണ്. 1931-ൽ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിലും ഈ കെട്ടിടം ഇടം പിടിച്ചിരുന്നു. നിലവില്‍ യു.എന്നിന്റെ പൈതൃക പട്ടികയില്‍ ഹാഗിയ സോഫിയ ഉള്‍പ്പെട്ടിട്ടുണ്ട്.
English Summary- Hagia Sophia Turned Mosque