അമ്പരപ്പിക്കുന്ന മെയ്ക് ഓവർ; ഹിറ്റായി നാരായണേട്ടന്റെ ചായക്കട! വിഡിയോ

SHARE

30 വർഷമായി ഈസ്റ്റ്ഹില്ലിൽ ചായയുടെ സ്പെഷൽ സ്വാദ് പകരുന്ന നാരായണേട്ടന്റെ ചായക്കടയും ഇപ്പോൾ സ്പെഷലായി മാറിയിരിക്കുകയാണ്. കടയിലെത്തുന്നവരെ വിഭവങ്ങളുടെ സ്വാദ് മാത്രമല്ല, വഴിയോര ചായക്കടയുടെ വമ്പൻ ‘മെയ്ക് ഓവറും’ അമ്പരിപ്പിക്കുന്നു. കുട്ടിക്കാലം മുതൽ കണ്ടുവളർന്ന ചായക്കട മിനുക്കിയെടുക്കണമെന്നു തീരുമാനിച്ച ഫ്രീലാൻസ് ആർക്കിടെക്ടായ നയീറ അലിയും സുഹൃത്ത് അന്ന മരിയ ലൂക്കോസുമാണ് ചായയ്ക്കൊപ്പം കടയുടെ ഡിസൈനും സ്പെഷലാക്കി മാറ്റിയത്.

ചായക്കടയിലെ വിപ്ലവം

യുഎസിൽ ആർക്കിടെക്ട് ആയിരുന്ന ഈസ്റ്റ്ഹിൽ സ്വദേശി നയീറ ലോക്ഡൗൺ കാലത്താണ് നാട്ടിലെത്തിയത്. സുഹൃത്തും അർബൻ പ്ലാനറുമായ അന്നയുമൊത്ത് ഫ്രീലാൻസായി പ്രവർത്തിക്കുന്നതിനിടയാണ് സാമൂഹികപ്രതിബദ്ധതയുള്ള എന്തെങ്കിലും ചെയ്യണമെന്നു തീരുമാനിച്ചത്. വീട്ടിലേക്കു പോകുന്ന വഴിയിലുള്ള നാരായണേട്ടന്റെ ചായക്കട വീണ്ടും നയീറയുടെ ശ്രദ്ധയിൽപെടുന്നത് ഇതിനിടെയാണ്. 3 പതിറ്റാണ്ടോളമായി കുരുവട്ടൂർ സ്വദേശികളായ പി.നാരായണന്റെയും ഭാര്യ നാരായണിയുടെയും ഉപജീവനമാർഗമാണ് കട. സ്കൂൾ പഠനകാലത്ത് സ്ഥിരം പോകുമായിരുന്ന ചായക്കട ഒന്നു ശരിയാക്കിയെടുത്താലെന്താ എന്നാണ് നയീറ ചിന്തിച്ചത്. ആശയം അന്നയോടും പങ്കുവച്ചു. ഇരുവരും ചായക്കടയെ ‘പ്രഫഷനലായി’ സമീപിക്കാമെന്നു തീരുമാനിച്ചു.

വെറും ചായക്കടകളല്ല

narayanettan-at-tea-stall

നാരായണേട്ടന്റെ കടയെ പ്രഫഷനലാക്കാൻ ഇവർ ചെയ്ത കാര്യങ്ങൾ കേൾക്കുമ്പോൾ ചായക്കടകൾ വെറും ചായക്കടകളല്ലെന്നു തോന്നിയേക്കാം. ഇതിനായി ഈസ്റ്റ്ഹിൽ, കാരപറമ്പ് പ്രദേശത്തുള്ള 4 വഴിയോരക്കടകൾ തിരഞ്ഞെടുത്ത് പഠിച്ചു. സുരക്ഷ, വൃത്തി, സ്ഥമില്ലായ്മ തുടങ്ങിയവയാണ് എല്ലായിടത്തേയും പ്രശ്നമെന്നു മനസ്സിലാക്കി. അതനുസരിച്ച് ആധുനിക ഡിസൈനും തയാറാക്കി. ഒടുവിൽ നാരായണേട്ടനോടു സംസാരിച്ച് കടയുടെ മുഖം മിനുക്കാമെന്നു തീരുമാനിച്ചു.

എന്നാൽ, വഴിയോരക്കടകൾ അങ്ങനെയൊന്നും നവീകരിക്കാൻ സാധിക്കില്ല. കോർപറേഷന്റെയും ടൗൺ പ്ലാനിങ് വിഭാഗത്തിന്റെയുമൊക്കെ അനുമതി വേണം. ഇതിനായി വാർഡ് കൗൺസിലർ എം.ശിവപ്രസാദ് മുതൽ മേയർ ബീന ഫിലിപ്പ് വരെയുള്ളവരോട് തങ്ങളുടെ പദ്ധതിയെക്കുറിച്ചു സംസാരിച്ചു. വഴിയോരക്കച്ചവടങ്ങൾക്കു കോർപറേഷന്റെ കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും അതനുസരിച്ച് വേണം കടകൾ നിർമിക്കേണ്ടതെന്നും മനസ്സിലാക്കിയ നയീറയും അന്നയും ഡിസൈൻ തയാറാക്കി. ഒരു ലക്ഷം രൂപയിൽ കൂടുതൽ ചെലവ് വരുന്ന നിർമാണം പികെ ഗ്രൂപ്പ് സിഎസ്ആർ പ്രവർത്തനമായി ചെയ്യാമെന്നേറ്റു.

കോംപാക്ട് ഡിസൈൻ

കസേരകളുൾപ്പെടെ ഒട്ടേറെ സാധനങ്ങൾ ഒരുമിച്ചു സൂക്ഷിക്കാവുന്ന കോംപാക്ട് ഡിസൈനും സുരക്ഷാ സംവിധാനങ്ങളുമാണ് കടയുടെ പ്രത്യേകത. കോൺക്രീറ്റ് ബേസ്മെന്റുമൊരുക്കി. മാലിന്യ നിർമാർജനത്തിനും പ്രത്യേകം സംവിധാനമൊരുക്കി. വൈദ്യുതിക്കായി സോളർ പാനലും കടയ്ക്കു മുകളിൽ സ്ഥാപിച്ചിട്ടുണ്ട്.

ഒരു മാസം കൊണ്ട് നിർമാണം പൂർത്തീകരിച്ചു. കോഴിക്കോട് മേയർ ബീന ഫിലിപ്പാണ് കട ഉദ്ഘാടനം ചെയ്തത്. നയീറയും അന്നയും വഴിയോരക്കടകൾക്കായി തയാറാക്കിയ ഡിസൈൻ കോർപറേഷൻ ഏറ്റെടുക്കാനൊരുങ്ങുകയാണ്. ബീച്ചിലെ നൂറോളം തട്ടുകടകൾക്കായി ഇത്തരമൊരു ഡിസൈൻ തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് എന്നാൽ ഒത്തൊരുമയുടെ ഇടമാണെന്നും വഴിയോരക്കടകൾക്ക് അതിൽ വലിയ പങ്ക് വഹിക്കാനുണ്ടെന്നും ഇരുവരും പറയുന്നു. വൃത്തിയുള്ള, സുരക്ഷയുള്ള കടകൾ നഗരത്തിന്റെ മുഖഃഛായ മാറ്റുമെന്നും ഇവർ വിശ്വസിക്കുന്നു.

ചിത്രങ്ങൾ, വിഡിയോ- വിധുരാജ് 

English Summary- Tea Stall Renovated with Solar; Tea Stall Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'പ്രിയപ്പെട്ട ചിത്ര ചേച്ചിക്കായി ഈ പാട്ട്'; പിറന്നാൾ സമ്മാനവുമായി രാജലക്ഷ്മി

MORE VIDEOS
FROM ONMANORAMA