ADVERTISEMENT

ലോകസിനിമാപ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ സിനിമയാണ് കൺജറിങ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ, സിനിമയിലെ രംഗങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നാലോ?...അതിനുള്ള ധൈര്യം ഉണ്ടെങ്കിൽ  റോഡ് ഐലൻഡിലുള്ള ഈ ഫാംഹൗസ് സ്വന്തമാക്കാം. കൺജറിങ് സിനിമകൾ നിർമ്മിക്കുന്നതിനു തന്നെ പ്രചോദനമായ ഫാംഹൗസ് പുതിയ ഉടമസ്ഥരെ തേടി വിപണിയിൽ എത്തിയിരിക്കുകയാണ്. 

കൺജറിങ് സീരീസുകൾ ചിത്രീകരിക്കപ്പെട്ടത് ഫാംഹൗസിൽ അല്ലെങ്കിലും 1970കളിൽ ഇവിടെ കഴിഞ്ഞിരുന്ന പെറോൺ കുടുംബത്തിന്റെ അനുഭവങ്ങൾ ആധാരമാക്കിയാണ്  ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫാംഹൗസിൽ നടന്ന ദുർമരണങ്ങളുടെ ചരിത്രം മറച്ചുവച്ചുകൊണ്ട് കുടുംബത്തിന് അന്നത്തെ ഉടമസ്ഥർ വീട് കൈമാറുകയായിരുന്നു. രാത്രികാലങ്ങളിൽ ലൈറ്റുകൾ അണയ്ക്കരുത് എന്ന നിർദ്ദേശം മാത്രമാണ് ഇവർക്ക് നൽകിയിരുന്നത്. എവിടെ നിന്നെന്നില്ലാതെ അഴുകിയ മാംസത്തിന്റെ ഗന്ധം വീടിനുള്ളിൽ പരക്കുന്നതും ഒരിടത്തുനിന്നും ചൂല് മറ്റൊരിടത്തേക്ക് നീങ്ങുന്നതും  കിടക്കകൾ തനിയെ അനങ്ങുന്നതുമടക്കം നിരവധി സംഭവങ്ങൾക്കാണ് പെറോൺ കുടുംബം സാക്ഷികളായത്. ഒരുവേള വ്യക്തമല്ലാത്ത രൂപങ്ങൾ സമീപത്തുകൂടി കടന്നുപോകുന്നതായിവരെ ഇവർക്ക് അനുഭവപ്പെട്ടിരുന്നു. 

conjuring-house-inside

ഇവരുടെ അനുഭവങ്ങൾ അടിസ്ഥാനമാക്കി കൺജറിങ് സിനിമകൾ പുറത്തുവന്നതോടെ റോഡ് ഐലൻഡിലെ ഫാംഹൗസ് ഏറെ ഖ്യാതി നേടി. വർഷങ്ങളായി താമസമില്ലാതിരുന്ന ഈ വീടിന്റെ പരിസരത്ത് പോലും വരാൻ പിന്നീട് ആളുകൾ ഭയപ്പെട്ടു. അങ്ങനെയിരിക്കെ 2019 ലാണ് പാരാനോർമൽ ആക്ടിവിറ്റികളെ കുറിച്ച് ഗവേഷണം നടത്തുന്ന കോറി , ജെന്നിഫർ എന്നീ ദമ്പതികൾ ഫാംഹൗസ് സ്വന്തമാക്കിയത്.  വിചിത്രമായ പല സംഭവങ്ങളും തങ്ങൾക്കും അനുഭവപ്പെട്ടതായി ഇവർ പറയുന്നു. കറുത്ത പുക കണക്കെ തോന്നിക്കുന്ന എന്തോ ഒന്ന് ഒരു മുറിയിൽ ഉള്ളതായി കാണപ്പെടാറുണ്ട്. മുറിയുടെ ഒരുഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേക്ക് പുക ചലിക്കുന്നതായും ഇവർ പറയുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും  ഒറ്റനോട്ടത്തിൽ ആരും ഇഷ്ടപ്പെടുന്ന തരത്തിലാണ് ഫാംഹൗസ്.

conjuring-house-dine

എട്ടര ഏക്കർ എസ്റ്റേറ്റിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഫാംഹൗസിന് മൂവായിരത്തിൽപ്പരം ചതുരശ്രഅടി വിസ്തീർണമുണ്ട്. 14 മുറികളാണ് ഇവിടെയുള്ളത്. മേൽക്കൂരയിലും  തറയിലും പ്രധാനമായും തടിയാണ് ഉപയോഗിച്ചിരിക്കുന്നത്. വിശാലമായ കിടപ്പുമുറികൾ, ലിവിങ് റൂം, ലൈബ്രറി, അടുക്കള, ഫയർ പ്ലേസുകൾ എന്നിങ്ങനെ ഒരു കുടുംബത്തിന് ജീവിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഫാം ഹൗസിൽ ഉണ്ട് . 12 മില്യൺ ഡോളർ (8 കോടി 90 ലക്ഷം രൂപ) ചിലവിട്ടാൽ ഈ കൺജറിങ് വീട് സ്വന്തമാക്കാം. പക്ഷേ രാത്രികാലങ്ങളിൽ ലൈറ്റണയ്ക്കുന്നത് ഒന്ന് ആലോചിച്ചിട്ടുമതി എന്ന് മാത്രം.. 

English Summary-Conuring House for Sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com