ADVERTISEMENT

പലവിധ കാരണങ്ങൾ മൂലം ക്ഷയിച്ചുപോയ നിരവധി തറവാടുകളും ബംഗ്ലാവുകളുമുണ്ട് നമ്മുടെ നാട്ടിൽ. ഇത്തരം വീടുകളെക്കുറിച്ച് നിറംപിടിപ്പിച്ച പല കഥകളും വിശ്വാസങ്ങളുമുണ്ടാകും. ലോകമെങ്ങും ഈയൊരു കാര്യത്തിൽ മനുഷ്യരെല്ലാം ഒരുപോലെയാണ്. ഇത്തരത്തിൽ പ്രദേശവാസികളെയാകെ ഭയത്തിലാഴ്ത്തി ഒറ്റപ്പെട്ടുനിൽക്കുന്ന ഒരു ബംഗ്ലാവുണ്ട് ഇറ്റലിയിൽ. നിർമാണത്തിലെ പ്രത്യേകതകൾകൊണ്ടും വലുപ്പംകൊണ്ടും ഒരുകാലത്ത് പടിഞ്ഞാറൻ ഇറ്റലിയിലെ ഏറ്റവും വലിയ കെട്ടിടമായിരുന്ന 'വില്ല ഡി വെക്കി'. ഉടമസ്ഥരുടെ ദുർമരണങ്ങൾക്ക് സാക്ഷിയായ 'വില്ല ഡി വെക്കി' ഇന്നൊരു പ്രേതബംഗ്ലാവാണ്.

villa-de-vecchi-italy-dilapidated

ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിടത്തിൽ പ്രേതങ്ങളുടെ സാന്നിധ്യം ഉണ്ടെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. അതിനവർക്കൊരു  കാരണവുമുണ്ട്. ബംഗ്ലാവിനുള്ളിൽനിന്നും ഇടയ്ക്കിടെ പിയാനോ വായിക്കുന്ന ശബ്ദം ഉയർന്നു കേൾക്കാറുണ്ടെന്ന് ഇവർ പറയുന്നു. ഇതിനുപുറമെ 2002 ൽ ഈ മേഖലയിൽ വലിയ ഹിമപാതമുണ്ടായി. എന്നാൽ ബംഗ്ലാവിന് തൊട്ടടുത്തുവരെ എത്തിയ ഹിമപാതം കെട്ടിടത്തിന് ഒരുതരത്തിലും നാശം ഉണ്ടാക്കിയില്ല. അതേസമയം പ്രദേശത്തെ മറ്റുവീടുകളാകെ നശിച്ചു പോവുകയും ചെയ്തു. അതീന്ദ്രീയ ശക്തികളുടെ സാന്നിധ്യം മൂലമാണ് ഇത് എന്നാണ് നാട്ടുകാരുടെ വിശ്വാസം. ബംഗ്ലാവിൽ നടന്ന ദുർമരണങ്ങളുടെ ചരിത്രം കഥകളുടെ ആക്കം കൂട്ടുകയും ചെയ്യുന്നുണ്ട്. 

villa-de-vecchi-inside

കോർട്ടെനോവ നഗരത്തിൽ സ്ഥിതിചെയ്യുന്ന ബംഗ്ലാവ് ഫെലിസ് ഡി വെക്കി എന്ന പ്രഭു 1857 ൽ നിർമ്മിച്ചതാണ്. അഞ്ചു വർഷങ്ങൾക്കുശേഷം ഒരു രാത്രി വീട്ടിലേക്ക് തിരിച്ചെത്തിയ പ്രഭു കണ്ടത് ക്രൂരമായി കൊലചെയ്യപ്പെട്ട ഭാര്യയുടെ മൃതദേഹമായിരുന്നു. അന്നേദിവസം അദ്ദേഹത്തിന്റെ മകളെ കാണാതാവുകയും ചെയ്തു. മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ മകളെ  കണ്ടെത്താനാകാതെ വന്നതോടെ അതേവർഷം പ്രഭു ബംഗ്ലാവിൽവച്ച് ആത്മഹത്യ ചെയ്തു. പിന്നീട് ഉടമസ്ഥത അദ്ദേഹത്തിന്റെ സഹോദരൻ ബിയാഗോയുടെ പക്കൽ എത്തുകയും അദ്ദേഹം കുടുംബവുമൊത്ത് ഏറെ നാളുകൾ അവിടെ താമസിക്കുകയും ചെയ്തു. ബംഗ്ലാവ് വിൽക്കാൻ ശ്രമിച്ചെങ്കിലും രണ്ടാം ലോകമഹായുദ്ധകാലത്ത് വിൽപന നടന്നില്ല. അതിനുശേഷം പതിറ്റാണ്ടുകളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ തുടരുകയാണ് കെട്ടിടം . 

villa-de-vecchi-italy-inside

മൂന്ന് നിലകളുള്ള ബംഗ്ലാവിനു ചുറ്റും വിശാലമായ പൂന്തോട്ടമാണ് ഒരുക്കിയിരുന്നത്. പൗരസ്ത്യ  വാസ്തുവിദ്യാശൈലിയിൽ നിർമിച്ച  ബംഗ്ലാവ് മനോഹരമായ ചുവർചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. എന്നാൽ കാലപ്പഴക്കംകൊണ്ട്  മേൽക്കൂരകളും ജനാലകളും വാതിലുകളും എല്ലാം തകർന്നുകഴിഞ്ഞു. ഇപ്പോൾ സാമൂഹികവിരുദ്ധരുടെ വിഹാരകേന്ദ്രമായ ബംഗ്ലാവിലെ കൊത്തുപണികൾ നിറഞ്ഞ ഭിത്തികളിലും മേൽക്കൂരയിലും എല്ലാം ഗ്രാഫിറ്റികൾ നിറഞ്ഞ് വികൃതമായ നിലയിലാണ്.

English Summary- Villa de Vecchi- Italys' Famous Abandoned Mansion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com