sections
MORE

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വസതി; അമ്പരപ്പിക്കും ഈ കൊട്ടാരം

laxmi-vilas-palace-vadodara
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യവസതി എന്ന പദവിയുള്ളത് ഗുജറാത്തിലെ വഡോദരയിലെ ലക്ഷ്മി വിലാസ് പാലസിനാണ്.  700 ഏക്കറിൽ പരന്നു കിടക്കുകയാണ് ഈ പാലസ്. ഇനിയുമുണ്ട് സർപ്രൈസ്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗികവസതിയായ ബക്കിങ്ഹാം പാലസിന്റെ നാലിരട്ടി വലിപ്പമുണ്ട് ലക്ഷ്മിവിലാസ് പാലസിന്!...ബറോഡയിലെ പ്രമുഖ മറാത്ത രാജകുടുംബമായിരുന്ന ഗെയ്ക്വാദുകളാണ് ഇതിന്റെ ഉടമസ്ഥര്‍. 1890 ല്‍ ലക്ഷ്മി വിലാസ് കൊട്ടാരം നിര്‍മിച്ചത് ബറോഡ ഭരിച്ചിരുന്ന സായാജിറാവു ഗെയ്ക്വാദ് മൂന്നാമനാണ്.

പതിനെട്ടാം നൂറ്റാണ്ട് മുതൽ 1947 വരെ ബറോഡ ഭരിച്ചിരുന്നത് ഗെയ്ക്‌വാദുകൾ ആയിരുന്നു. ഗുജറാത്തിൽ അങ്ങോളമിങ്ങോളം അനേകം നിർമിതികൾ ഇവരുടേതായുണ്ട്. സ്മാര്‍ജിത്ത് സിങ് ഗെയ്ക്വാദ് ആണ് ഇപ്പോള്‍ ഈ പാലസിന്റെ ഉടമ.  ഇദേഹവും ഭാര്യ രാധികയും  മക്കളുമാണ് ഇപ്പോൾ ഇവിടെ പ്രധാനമായും താമസിക്കുന്നത്.

laxmi-vilas-palace-gaekwad-royal-family

ഇന്ത്യന്‍ ആര്‍ക്കിടെക്ചറും വിക്ടോറിയന്‍ ആര്‍ക്കിടെക്ചറും സമന്വയിപ്പിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 170 മുറികളുണ്ട് ഈ പാലസില്‍.  ഒരു നൂറ്റാണ്ട് മുന്‍പ് പണികഴിപ്പിക്കുമ്പോള്‍ പോലും ഏറ്റവും ആധുനിക സൗകര്യങ്ങള്‍ ഈ വീടിനു ഉണ്ടായിരുന്നു. ലിഫ്റ്റ്‌ പോലെയുള്ള സൗകര്യങ്ങള്‍ അക്കാലത്തു ഇവിടെയുണ്ടായിരുന്നു  എന്ന് പറഞ്ഞാല്‍ അതിശയിക്കാനില്ല. 

ടെലഫോണ്‍ എക്‌സ്‌ചേഞ്ച്, വൈദ്യുതി തുടങ്ങി അക്കാലത്തെ ഒരു കുലീന യൂറോപ്യന്‍ ഭവനത്തിലെ ആഡംബരങ്ങളെല്ലാം ഇതിനകത്ത് ഒരുക്കിയിരുന്നു. കാരിരുമ്പില്‍ തീര്‍ത്ത വിളക്കുമാടങ്ങള്‍ കൊട്ടാരത്തിലെവിടെയും കാണാം. 

lekshmi-palace-insiide

ആഗ്രയില്‍ നിന്നുള്ള വെട്ടുകല്ല്, പൂനയില്‍ നിന്നും കൊണ്ടുവന്ന ട്രാപ് സ്റ്റോണ്‍, രാജസ്ഥാനില്‍ നിന്നും ഇറ്റലിയില്‍ നിന്നും കൊണ്ടുവന്ന മുന്തിയ മാര്‍ബിളുകള്‍ തുടങ്ങിയവ നിര്‍മാണത്തിനുപയോഗിച്ചിട്ടുണ്ട്. ഇവിടുത്തെ സില്‍വര്‍ റൂം എന്നറിയപ്പെടുന്ന ഒരു മുറിയിലെ ചുവരുകളെല്ലാം വെള്ളി പൂശിയതാണ്.  മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പിങും വിശാലമായ ഉദ്യാനവും  പാലസിന്റെ അഴക് കൂട്ടുന്നുണ്ട്.

300 അടി ഉയത്തിലുള്ള ക്ലോക്ക് ടവറാണ് കൊട്ടാരത്തിന്റെ മറ്റൊരു പ്രത്യേകത. എന്നാൽ ഇതിലെ മണി ഇതുവരെ മുഴക്കിയിട്ടില്ല. കാരണം കൂറ്റൻ മണിയുടെ ശബ്ദം താമസക്കാർക്ക് ശല്യമാകുമെന്നത് തന്നെയാണ്. കൊട്ടാരത്തിൽ മഹാരാജാവുണ്ടെങ്കിൽ ഗോപുരത്തിൽ ഒരു ചുവന്ന പ്രകാശം തെളിഞ്ഞു നില്ക്കും. ഈ പാരമ്പര്യം ഇന്നും പിന്തുടരുന്നുണ്ട്.വിശാലമായ കൊട്ടാരവളപ്പിൽ ഒരു മ്യൂസിയം കൂടിയുണ്ട്. 

180,000 ബ്രിട്ടീഷ് പൗണ്ടുകളായിരുന്നു പാലസ് പണികഴിപ്പിച്ചപോള്‍ ചെലവായത്. സല്‍മാന്‍ ഖാന്‍ നായകനായ ‘പ്രേം രത്തന്‍ ധന്‍ പായോ’ അടക്കം നിരവധി ബോളിവുഡ് ചിത്രങ്ങള്‍ക്ക് കൊട്ടാരം വേദിയായിട്ടുണ്ട്.  വഡോദരയിലെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ലക്ഷ്മി വിലാസ് പാലസ്..

English Summary- Lekshmi Vilas Palace Vadodara

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA