ADVERTISEMENT

ഇന്ത്യയിലെ വീടുകളിൽനിന്നും പ്രതിവർഷം 60 മില്യൺ ടൺ ജൈവമാലിന്യങ്ങൾ പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവയിൽ 70 ശതമാനവും ശേഖരിക്കപ്പെടുന്നുണ്ടെങ്കിലും ഏറിയപങ്കും ഭൂമിയിൽതന്നെ കൂട്ടിയിട്ട നിലയിൽ അവശേഷിക്കുകയാണ് പതിവ്. 2030 ആകുമ്പോഴേക്കും പുറന്തള്ളപ്പെടുന്ന  മാലിന്യം 165 മില്യൺ ടൺ ആകുമെന്നാണ്  കണക്കാക്കപ്പെടുന്നത്. ഇത് ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഉയർത്തുന്ന വെല്ലുവിളി ചില്ലറയല്ല. എന്നാൽ ഈ പ്രശ്നത്തിന് ഫലപ്രദമായ ഒരു പരിഹാരമാർഗ്ഗവുമായി  എത്തിയിരിക്കുകയാണ് പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പ്. ജൈവ മാലിന്യങ്ങളിൽ നിന്നും ബയോഗ്യാസ് നിർമ്മിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുവാനും പാചകവാതകമായി ഉപയോഗിക്കാനുമുള്ള  സംവിധാനമാണ്  സിയോൺ വേസ്റ്റ് മാനേജ്മെന്റ് എന്ന സ്റ്റാർട്ടപ്പിലൂടെ വിശാൽ ഖാൽദെ എന്ന വ്യക്തി ഒരുക്കിയിരിക്കുന്നത്. 

waste

കെമിക്കൽ എൻജിനീയറിങ് ബിരുദധാരിയായ വിശാൽ 2013 ൽ സുഹൃത്തിനൊപ്പം ചേർന്നാണ്  ജൈവമാലിന്യങ്ങൾ ബയോഗ്യാസാക്കി മാറ്റുന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. തുടക്കത്തിൽ ഉപഭോക്താക്കളെ കിട്ടാതെ ഏറെ വിഷമസ്ഥിതിയിലായതോടെ സുഹൃത്ത് ഉദ്യമത്തിൽനിന്നും പിൻമാറി. ഒടുവിൽ 2015 ലാണ് ആദ്യത്തെ ജൈവമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള ഓർഡർ ഒരു കോർപ്പറേറ്റ് കമ്പനിയിൽ നിന്ന് ലഭിക്കുന്നത്. അത് വിജയിച്ചതോടെ പിന്നീട് പലഭാഗങ്ങളിൽനിന്നും അന്വേഷണങ്ങൾ എത്തിത്തുടങ്ങി. അങ്ങനെ ഇതിനോടകം 13 സംസ്ഥാനങ്ങളിൽ സ്വകാര്യമേഖലയിലും പൊതുമേഖലയിലുമായി 75  പ്ലാന്റുകൾ സ്ഥാപിക്കാൻ സാധിച്ചിട്ടുണ്ട്. സ്കൂളുകളും റസിഡൻഷ്യൽ സൊസൈറ്റികളും എല്ലാം ഇതിൽപ്പെടും. 

energybin-model

മാലിന്യ സംസ്കരണത്തിനായി 'എനർജിബിൻ' എന്ന പേരിൽ ഒരു ബയോഡൈജസ്റ്റർ വികസിപ്പിച്ചെടുത്തിരുന്നു. ശേഖരിക്കുന്ന മാലിന്യങ്ങളിൽ നിന്നും ജീർണിക്കുന്നവ തരം തിരിച്ചെടുത്തു എനർജിബിന്നിൽ നിക്ഷേപിക്കുകയാണ് ആദ്യപടി. എനർജി ബിന്നിനുള്ളിൽ വച്ച് സംസ്കരിക്കപ്പെടുന്ന ജൈവമാലിന്യം ബാക്ടീരിയയുടെ സഹായത്തോടെ വിഘടിച്ച് ബയോഗ്യാസ് പുറന്തള്ളുന്നു. ഇത് ബയോ ഡൈജസ്റ്ററിലെ ബലൂൺ പോലെയുള്ള ഭാഗത്ത്  ശേഖരിക്കുകയാണ് ചെയ്യുന്നത്. ഇതിൽ നിന്നും മീഥേൻ പ്രത്യേകമായി  ഫിൽറ്റർ ചെയ്ത് എടുത്താണ് പാചകവാതകത്തിനും വൈദ്യുതി ഉത്പാദനത്തിനുമായി ഉപയോഗിക്കുന്നത്. ജനറേറ്ററുകളിലേക്ക്  ഈ ജൈവ ഇന്ധനം നിറയ്ക്കുന്നത് വഴി തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാനും ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാനും സാധിക്കും. ഇന്ത്യയിൽ ആകെ ബയോ ഡൈജസ്റ്ററുകൾ ഉപയോഗിച്ച് 75 ടൺ മാലിന്യം സംസ്കരിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. കൃത്യമായി ഈ ജൈവ മാലിന്യ സംസ്കരണ രീതി ഉപയോഗിച്ചാൽ  എൽപിജി സിലിണ്ടറുകളുടെ ഉപയോഗം നാലിലൊന്നായി കുറയ്ക്കാൻ സാധിക്കുമെന്ന് വിശാൽ പറയുന്നു. 

energybins

എനർജി ബിന്നിൽ ദ്രവരൂപത്തിൽ അവശേഷിക്കുന്ന മാലിന്യം ജൈവവളമായി  ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. പരിസ്ഥിതിക്ക് ദോഷകരമായ വിധത്തിൽ മാലിന്യങ്ങൾ കുന്നുകൂടി കിടക്കാതെ കൃത്യമായി കൈകാര്യം ചെയ്യാനുള്ള ഒരു മികച്ച മാതൃകയാണ് സ്റ്റാർട്ടപ്പിലൂടെ വിശാൽ മുന്നോട്ടുവച്ചിട്ടുള്ളത്. 

English Summary- BioWaste to Biogas and Electricity Converter; Eco friendly Starup Success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com