ADVERTISEMENT

കെ-റെയിൽ പദ്ധതിയുടെ പേരിൽ വീടും സ്ഥലവും നഷ്ടമാകുന്നവരുടെ വേദനകളും പ്രതികരണങ്ങളുമാണ് കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറയുന്നത്. കോടികൾ തരാമെന്ന് പറഞ്ഞാലും വർഷങ്ങളുടെ അധ്വാനത്തിലൂടെ സമ്പാദിച്ച വീടും ജനിച്ച മണ്ണും വിട്ടുകൊടുക്കില്ല എന്ന നിശ്ചയദാർഢ്യമാണ് അവരിൽ കണ്ടത്. ഇതുപോലെ പൊതു/ സ്വകാര്യ വികസനത്തിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കലും പ്രതിഷേധങ്ങളും ലോകമെമ്പാടുമുണ്ട്.

മതിപ്പുവിലയേക്കാൾ കൂടുതൽ ലഭിക്കുമെന്ന് പറഞ്ഞാലും സ്വന്തം വീട് വിട്ടിറങ്ങാൻ വൈകാരികമായി ബുദ്ധിമുട്ടുള്ളവർ ധാരാളമാണ്. വികസനങ്ങളുടെ പേരിൽ വീടും സ്ഥലവും കൈമാറ്റം ചെയ്യാൻ പലരും മടിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. എന്നാൽ സ്വപ്നവില നൽകാമെന്ന് പറഞ്ഞിട്ടും സ്വന്തം വീട് വീട് വിട്ടുനൽകാൻ തയ്യാറാകാതെ പത്തുവർഷത്തിലേറെയായി നിശ്ചയദാർഢ്യത്തോടെ അവിടെത്തന്നെ ജീവിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് സിഡ്നിയിൽ നിന്നും പുറത്ത് വരുന്നത്.   

real-estate-home

വൻകിട വില്ല പ്രൊജക്ടിന് വേണ്ടി ഒരു കെട്ടിട നിർമാതാണ കമ്പനി വർഷങ്ങൾക്ക് മുൻപാണ് ദ പോണ്ട്സ് എന്ന പ്രദേശമാകെ വിലയ്ക്ക് വാങ്ങിയത്. എന്നാൽ ഇവിടെ 1.99 ഹെക്ടർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന തങ്ങളുടെ ഇരുനില വീട് നിർമ്മാതാക്കൾക്ക് കൈമാറ്റം ചെയ്യാൻ  സമ്മിത് കുടുംബം തയ്യാറായിരുന്നില്ല. ഇന്നിപ്പോൾ ഇവരുടെ വീടിനു ചുറ്റുമുള്ള ഏക്കർ കണക്കിന് പ്രദേശത്ത്  നൂറുകണക്കിന് വില്ലകളാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. 

പത്തുവർഷം മുൻപ് സമീപത്തുള്ള സ്ഥലങ്ങൾ സ്ക്വയർ മീറ്ററിന് 239 ഡോളർ (18000 രൂപ) വിലയായി നൽകിയാണ് നിർമാതാക്കൾ സ്വന്തമാക്കിയത്. അതായത് സമ്മിത് കുടുംബത്തിന്റെ അഞ്ച് ഏക്കർ വരുന്ന സ്ഥലത്തിന് ഏതാണ്ട് 4.75 മില്യൺ ഡോളർ (36 കോടി രൂപ ) അക്കാലത്ത് ലഭിക്കുമായിരുന്നു. പ്രദേശമാകെ മാറിയതിനാൽ ഇന്നത്തെ വിലയാണെങ്കിൽ സങ്കൽപ്പിക്കാവുന്നതിനും അപ്പുറമാണ്. സമ്മിത് കുടുംബം വീടുവിട്ടു നൽകിയാൽ നിർമ്മാതാക്കൾക്ക് അവിടെ ഒരു മില്യൺ ഡോളർ വിലവരുന്ന 40 വില്ലകൾ നിർമ്മിക്കാനാവും. അതായത് 40 മില്യൺ ഡോളറിൽ (305 കോടി രൂപ) അധികമാണ് സ്ഥലത്തിന്റെ നിലവിലെ മതിപ്പുവില. എന്നാൽ എത്ര കോടികൾ തരാമെന്ന് പറഞ്ഞാലും തങ്ങളുടെ പ്രിയപ്പെട്ട വീട് വിട്ടുകൊടുക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് കുടുംബം. 

real-estate-home-aerial

നെടുനീളത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പുൽത്തകിടിക്ക് നടുവിലായാണ് ഇഷ്ടികയിൽ നിർമ്മിച്ച ഇരുനില വീട് സ്ഥിതി ചെയ്യുന്നത്. പ്രധാന ഗേറ്റിൽ നിന്നും വീട്ടിലേക്ക് 200 മീറ്റർ ദൂരമുള്ള ഒരു പാതയും ഒരുക്കിയിട്ടുണ്ട്. സ്ഥലത്തിന്റെ രണ്ടു ഭാഗത്തുനിന്നും  റോഡിലേക്ക് ഇറങ്ങാൻ ഗേറ്റുകളുണ്ട്. അഞ്ച് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. വീടിന് പിന്നിലായി മൂന്ന് കാറുകൾ പാർക്ക് ചെയ്യാനാവുന്ന വിശാലമായ ഗ്യാരേജും ഒരുക്കിയിരിക്കുന്നു. ഒന്നിനോടൊന്ന് ചേർന്ന് നിൽക്കുന്ന രീതിയിലാണ് ചുറ്റുമുള്ള വില്ലകൾ എല്ലാം നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ഇതിന് ഒത്ത നടുവിലായി ഒരു പച്ചതുരുത്ത് പോലെയാണ് നിലവിൽ സമ്മിത് കുടുംബത്തിന്റെ വീട് സ്ഥിതി ചെയ്യുന്നത്. 

എന്തായാലും ഈ വീട് ഇങ്ങനെ സ്ഥിതിചെയ്യുന്നത് ചുറ്റുമുള്ള വില്ലകളിലുള്ളവർക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. സ്വന്തം വീടിനുള്ളിലേക്ക് ധാരാളം കാറ്റും വെളിച്ചവും ലഭിക്കുന്നുണ്ടെന്നും തിങ്ങിപ്പാർക്കുന്ന പ്രതീതി തോന്നുന്നില്ലെന്നുമാണ് ഇവരുടെ പക്ഷം. 16 വർഷം മുൻപാണ് സമ്മിത് കുടുംബം ഇവിടേക്ക് മാറിയത്. പഴയ അയൽക്കാർ എല്ലാം വർഷങ്ങൾക്കു മുൻപേ ഇവിടെ നിന്നും ഒഴിഞ്ഞു പോയി. എങ്കിലും എത്ര മോഹനസുന്ദരവാഗ്ദാനങ്ങൾ നൽകിയാലും  വർഷങ്ങളുടെ അധ്വാനത്തിലൂടെ സമ്പാദിച്ച സ്ഥലവും വിട്ടു പോകാനാവില്ലെന്നുമുള്ള നിലപാടിലാണ് കുടുംബം.

English Summary- Family Refused to Handover Plot and House for Real Estate Development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com