പോര് മുറുകുന്നു; ലോകത്തെ ഉയരമേറിയ ഹോട്ടൽ-ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ ദുബായ്!

ciel-tower-dubai
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ആകാശവിസ്മയങ്ങളുടെ നാടാണ് ദുബായ്. തലപ്പൊക്കത്തിൽ എന്നും ഒന്നാമത് നിൽക്കണം എന്ന് ഈ നാട്ടിലെ ഭരണാധികാരികൾക്ക് നിർബന്ധമുള്ളതുപോലെ തോന്നും ഇവിടെയുള്ള അംബരചുംബികളുടെ കണക്കെടുത്താൽ. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫ മുതൽ എത്രയെത്ര വിസ്മയങ്ങൾ. അടുത്തിടെ വരെ ലോകത്തെ ഏറ്റവും ഉയരമുള്ള ഹോട്ടലും ദുബായിലെ ഗവോറ ഹോട്ടലായിരുന്നു. എന്നാൽ ഇപ്പോൾ ചൈനയിലെ ഷാങ്ഹായിയിലെ 'ജെ ഹോട്ടൽ' ആ സ്ഥാനം കരസ്ഥമാക്കി.  ലോകത്തെ രണ്ടാമത്തെ ഉയരമേറിയ കെട്ടിടമായ ഷാങ്ഹായ് ടവറിലെ (ഉയരം 642 മീറ്റർ)  120 ാം നിലയിൽ അടുത്തിടെയാണ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്.

j-hotel-shanghai
ജെ ഹോട്ടൽ ഷാങ്ഹായ്

എന്നാൽ വിട്ടുകൊടുക്കാൻ ദുബായ് തയാറല്ല. ജെ ഹോട്ടലിനെ മറികടന്ന് ഒന്നാം സ്ഥാനം 2023 ൽ തിരിച്ചു പിടിക്കാനുള്ള പണിപ്പുരയിലാണ് ദുബായ്.  മറീന ഡിസ്ട്രിക്ടിന് സമീപം നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന സീൽ ടവറിനാകും അന്ന് ലോകത്തെ ഉയരമേറിയ ഹോട്ടൽ എന്ന കിരീടം.

ciel-tower
സീൽ ഹോട്ടലിന്റെ 3D രൂപം

നിർമാണം പൂർത്തിയാകുമ്പോൾ സീൽ ടവറിന്റെ ഉയരം 360.4 മീറ്റർ ആയിരിക്കും. 82 നിലകളിലായി 1042 മുറികൾ ഉൾപ്പെടുത്തിയാണ് അംബരചുംബി ഒരുങ്ങുന്നത്. ദ ഫസ്റ്റ് ഗ്രൂപ്പ് എന്ന സ്ഥാപനമാണ് സീൽ ടവറിന്റെ നിർമ്മാതാക്കൾ. 360 ഡിഗ്രിയിൽ നഗരക്കാഴ്ച്ചകൾ ആസ്വദിക്കാനാവുന്ന ഒരു ഗ്ലാസ് ഒബ്സർവേഷൻ ഡെസ്കും സീൽ ടവറിൽ ഒരുങ്ങുന്നുണ്ട്. റൂഫ് ടോപ്പിൽ ഒരുങ്ങുന്ന സ്വിമ്മിങ് പൂളും റസ്റ്റോറന്റുകളുമാണ് ടവറിന്റെ മറ്റ് സവിശേഷതകൾ. ഇവയ്ക്കുപുറമേ സ്പാ, ബിസിനസ് സെന്ററുകൾ എന്നിവയും കെട്ടിടത്തിൽ ഉൾപ്പെടുത്തും.

ciel-tower-aerial

2016 ലാണ് ടവർ നിർമാണം ആരംഭിച്ചത്. അടുത്തവർഷം അവസാനത്തോടെയോ 2023 ലെ ആദ്യമാസങ്ങളിലോ ടവർ ഉദ്ഘാടനം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ. ഇതോടെ തലപ്പൊക്കത്തിൽ മേധാവിത്വം നേടാൻ രാജ്യങ്ങൾ തമ്മിൽ ആകാശയുദ്ധങ്ങൾ നടക്കുന്ന കാലമാണ് ഇനി വരാൻ പോകുന്നതെന്ന സൂചനയാണ് നിർമാണരംഗത്തെ ഈ കിടമത്സരം സൂചിപ്പിക്കുന്നത്.

English Summary- Ciel Tower to become Tallest Hotel by 2023; Dubai News Architecture

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA