വിൽക്കാനിട്ട വീട്ടിൽ എപ്പോഴും ബ്ലീച്ചിന്റെ ഗന്ധം; കള്ളി വെളിച്ചത്തായത് വീട് വിറ്റശേഷം!

home-sale
Shutterstock by Billion Photos
SHARE

വീടിന്റെയോ സ്ഥലത്തിന്റെയോ വിൽപനയുമായി ബന്ധപ്പെട്ട് പലപ്പോഴും റിയൽഎസ്റ്റേറ്റ് ഏജന്റുമാരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാറുണ്ട്. എന്നാൽ വിൽപനക്കാരോ വാങ്ങാനെത്തുന്നവരോ ഇടപാടിൽ കൃത്രിമം കാണിക്കുന്നതുകൊണ്ടുമാത്രം പ്രതിസന്ധിയിലാകുന്ന ചിലരും ഇക്കൂട്ടത്തിലുണ്ട്. അത്തരത്തിൽ തനിക്കുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് അമേരിക്കയിലെ റിയൽ എസ്റ്റേറ്റ് ഏജന്റായ ഒരു വനിത. വീട് വാങ്ങാനെത്തിയവരെയും തന്നെയും ഒരുപോലെ കബളിപ്പിച്ച ഒരു വീട്ടുടമസ്ഥയെക്കുറിച്ചാണ് റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ വെളിപ്പെടുത്തൽ. 

വിൽപനയ്ക്കായി പരസ്യപ്പെടുത്തിയ ഒരു വീട് കാണാൻ ആവശ്യക്കാരെയും കൂട്ടി എത്തിയതായിരുന്നു ഏജന്റ്. എന്നാൽ വീടിനുള്ളിൽ പ്രവേശിച്ചപ്പോൾ തന്നെ ബ്ലീച്ചിന്റെ ശക്തമായ ഗന്ധമാണ് അനുഭവപ്പെട്ടത്. വീട്ടുടമസ്ഥ അതേ വീട്ടിൽതന്നെ താമസിക്കുന്നതിനാൽ അവർ വീട് വൃത്തിയാക്കുകയായിരുന്നിരിക്കാം എന്ന അനുമാനത്തിൽ വാങ്ങാനെത്തിയവർ വീടും പരിസരവും നടന്നു കണ്ടു. ബ്ലീച്ചിന്റെ ഗന്ധമുണ്ടെന്നതൊഴിച്ചാൽ മറ്റൊരു പ്രശ്നവും വീടിന് ഉണ്ടായിരുന്നില്ല. കാർ ഗരാജ് കാണാനെത്തിയപ്പോഴാകട്ടെ നിരവധി വളർത്തുമൃഗങ്ങളെ  അതിനുള്ളിൽ പാർപ്പിച്ചിരിക്കുന്ന കാഴ്ചയാണ് കണ്ടത്. 

എന്തായാലും വാങ്ങാനെത്തിയവർക്ക് വീട് ഇഷ്ടമായതോടെ കരാറിൽ ഏർപ്പെടാൻ ഇരുകൂട്ടരും തീരുമാനിച്ചു. വീട്ടുടമസ്ഥ അൽപം കാർക്കശ്യക്കാരി ആയിരുന്നതിനാൽ ഇടപാട് നടക്കുന്നതിന് ഏറെ തടസ്സങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പലയാവർത്തി വീട്ടിൽ കയറി ഇറങ്ങണ്ടിയും വന്നു. എന്നാൽ ഓരോ തവണ എത്തുമ്പോഴും ബ്ലീച്ചിന്റെ ഗന്ധം അകത്തളത്തിൽ നിറഞ്ഞു നിൽക്കുന്നതായി അനുഭവപ്പെടുന്നുണ്ടായിരുന്നു. ഉടമസ്ഥ വീട് വൃത്തിയാക്കുന്ന രീതിയുടെ പ്രശ്നമായിരിക്കാം എന്ന് കരുതി വാങ്ങാനെത്തിയവരും ഏജന്റും അതത്ര കാര്യമാക്കിയില്ല. 

ഒടുവിൽ വീടിന്റെ വിൽപന നടപടികൾ പൂർത്തിയായതോടെ പഴയ ഉടമസ്ഥ വീട് ഒഴിഞ്ഞു കൊടുത്തു. എന്നാൽ പുതിയ ഉടമസ്ഥർ അറ്റകുറ്റപ്പണികൾക്കായി  ആദ്യദിവസം വീട്ടിലെത്തിയപ്പോഴാണ് ബ്ലീച്ച് ഗന്ധത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തു വന്നത്. തറയിലെ കാർപെറ്റ് നീക്കം ചെയ്തപ്പോൾ അതാകെ  വളർത്തുമൃഗങ്ങളുടെ മൂത്രം നിറഞ്ഞ നിലയിലായിരുന്നു. മൂക്കുപൊത്തിക്കൊണ്ടാണ്  അവർ തറ നീക്കം ചെയ്തത്. എന്നാൽ കാർപെറ്റ് മാത്രമല്ല അതിനു താഴെയുള്ള ഭാഗവും അരികു വശങ്ങളുമെല്ലാം മൃഗങ്ങളുടെ മൂത്രത്തിൽ കുതിർന്ന നിലയിലുള്ള കാഴ്ചയാണ് ഇവർക്ക് കാണാനായത്. 

വളർത്തുമൃഗങ്ങളെയെല്ലാം വീടിനുള്ളിൽ തന്നെ പാർപ്പിച്ചിരുന്ന പഴയ ഉടമസ്ഥ നാറ്റം പുറത്തേക്ക് വരാതിരിക്കുന്നതിന് വലിയ അളവിൽ ബ്ലീച്ച് തറയിൽ ഒഴിക്കുകയായിരുന്നു എന്ന് അപ്പോൾ മാത്രമാണ് തിരിച്ചറിയാനായത്. ഈ അവസ്ഥയിലായിരുന്നു വീടിന്റെ തറ എന്നറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും പുതിയ ഉടമസ്ഥർ വീട് വാങ്ങാൻ മുതിരുമായിരുന്നില്ല. തനിക്കുണ്ടായ ഈ മോശം അനുഭവം മറ്റുള്ളവർക്ക് ഉണ്ടാകരുതെന്ന് കരുതി മുന്നറിയിപ്പ് എന്നോണമാണ് റിയൽ ഏജന്റ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

ഇത്തരം കബളിപ്പിക്കലുകൾക്കു സാധ്യത ഏറെ ഉള്ളതിനാൽ എപ്പോഴും പുതിയ വീട് വാങ്ങാൻ ശ്രമിക്കുന്നത്തന്നെയാണ് ഉചിതം എന്നതാണ് ചിലരുടെ അഭിപ്രായം. അതേസമയം ഇടപാട്  പൂർത്തിയാകുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനകൾ കൃത്യമായിരുന്നെങ്കിൽ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

English Summary- Real Estate Sale Malpractice Experience

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS