ADVERTISEMENT

ആരുകണ്ടാലും മോഹിച്ചു പോകുന്ന ഉഗ്രനൊരു കൊട്ടാരം. അമേരിക്കയിലെ ടെന്നസിയിൽ ല്യോൺസ് വ്യൂ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന വില്ല കൊളീന എന്ന വമ്പൻ ബംഗ്ലാവിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കാരണം രാജകീയ പ്രൗഢിയിൽ അത്യാഡംബര സൗകര്യങ്ങളോടെ നിർമ്മിച്ചിരിക്കുന്ന ബംഗ്ലാവാണിത്. അലങ്കാരങ്ങൾക്കുവേണ്ടി മാത്രം കോടികൾ ചെലവഴിച്ച് നിർമ്മിച്ച ഈ ബംഗ്ലാവ് പക്ഷെ ഇപ്പോൾ പൊളിച്ചുനീക്കപ്പെടുകയാണ്. ഒരു കുടുംബത്തിന് താമസിക്കാൻ  വേണ്ടതിലും അധികം സൗകര്യങ്ങളുണ്ട് എന്നതാണ് കാരണം. 

luxury-house-demolish-view

റീഗൽ കോർപ്പ് എന്ന കമ്പനിയുടെ ഉടമകളായിരുന്ന മൈക്ക്, ഡിയൻ കോൻലി എന്നിവർ ചേർന്ന്  രണ്ടു പതിറ്റാണ്ട് മുൻപ് പലഘട്ടങ്ങളിലായി നിർമ്മിച്ച ബംഗ്ലാവാണിത്. 40,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബംഗ്ലാവിൽ 86 മുറികളാണുള്ളത്.16 ബാത്ത്റൂമുകൾ, മൂന്ന് നിലകളിലായി ഒരുക്കിയിരിക്കുന്ന ലൈബ്രറി, ഹോം തിയേറ്റർ, എലവേറ്റർ എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന സൗകര്യങ്ങൾ വില്ലാ കൊളീനയിലുണ്ട്. പ്രധാന കിടപ്പുമുറി മാത്രം അഞ്ച് മില്യൺ ഡോളർ (38 കോടി രൂപ) വിലമതിക്കുന്നതാണ്.  2600 ചതുരശ്രയടി വിസ്തീർണത്തിൽ ഒരുക്കിയിരിക്കുന്ന വൈൻ നിലവറ, വൈൻ രുചിക്കാനായി ഒരുക്കിയിരിക്കുന്ന പ്രത്യേക മുറികൾ, ഹോട്ട് ടബ്, വ്യായാമത്തിനുള്ള പ്രത്യേക മുറി, അതിഥികൾക്കായുള്ള മുറി, ജോലിക്കാർക്കുള്ള ക്വാട്ടേഴ്സ് എന്നിങ്ങനെ വീട്ടിലെ ആഡംബര സൗകര്യങ്ങൾക്ക് കണക്കില്ല. 

massive-tennesse-aerial

ബംഗ്ലാവിലെ വാതിൽപ്പിടികൾ മാത്രം രണ്ടു ലക്ഷം ഡോളർ ( ഒന്നരക്കോടി രൂപ) വിലമതിക്കുന്നവയാണ്. സ്വരോവ്സ്കി ക്രിസ്റ്റലിൽ ഒരുക്കിയ ഷാൻലിയറാണ് മറ്റൊരു ആകർഷണം. ടെന്നസി നദിയുടെയും ഗ്രേറ്റ് സ്മോക്കി മലനിരകളുടെയും സൗന്ദര്യം പൂർണമായും ആസ്വദിക്കാവുന്ന വിധത്തിൽ 8.2 ഏക്കർ വിസ്തൃതമായ എസ്റ്റേറ്റിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ പ്രത്യേകതകളുള്ള ബംഗ്ലാവിന് സ്വന്തമായി ഒരു വെബ്സൈറ്റ് പോലുമുണ്ട്. 

luxury-house-bed

ബംഗ്ലാവ് പൊളിച്ചു നീക്കിയശേഷം മൂന്ന് കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യത്തിൽ വീടുകൾ ഒരുക്കാനാണ് നിർമ്മാതാക്കളുടെ പദ്ധതി. പൊളിച്ചുനീക്കാൻ തീരുമാനമെടുത്ത ശേഷം വീട്ടിലെ വസ്തുക്കൾ ലേലം ചെയ്തിരുന്നു. ഉയർന്ന ഗുണനിലവാരമുള്ള വിശേഷപ്പെട്ട വാതിൽപ്പിടികളും സോഫയും  വെബർ പിയാനോയും ഡെസ്കും ഷാൻലിയറുകളും എന്തിനേറെ ബാത്റൂം ഫിക്സ്ചറുകൾ വരെ ലേലത്തിൽ വാങ്ങുന്നതിനായി യൂട്ടയിൽനിന്നും ന്യൂയോർക്കിൽനിന്നും പോലും ആളുകൾ എത്തിയിരുന്നു. വീടുപൊളിച്ചു നീക്കാതെ മറ്റ് നിവൃത്തിയില്ലെങ്കിലും അതിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ ലേലത്തിൽ കൈമാറ്റം ചെയ്തതോടെ വീടിന്റെ പാരമ്പര്യം നശിക്കാതെ കാത്തുസൂക്ഷിക്കാനാവുമെന്ന പ്രതീക്ഷയാണ് ലേല കമ്പനിയുടെ ഉടമയായ സാം ഫറോ പങ്കുവയ്ക്കുന്നത്. 

2011ലും 2016ലും 2020ലുമായി ഇതിനോടകം നാലുതവണ വീട് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവിൽ അഫ്ഗാൻ സൈനിക കോൺട്രാക്ടറായ ഷഫീഖുള്ള 74 കോടി രൂപയ്ക്കാണ് ബംഗ്ലാവ് വിലയ്ക്ക് വാങ്ങിയത്. 

English Summary- Luxury House Demolished

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com