ADVERTISEMENT

നല്ല ജോലി, വീട്, കാര്‍ എന്നിവയൊക്കെ എല്ലാവരുടെയും സ്വപ്‌നങ്ങളാണ്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും നമ്മള്‍ അധ്വാനിക്കുന്നതും ഇതിനുവേണ്ടിയാണ്.. എന്നാൽ ബാധ്യതകളൊന്നുമില്ലാതെ, ഒരുസ്ഥലത്ത് മാത്രം ഒതുങ്ങിക്കൂടാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗം ആളുകളും ഉണ്ട്. ജീവിതം അതിന്റെ എല്ലാ അര്‍ഥത്തിലും ജീവിച്ച് തീര്‍ക്കണമെന്നാഗ്രഹിക്കുന്നവരാണ് ഇക്കൂട്ടര്‍. 

ഇങ്ങനെ ആഗ്രഹം തോന്നിയതോടെ സ്വന്തമായി ഉണ്ടായിരുന്ന വസ്തുവകകളൊക്കെ വിറ്റ് ജീവിതം കണ്ടുതീര്‍ക്കാന്‍ ഇറങ്ങിത്തിരിച്ച രണ്ട് പേരുണ്ട് ഇംഗ്ലണ്ടില്‍ - ജനിച്ചതും 2016 വരെ ജീവിച്ചതും ഇംഗ്ലണ്ടിലാണെങ്കിലും നിലവില്‍ ജെന്നിഫര്‍ കോണ്‍സ്റ്റന്റിനും ഭര്‍ത്താവ് ടെറിക്കും കൃത്യമായ ഒരഡ്രസില്ല. അതുതന്നെയായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നതും.

അക്കൗണ്ടന്റ് ആയിരുന്ന ജെന്നിഫറും ടെറിയും 2016ലാണ് ലോകം ചുറ്റുന്നതിനെപ്പറ്റി കാര്യമായി ആലോചിക്കുന്നത്.  ആലോചന കൂടിക്കൂടി ഒടുവില്‍ അവരാ തീരുമാനമെടുത്തു- ജീവിതം ആസ്വദിക്കുക. ജെന്നിഫറായിരുന്നു മാസ്റ്റര്‍ ബ്രെയിന്‍. ബ്രിസ്‌റ്റോളില്‍ ഇരുവരും ചേര്‍ന്ന് ആഗ്രഹിച്ച വാങ്ങിയ മൂന്ന് കോടി രൂപയുടെ വീട് വില്‍ക്കുകയായിരുന്നു ആദ്യത്തെ ചുവടുവയ്പ്പ്. ഇതിന് ശേഷം വീട്ടിലെ ഓരോ സാധനങ്ങളായി വിറ്റു. ജെന്നിഫറിന്റെ നല്ല തുക ശമ്പളമുണ്ടായിരുന്ന ജോലിയും വിറ്റതോടെ ചെറിയ ഒരു മിനി വാനിലേക്ക് ഇരുവരും ഒരു വയസ്സുകാരന്‍ മകന്‍ ഈദനുമായി താമസം മാറി. അവിടുന്നങ്ങോട്ട് തുടങ്ങുകയായിരുന്നു ഇരുവരുടെയും സ്വപ്‌ന ജീവിതം.

van-couples

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മനി, ഓസ്ട്രിയ, സ്ലോവേനിയ എന്നിങ്ങനെ യൂറോപ്പിലെ ഒട്ടുമിക്ക നഗരങ്ങളും യുഎസിലെ പ്രധാനപ്പെട്ട സ്ഥലങ്ങളും ഇവര്‍ കണ്ടുകഴിഞ്ഞു. ലോക്ഡൗണും ഇളയ മകന്‍ ആര്‍ളോയും ജനനവും മൂലം കുറച്ച് നാള്‍ സ്‌പെയിനില്‍ ഇരുവര്‍ക്കും തങ്ങേണ്ടതായിവന്നത് മാത്രമാണ് ഇവരുടെ യാത്രയ്ക്ക് ഒരു ചെറിയ ബ്രേക്കിട്ടത്.

മക്കളെ ഹോംസ്‌കൂളിങ്ങിലേക്ക് മാറ്റാനാണ് ജെന്നിഫറിന്റെയും ടെറിയുടെയും തീരുമാനം. ഒരു തരത്തിലുമുള്ള പ്ലാനിങ്ങും ലൈഫില്‍ ഇല്ലാതെ ഫ്രീയായി നടക്കുക എന്നത് തന്നെയാണ് ഈ തീരുമാനത്തിന് പിന്നിലും. കുട്ടികളുടെ ട്യൂഷന്‍ ഫീസും നഴ്‌സറി ഫീസും മാത്രമാണ് നിലവില്‍ ഇവര്‍ക്ക് ചെലവുള്ളത്. എന്നാല്‍ ഇതിനും ആഴ്ചയിലുള്ള ഷോപ്പിങ്ങിനും വണ്ടിയുടെ ചെലവുകള്‍ക്കുമായി കയ്യില്‍ നിന്ന് ചിലവാകുന്ന 470 പൗണ്ട്( ഏകദേശം 45000 രൂപ) ഇവരുടെ അക്കൗണ്ടിലെത്തുന്ന തുകയുടെ നാലിലൊന്ന് പോലുമാവില്ല എന്നതാണ് സത്യം.

വാന്‍ ജീവിതത്തിനിടെ ജെന്നി തുടങ്ങിയ ബിസിനസ്സ് പച്ച പിടിച്ചതോടെ ചെലവുകളെപ്പറ്റി ഇവര്‍ക്ക് ടെന്‍ഷനടിക്കേണ്ടി വന്നിട്ടേ ഇല്ല. ഇതില്‍ നിന്നുള്ള വരുമാനമാണ് പ്രധാനമായും ചെലവിനായി ഉപയോഗിക്കുന്നത്.

ഭാവിയില്‍ ഒരു തരത്തിലുള്ള ബില്ലുകളും ബാധിക്കാത്ത രീതിയില്‍ ജീവിതം ആസ്വദിക്കുക ആണ് ജെന്നിഫറിന്റെ ലക്ഷ്യം. ഇതിനായി ഓരോ നിമിഷവും പരിശ്രമിക്കുകയാണ് ജെന്നിഫര്‍. ജെന്നിഫറിനെ ജോലിയില്‍ ശല്യം ചെയ്യാതെ കുട്ടികളെയും കൊണ്ട് സ്ഥലത്ത് ചുറ്റിക്കറങ്ങുകയാണ് ടെറിയുടെ ജോലി. പണ്ട് ലോകം ചുറ്റാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ മുഖം ചുളിച്ചവരൊക്കെ തന്നെ ഇപ്പോള്‍ കാണുമ്പോള്‍ അത്ഭുതത്തോടെ നോക്കും എന്ന് പറയും ജെന്നിഫര്‍. 'ഇതല്ലേ യഥാര്‍ത്തില്‍ ജീവിതം' എന്ന് അവര്‍ക്കും തോന്നുന്നുണ്ടാകാം എന്നാണ് ജന്നിഫറിന്റെ അഭിപ്രായം.

English Summary- Couple Sold House Started Van Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com