ADVERTISEMENT

ത്രീഡി പ്രിന്റിങ് നിർമ്മാണരീതി കെട്ടിടനിർമാണ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവച്ചുകൊണ്ടാണ് രംഗപ്രവേശം ചെയ്തത്.  നിർമാണത്തിന്റെ സമയവും ചെലവും  പരിസ്ഥിതി ആഘാതവും പരമാവധി കുറയ്ക്കാൻ കഴിയും എന്നതാണ് ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യയുടെ മേന്മ. ത്രീഡി പ്രിന്റിങ് നിർമ്മാണ രീതിയിൽ ഡ്രൈ മിക്സ് മോർട്ടാറാണ്  കൂടുതലായി ഉപയോഗിച്ചുവരുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി യഥാർത്ഥ കോൺക്രീറ്റ് ഉപയോഗിച്ച് ത്രീഡി പ്രിന്റ് ചെയ്തെടുത്ത ലോകത്തിലെതന്നെ ഏറ്റവും വലിയ കെട്ടിടത്തിന്റെ നിർമ്മാണം ഒമാനിൽ പൂർത്തിയായിരിക്കുകയാണ്. 

ഒമാനിലെ ജർമൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയും ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്രീഡി പ്രിന്റർ നിർമാതാക്കളായ കൊബോഡും മെക്സിക്കോയിൽ നിന്നുള്ള സിമെക്സ് എന്ന സിമന്റ് കമ്പനിയും സംയുക്തമായിണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ഡി. ഫാബ് എന്നാണ് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യക്കായി നിർമ്മിച്ചെടുത്ത കോൺക്രീറ്റിന് നൽകിയിരിക്കുന്ന പേര്. ഇതുപയോഗിച്ച് ആദ്യത്തെ വീട് നിർമ്മിച്ചിരിക്കുന്നത് അംഗോളയിലാണ്. 570 ചതുരശ്ര അടിയാണ് ആ വീടിന്റെ വിസ്തീർണ്ണം. മസ്കറ്റിൽ നിർമ്മിച്ചിരിക്കുന്ന വീടിന്റെ വിസ്തീർണ്ണമാകട്ടെ  2100 ചതുരശ്രയടിയും.  ഒമാനിലെ സാധാരണ വീടുകളുടെ ആകൃതിയിൽ തന്നെയാണ് രൂപകല്പന. മൂന്നു കിടപ്പുമുറികൾ, മൂന്നു ബാത്ത്റൂമുകൾ, ഒരു ലിവിങ് ഏരിയ, അടുക്കള, അതിഥികളെ സ്വീകരിക്കാനുള്ള മുറി എന്നിവയാണ് ത്രീഡി പ്രിന്റഡ് വീട്ടിലുള്ളത്. 

3d-oman-home

രണ്ടു ഘട്ടങ്ങളായാണ് കെട്ടിടത്തിന്റെ നിർമ്മാണം നടന്നത്. നിർമ്മാണ പ്രക്രിയയിൽ പങ്കെടുത്ത ഒമാൻ സ്വദേശികൾക്ക് പരിശീലനം നൽകുകയായിരുന്നു ആദ്യപടി. പിന്നീട് അഞ്ചുദിവസം സമയം കൊണ്ട് വീട് പൂർണമായി പ്രിന്റ് ചെയ്തെടുത്തു. പ്രാദേശികമായി ലഭ്യമായ സിമന്റും മണ്ണും ഗ്രാവലും ഉപയോഗിച്ചാണ് കോൺക്രീറ്റ് നിർമ്മിച്ചത്. 99.5 ശതമാനം നിർമാണ സാമഗ്രികളും പ്രാദേശികമായി ലഭിച്ചവ ആയിരുന്നു. ശേഷിക്കുന്ന 0.5 ശതമാനം യൂറോപ്പിൽ നിന്നും വരുത്തിയതാണ്. പ്രാദേശിക വസ്തുക്കളുടെ ഉപയോഗം മൂലം നിർമ്മാണ ചെലവ് കുത്തനെ കുറയ്ക്കാൻ സാധിച്ചതായി നിർമാതാക്കൾ പറയുന്നു. 1800 അമേരിക്കൻ ഡോളറിൽ (ഒരു ലക്ഷത്തി മുപ്പത്തിമൂവായിരം രൂപ) താഴെ മാത്രമാണ് നിർമാണസാമഗ്രികൾക്കായി ചിലവായത്. ഡ്രൈ മിക്സ് മോർട്ടർ ഉപയോഗിച്ചിരുന്നെങ്കിൽ 22,800 ഡോളറിന് ( 16 ലക്ഷം രൂപ) മുകളിൽ ചെലവാകുമായിരുന്നു. 

English Summary- 3D Printed Home in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com