ADVERTISEMENT

കുതിച്ചുയരുന്ന വൈദ്യുതി ബില്ലുകൾക്കായി വരുമാനത്തിന്റെ വലിയൊരു ഭാഗവും നീക്കിവയ്‌ക്കേണ്ടിവരുന്നതോടെ വൈദ്യുതി ഉൽപാദനത്തിനായി സൗരോർജ്ജത്തെ ആശ്രയിക്കുന്നവർ ഇപ്പോൾ നിരവധിയാണ്. എന്നാൽ വീട്ടാവശ്യത്തെക്കാൾ കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പാനലുകളാണ് വിപണിയിൽ സുലഭമായി ഉള്ളത്. ഇതിനായി വൻ തുകയും ചിലവാക്കേണ്ടി വരുന്നുണ്ട്. ഈ പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിൽ വീട്ടാവശ്യത്തിന് ഉപയോഗിക്കാവുന്ന തരത്തിൽ സോളർ കിറ്റുകൾ ഉൽപാദിപ്പിച്ച് ശ്രദ്ധ നേടുകയാണ് ചണ്ഡീഗഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാർതെക് സോളർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി.

hartek

പഞ്ചാബ് സ്വദേശിയായ സിമർപ്രീത് സിംഗാണ് ഇത്തരമൊരു ആശയം പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്. സാധാരണ എല്ലാ കമ്പനികളും 10 കിലോവാട്ട് സോളർപാനലുകളാണ് ഇൻസ്റ്റാൾ ചെയ്തുനൽകുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഹാർതെക് സോളർ കമ്പനിയുടെ പ്രതിനിധി ആദ്യം ആവശ്യക്കാരുടെ വീടുകളിലെത്തി സ്ഥിതിഗതികൾ നേരിട്ട് പരിശോധിക്കുന്നു. ഓരോ വീടിന്റെയും വൈദ്യുതി ഉപയോഗവും ബജറ്റും മനസ്സിലാക്കിയശേഷം അതിനനുസരിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുന്ന സോളർപാനലുകൾ റൂഫ് ടോപിൽ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. അതായത് രണ്ടോ മൂന്നോ കിലോവാട്ട് സോളാർപാനലുകൾ കൊണ്ട് ഒരു വീട്ടിലെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാനാകുമെങ്കിൽ അത്തരത്തിലുള്ള പാനലുകൾ പ്രത്യേകമായി നിർമ്മിച്ച് നൽകും .

solar-panel

സാധാരണ ഇൻസ്റ്റലേഷൻ പോലെ തന്നെ സോളർ പാനലുകളും ഇൻവർട്ടറും വയറുകളും തന്നെയാണ് വേണ്ടിവരുന്നത്. ഓർഡർ ലഭിച്ചു കഴിഞ്ഞാൽ 10 മുതൽ 20 ദിവസത്തിനുള്ളിൽ ഇൻസ്റ്റലേഷൻ പൂർത്തിയാകും. വലിയ കമ്പനികളിൽ ഇൻസ്റ്റലേഷൻ നടത്തുന്നതിന് ഒരു മാസത്തിനടുത്ത് സമയം വേണ്ടിവരും.

ഒരു കിലോവാട്ട് പീക് സിസ്റ്റം സ്ഥാപിക്കുന്നതിന് 50,000 മുതൽ 55000 രൂപ വരെയാണ് നികുതിയടക്കം ചെലവാകുന്നത്. സോളർ കിറ്റുകൾ സ്ഥാപിച്ച ശേഷം ഉപഭോക്താക്കളുടെ വീട്ടിലെ വൈദ്യുതി നിരക്കുകൾ കുത്തനെ താഴ്ന്നതായി സിമർപ്രീത് സിംഗ് പറയുന്നു. ഇൻസ്റ്റലേഷൻ നടത്തിയശേഷം മൂന്നുമാസത്തിനുള്ളിൽ വൈദ്യുതി ചാർജ്ജ് പൂജ്യം ആയ അനുഭവങ്ങളുമുണ്ട്.

ഓരോ വീടിനും സുസ്ഥിരമായ വൈദ്യുതിയും ശുദ്ധജലവും സ്വയം ഉത്പാദിപ്പിക്കാൻ സാധിക്കണമെന്ന ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ വാക്കുകളാണ് ഇത്തരമൊരു ഒരു ആശയത്തിലേക്ക് തന്നെ എത്തിച്ചത് സിമർപ്രീത് പറയുന്നു. 2017 ലാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. സൗരോർജ്ജ രംഗത്തെ പ്രവർത്തനങ്ങളിലൂടെ ഫോർബ്സ് മാഗസിന്റെ '30 അണ്ടർ 30 'ഏഷ്യ ലിസ്റ്റിൽ സിമർപ്രീത് ഇടംനേടിയിരുന്നു.

English summary- Plug Play solar home; sustainable energy home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com