ADVERTISEMENT

ഓസ്ട്രേലിയയിലെ ഡയാനല്ലെയിലുള്ള  മർസാല ഹൗസ് എന്ന വീട് പുറംകാഴ്ചകളിലെ വ്യത്യസ്തത കൊണ്ടുതന്നെ ആരെയും ആകർഷിക്കുന്ന ഒന്നാണ്. എന്നാൽ നാലര പതിറ്റാണ്ട് മുൻപ് നിർമ്മിച്ച ഈ കോൺക്രീറ്റ് ബംഗ്ലാവിൽ വിസ്മയകരമായ ഒട്ടേറെ രഹസ്യങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. ബൾഗേറിയൻ ആർക്കിടെക്റ്റായ ഇവാൻ ഇവാനോഫാണ്  വ്യത്യസ്തമായ ഈ വീടിന്റെ രൂപകൽപ്പന നിർവഹിച്ചത്. 

പെർത്ത് സ്വദേശിയായ സെർജിയോ മർസാല എന്ന ബിൽഡറാണ്  ഇത്തരമൊരു വീട് നിർമിക്കാൻ ഇവാനോഫിനെ ചുമതലപ്പെടുത്തിയത്. എന്നാൽ  മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമായ ഒന്ന് തന്റെ വീട്ടിൽ ഉണ്ടാവണമെന്ന ആഗ്രഹം സെർജിയോ ഇവാനോഫിനെ അറിയിച്ചിരുന്നു. ഡിസ്കോ ഫ്ലോറുള്ള  ഒരു നൈറ്റ്ക്ലബ് വേണമെന്നതായിരുന്നു ആ ആവശ്യം. ഉടമസ്ഥന്റെ ആഗ്രഹപ്രകാരം നിർമ്മിച്ച ചെക്ക്ബോർഡ് ഡിസ്കോ ഫ്ലോർ തന്നെയാണ് ഈ വീട്ടിലെ പ്രധാന ആകർഷണം. ഈ പ്രത്യേകത കൊണ്ട് ഡിസ്കോ ഹൗസ് എന്നും ഈ വീട് അറിയപ്പെടുന്നു. 

Iwanoff-Marsala-House

ലൈറ്റ് അപ് ചെയ്ത ചെക്ബോർഡ് ഡിസ്കോ ഫ്ലോറിൽ ഡിജെ ബൂത്ത്,  വെനീഷ്യൻ ഷാൻലിയർ, ക്രൊക്കഡൈൽ സ്കിൻ വോൾപേപ്പർ എന്നിവയുമുണ്ട്. ഡിസ്കോ റൂമിന് പുറമേ കോക്ടെയിൽ ബാറുകൾ , ജിം, ഔട്ട്ഡോർ സ്വിമ്മിംഗ് പൂൾ വിശാലമായ ബാൽക്കണികൾ എന്നീ ആഡംബര സൗകര്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ഇറ്റാലിയൻ മാർബിൾ തുടങ്ങിയ ആഡംബര വസ്തുക്കൾകൊണ്ടാണ് വീടിന്റെ അകത്തളം അലങ്കരിച്ചിരിക്കുന്നത്.  നഗരകാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ ധാരാളം ഇരിപ്പിടങ്ങളും ബാൽക്കണിയിൽ സജ്ജീകരിച്ചിട്ടുണ്ട്. 

disco-house

15962 ചതുരശ്രയടിയാണ് ബംഗ്ലാവിന്റെ ആകെ വിസ്തീർണ്ണം. സെർജിയോയും ഇവാനോഫും ചേർന്ന് പല രാജ്യങ്ങൾ സഞ്ചരിച്ചാണ് ബംഗ്ലാവിലേക്ക് വേണ്ട ഫർണിച്ചറുകളും ആർട്ട് വർക്കുകളും കണ്ടെത്തിയത്. രണ്ടു നിലകളിലായി നിർമ്മിച്ചിരിക്കുന്ന വീടിന്റെ പുറത്തുനിന്നും മുകൾനിലയിലേക്കു കൂറ്റൻ പടവുകളാണ് നൽകിയിട്ടുള്ളത്. ഇവാനോഫിന്റെ നിർമ്മിതികളിൽ ഏറ്റവും പ്രധാനമായത് എന്നാണ് ഈ വീട് വിശേഷിപ്പിക്കപ്പെടുന്നത്. 

നിർമ്മാണത്തിലെ പ്രത്യേകതകൾ കൊണ്ട് ബംഗ്ലാവ് പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ ഹെറിറ്റേജ് രജിസ്റ്ററിൽ  ഇടംനേടിയിട്ടുണ്ട്. നാലു പതിറ്റാണ്ടുകൾക്കിടയിൽ കേടുപാടുകളില്ലാതെ വീട് സൂക്ഷിച്ചതിന് വെസ്റ്റേൺ ഓസ്ട്രേലിയൻ ഹെറിട്ടേജ് കൗൺസിലിന്റെ ഔട്ട്സ്റ്റാൻഡിംഗ് റസിഡൻഷ്യൽ കൺസർവേഷൻ അവാർഡും  ഈ വീടിനെ തേടിയെത്തിരുന്നു.

English summary-Marsala Disco House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com