ഇങ്ങനെയും മനുഷ്യരോ! ആദ്യം 'വീടു'കൊണ്ട് കറങ്ങിനടന്നു; ഒടുവിൽ വീടു'വയ്ക്കാൻ' ചെയ്തതോ?...

HIGHLIGHTS
  • ഒരു അവധിക്കാല വസതിയിൽ നിന്നും പുറത്താക്കപ്പെട്ടപ്പോഴാണ് ടിം, ടിഫാനിയെ സ്വന്തമാക്കിയത്
island-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

വീട് 'വയ്ക്കാനായി' സ്ഥലം വാങ്ങുക എന്ന പ്രയോഗം ടിം ഡേവിഡ്സൺ എന്ന ഫ്ലോറിഡ സ്വദേശിയുടെ കാര്യത്തിൽ തികച്ചും അന്വർത്ഥമാണ്. യഥാർത്ഥത്തിൽ തന്റെ വീട് കൊണ്ടുവയ്ക്കാനുള്ള ഒരിടമാണ് അദ്ദേഹം തേടി കണ്ടെത്തിയത്. ഏതാനും വർഷങ്ങൾക്കു മുൻപ് ഫ്ലോറിഡയിലെ ഒരു അവധിക്കാല വസതിയിൽ നിന്നും പുറത്താക്കപ്പെട്ടപ്പോഴാണ് ടിം, ടിഫാനിയെ സ്വന്തമാക്കിയത്. ടിഫാനി ആരാണെന്നല്ലേ? ടിമ്മിന്റെ സഞ്ചരിക്കുന്ന വീടിന്റെ പേരാണ് പേരാണ് ടിഫാനി. 

island-home-aerial

അവധിക്കാല വസതിയിൽ നിന്നും മാറേണ്ടി വന്നപ്പോൾ ഒരു സാധാരണ വീട് സ്വന്തമാക്കാനാണ് ടിം ആദ്യം ശ്രമിച്ചത്. എന്നാൽ ചെറിയ കിടപ്പുമുറി, അടുക്കള, ലിവിങ് ഏരിയ എന്നിങ്ങനെ തന്റെ പരിമിതമായ ആവശ്യങ്ങൾക്ക്  അനുയോജ്യമായ വീട്  തേടി നടന്ന് ഒടുവിൽ ടിഫാനിയെ കണ്ടെത്തുകയായിരുന്നു. 270 ചതുരശ്രഅടിയാണ് സഞ്ചരിക്കുന്ന വീടിന്റെ വിസ്തീർണ്ണം. 70,000 ഡോളറിനാണ് ( 52 ലക്ഷം രൂപ) ടിം ഈ വീട് വാങ്ങിയത്. 

island-home-inside

രണ്ടു തട്ടുകളാണ് സഞ്ചരിക്കുന്ന വീടിനുള്ളിൽ ഉള്ളത്.  മുകളിലെ തട്ടുകളിലൊന്നിൽ കിടപ്പുമുറിയും മറ്റേതിൽ  സ്റ്റോറേജ് ഏരിയയും ഒരുക്കിയിരിക്കുന്നു. ചെറിയ സോഫ, ടിവി എന്നിവ അടക്കമുള്ള ലിവിങ് ഏരിയ, വാഷിങ്ങ് മെഷീൻ വയ്ക്കാനുള്ള സൗകര്യം,  അടുക്കള, ബാത്റൂം എന്നിവയാണ് താഴെയുള്ളത്. സഞ്ചരിക്കുന്ന വീടിനുള്ളിലെ സൗകര്യങ്ങൾ ആസ്വദിച്ചുകൊണ്ട് രണ്ടുവർഷമാണ് ടിം കറങ്ങി നടന്നത്.  വീടിന് സ്വന്തമായി ഒരിടം വേണമെന്ന് തോന്നി തുടങ്ങിയപ്പോൾ ഒടുവിൽ ഒരു ദ്വീപ് തന്നെ അതിനായി കണ്ടുപിടിച്ചു. 

island-aerial

ഫ്ലോറിഡയിലെ ഒന്നര ഏക്കർ വരുന്ന ഷെൽമെയ്റ്റ് എന്ന ദ്വീപാണ് രണ്ടു ലക്ഷം ഡോളറിന് (1 കോടി 48 ലക്ഷം രൂപ)  അദ്ദേഹം വാങ്ങിയത്. ഉപയോഗശൂന്യമായി കിടന്ന ദ്വീപിനെ വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചു ടിം മനോഹരമാക്കി മാറ്റി. ഇതിനിടെ ഇർമ ചുഴലിക്കാറ്റ് വീശിയടിച്ചതോടെ അൽപം കൂടി ഉറപ്പുള്ള ഒരു വീട് വേണമെന്ന അവസ്ഥയായി. അങ്ങനെ ചുഴലിക്കാറ്റിനെ പ്രതിരോധിക്കാൻ സാധിക്കുന്ന  തരത്തിൽ ഒക്ടഗണൽ ആകൃതിയിൽ 320 ചതുരശ്രയടി വിസ്തീർണമുള്ള ഒരു വീടു കൂടി വിലയ്ക്കുവാങ്ങി ടിം ദ്വീപിലെത്തിച്ചു. 90,000 ഡോളർ(66 ലക്ഷം രൂപ) യ്ക്കാണ് ഈ വീട് അദ്ദേഹം സ്വന്തമാക്കിയത്. ഒരു കിടപ്പുമുറിയും ലിവിങ് ഏരിയയും അടുക്കളയും ബാത്റൂമുമുള്ള ഈ വീട് വാടകയ്ക്ക് കൊടുക്കുന്നതിൽ നിന്നും  അദ്ദേഹത്തിന് വരുമാനവും ലഭിക്കുന്നുണ്ട്. എങ്കിലും ടിമ്മിന്റെ ജീവിതം ഇപ്പോഴും ടിഫാനിയിൽ തന്നെയാണ്.

English Summary- Living in Tiny House on an Island

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA