ADVERTISEMENT

മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ മനിയച്ചാവാടി എന്ന ഗ്രാമം അവിടെ നാനൂറോളം കുടുംബങ്ങൾ. മഹാരാഷ്ട്ര വൈദ്യുതി ബോർഡിന്റെ എട്ട് മണിക്കൂർ ലോഡ് ഷെഡ്ഡിങ് പതിവായതോടെ ഗ്രാമവാസികളുടെ ജിവിതം ദുസ്സഹമായി. കൃഷിക്കാരാണ് എല്ലാവരും. പകലന്തിയോളം വയലിലെ പണികഴിഞ്ഞ് വരുമ്പോൾ വെളിച്ചമില്ലാതായതോടെ ദൈനംദിനകാര്യങ്ങൾ അവതാളത്തിലായി. കുട്ടികൾക്ക് പഠിക്കാനും വീട്ടുകാര്യങ്ങളും നടക്കാതായതോടെ സ്ത്രീകൾ ഒത്തുചേർന്ന് പരിഹാരം ആലോചിച്ചു. പരിഹാരം തലയ്ക്ക് മുകളിലുണ്ടെന്ന്  തിരിച്ചറിഞ്ഞു. അങ്ങനെ സോളർ പാനലുകൾ സ്ഥാപിച്ച് സൗരോർജ്ജത്തിൽനിന്നും വിളക്കുകൾ തെളിയിക്കാൻ ശ്രമിച്ചു.

women-village

സ്ത്രീകളുടെ നേതൃത്വത്തിൽ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങിയതോടെ ഗ്രാമത്തിൽ പ്രകാശമായി ഒപ്പം 2018 ലെ  ആദർശ് ഗ്രാം അവാർഡ് ഈ സ്ത്രീകളെ തേടിയെത്തി. ഇനിയും ഒരുപാട് ഗ്രാമങ്ങൾക്ക് പ്രകാശമാക്കാവുന്നതാണ് ഈ മാതൃക. മഹാരാഷ്ട്രയിൽ ആദ്യമായി സോളർ വൈദ്യുതിയിൽ പ്രകാശമെത്തിയ ഗ്രാമമെന്ന ഖ്യാതി മനിയച്ചാവാടി എന്ന ഗ്രാമത്തിന് സ്വന്തമാണ്.

2001 മുതൽ  മാസം 100 രൂപ സൂക്ഷിച്ച് 2008ൽ 9600 രൂപ ശേഖരിച്ചാണ് സോളർ സിസ്റ്റത്തിനുള്ള തുക കണ്ടെത്തിയത്. സോളർ പാനൽ, ബാറ്ററി, രണ്ട് 20 വാട്ട് ബൾബും അഞ്ചു വർഷത്തെ വാറന്റിക്കുമായി ഓരോ വീട്ടുകാരും 5700 രുപ നൽകി. ബാക്കി തുകയും  പഞ്ചായത്ത് സഹായവും ചേർത്താണ്  മറ്റു വികസന പ്രവർത്തനങ്ങൾ ചെയ്തത്.  മുമ്പ് ഗ്രാമത്തിന്റെ വൈദ്യുതി ബിൽ 65000 രൂപയായിരുന്നത് ഇപ്പോൾ 18000 മുതൽ 20000 വരെ ആയി കുറഞ്ഞു. മുമ്പ് മണ്ണെണ്ണ വിളക്കുകളായിരുന്നു കുട്ടികൾക്ക്  പഠിക്കാൻ ആശ്രയം. ഇന്ന് മറ്റു ഗ്രാമങ്ങളും ഇവരുടെ  മാതൃക പകർത്തുന്നു. ബയോ ഗ്യാസ് പ്ലാൻ്റ്, മഴവെള്ള സംഭരണം, ഗ്രണ്ട് വാട്ടർ ഡ്രെയിനേജ്, സോളർ പവേർ‍ഡ് ബോർവെൽ അങ്ങനെ സുസ്ഥിരമാതൃകയിലുള്ള നിർമ്മിതികളും സവിശേഷതകളും നിറയുന്നതാണ് ഈ ഗ്രാമം.  

Manyachiwadi-view

ഇന്ന് 70 ശതമാനം വൈദ്യുതിയും സോളറിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ  20 വാട്ടിന്റെ രണ്ട് ബൾബുകളായിരുന്നു ഓരോ വീടിനും ലഭ്യമായത്. മൂന്ന് കിലോവാട്ടിന്റെ കേന്ദ്രീകൃത സോളർ സിസ്റ്റം തയാറാക്കി പന്ത്രണ്ട് തെരുവ് വിളക്കുകളും കത്തിച്ചു.  വില്ലേജിലെ ഗ്രാമപഞ്ചായത്ത് കെട്ടിടം അംഗനവാടി, പ്രൈമറി സ്‌കൂൾ എന്നിവിടങ്ങളിലും വെളിച്ചമെത്തിച്ചു.

13 വർഷം മുമ്പ് സ്ത്രീകളുടെ പന്ത്രണ്ട് സ്വയംസഹായസംഘങ്ങൾ നേതൃത്വം നൽകിയാണ് വെളിച്ചമെത്തിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചത്. ദേശീയ-സംസ്ഥാന തലത്തിലുള്ള 59 ഓളം വ്യത്യസ്ത അവാർഡുകളാണ് ഈ സ്ത്രീകളുടെ കൂട്ടായ്മ നേടിയിരിക്കുന്നത്. 100 ശതമാനം വൈദ്യുതിയും സോളറിൽ നിന്ന് ഉല്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ്  ഈ  കൂട്ടായ്മ  ഇപ്പോൾ   നടത്തി  വരുന്നത്.

English Summary- Solar powered Village; Women Success Initiative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com