ADVERTISEMENT

വെറും 18 മണിക്കൂർകൊണ്ട് ഒരു സ്കൂൾ കെട്ടിടം! കിഴക്കൻ ആഫ്രിക്കയിലെ മലാവി എന്ന രാജ്യത്താണ് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായത്. ലോകത്തിലെ തന്നെ ആദ്യ ത്രീഡി പ്രിന്റഡ് സ്കൂളാണ് ഇത്.സ്കൂളിൽ ക്ലാസ്സുകളും ആരംഭിച്ചുകഴിഞ്ഞു. 

യൂണിസെഫിന്റെ കണക്കുകൾപ്രകാരം ദരിദ്ര രാജ്യമായ മലാവിയിൽ 36000 ക്ലാസ് റൂമുകളുടെ കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു. പരമ്പരാഗതരീതിയിൽ ഇത്രയും ക്ലാസുകൾ നിർമ്മിച്ചെടുക്കണമെങ്കിൽ ചുരുങ്ങിയത് 70 വർഷം സമയം വേണ്ടിവരുമെന്നാണ് കണക്കാക്കിയത്. ഇതേതുടർന്നാണ് പ്രശ്നം പരിഹരിക്കാൻ മികച്ച മാർഗ്ഗം എന്ന നിലയിൽ ത്രിഡി പ്രിന്റിങ് വിദ്യയുമായി 14 ട്രീസ് എന്ന കമ്പനി മുന്നോട്ടു വന്നത്. ത്രീഡി പ്രിന്റിങ്  സാങ്കേതികവിദ്യയിലൂടെ 10 വർഷത്തിനുള്ളിൽ ഇത്രയും ക്ലാസ്റൂമുകൾ നിർമ്മിച്ചെടുക്കാനാകും എന്ന് നിർമാണ കമ്പനി അവകാശപ്പെടുന്നു. 

malawi-school-view

ചുരുങ്ങിയ നിർമ്മാണസാമഗ്രികൾ ഉപയോഗിച്ച് ഏറ്റവും എളുപ്പത്തിൽ കെട്ടിടനിർമാണം പൂർത്തിയാക്കാൻ സാധിക്കുന്ന ലഫാർജ്ഹോൾസിം ഇങ്ക് ഉപയോഗിച്ചാണ് സ്കൂൾകെട്ടിടം നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണത്തിൽ നിന്നും പരിസ്ഥിതിക്ക് ഉണ്ടാകുന്ന ദോഷം 50% വരെ കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്. എന്നാൽ കെട്ടിടത്തിന്റെ നിർമാണം പൂർണമായും യന്ത്രസഹായത്തോടെ ആയിരുന്നില്ല. വാതിലുകൾ, ജനാലകൾ, മേൽക്കൂര, ഉൾഭാഗത്തെ ചില ഭിത്തികൾ എന്നിവ പ്രാദേശിക തൊഴിലാളികളുടെ സഹായത്തോടെയാണ് സ്ഥാപിച്ചത്.

Malawi school first story

മലാവിയിലെ വിദ്യാർത്ഥികൾ ഇതുവരെ കണ്ടിട്ടില്ലാത്ത മാതൃകയിലുള്ള ക്ലാസ് റൂമുകളും സൗകര്യങ്ങളുമാണ് സ്കൂളിൽ ഒരുങ്ങിയിരിക്കുന്നത് എന്ന് വിദ്യാഭ്യാസകാര്യ ഉദ്യോഗസ്ഥയായ ജൂലിയാന കുഫംഗ പറയുന്നു. അതിനാൽ പഠനം പകുതിക്കുവച്ച് ഉപേക്ഷിച്ചവരുൾപ്പടെ കൂടുതൽ വിദ്യാർഥികൾ സ്കൂളുകളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് മലാവി വിദ്യാഭ്യാസവകുപ്പ്. അതേസമയം അതിർത്തിപ്രദേശങ്ങളിലടക്കം  കൂടുതൽ ത്രീഡി പ്രിന്റഡ് സ്കൂളുകൾ നിർമ്മിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത് എന്ന് 14 ട്രീസ് പറയുന്നു. ആഫ്രിക്ക അടക്കമുള്ള വികസ്വര രാജ്യങ്ങളിൽ അതിവേഗം കുറഞ്ഞ ചെലവിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ ഈ സാങ്കേതികവിദ്യ സഹായകരമാകും. ഏതായാലും മലാവിയിലെ സ്‌കൂൾ വളരെവേഗം ആഗോളശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

English Summary- World's First 3D Printed School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com