ADVERTISEMENT

റിയൽ എസ്റ്റേറ്റ് പദ്ധതിക്കായി നിക്ഷേപകരിൽ നിന്നുവാങ്ങിയ കോടികൾ വെട്ടിച്ച് കുരുക്കിലായിരിക്കുകയാണ് ന്യൂയോർക്കിലെ ക്വീൻസ് സ്വദേശിയായ റിച്ചാർഡ് സിയാ എന്ന ഡെവലപ്പർ. ഒന്നും രണ്ടുമല്ല 200 കോടിയിലധികം രൂപയാണ് റിച്ചാർഡ് നിക്ഷേപകരിൽ നിന്നും തട്ടിയെടുത്തത്. റിയൽ എസ്റ്റേറ്റ് പദ്ധതി പൂർത്തിയാക്കാതെ സ്വന്തം ഉടമസ്ഥതയിൽ മൂന്ന് ബംഗ്ലാവുകൾ വാങ്ങിക്കൂട്ടുകയാണ് റിച്ചാർഡ്  ചെയ്തത്. 

ക്വീൻസിൽ രണ്ട് റിയൽഎസ്റ്റേറ്റ് പദ്ധതികൾ ആരംഭിക്കുന്നതിനായാണ് ഒരുകൂട്ടം നിക്ഷേപകരിൽ നിന്നും 30 മില്യൺ ഡോളർ സമാഹരിച്ചത്. എന്നാൽ ഇതുപയോഗിച്ച് റിച്ചാർഡ് ലോങ്ങ് ഐലൻഡിൽ മൂന്ന് ബംഗ്ലാവുകൾ വാങ്ങുകയായിരുന്നു എന്ന് സർക്കാർ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഫെഡറൽ കോടതിയിൽ ഫയൽചെയ്ത കേസിൽ ചൂണ്ടിക്കാട്ടുന്നു. നിക്ഷേപങ്ങൾ ഈടായിവച്ച് 30 മില്യൺ ഡോളറിലധികം ലോണെടുത്താണ് ബംഗ്ലാവുകൾ വാങ്ങിയത്. 

ലോങ്ങ് ഐലൻഡിലെ ഗ്രേറ്റ് നെക്കിൽ രണ്ട് എസ്റ്റേറ്റുകളും സാൻഡ്സ് പോയിന്റിൽ ഒരു എസ്റ്റേറ്റുമാണ് റിച്ചാർഡ് സ്വന്തമാക്കിയത്. ഇവയിൽ ഒന്നിൽ റിച്ചാർഡും കുടുംബവും താമസമാക്കിയിട്ടുമുണ്ട്. 13000 ചതുരശ്രയടി വിസ്തീർണമുള്ള ബംഗ്ലാവാണിത്. ഏഴു കിടപ്പുമുറികളും, ഏഴ് ഫയർ പ്ലേസുകളും, 13 ബാത്ത്റൂമുകളും ഉൾപ്പെടുന്ന വീട് മൂന്ന് ഏക്കർ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. പതിനായിരം ചതുരശ്ര അടിയിൽ ഒൻപത് കിടപ്പുമുറികളുള്ള വീടാണ് രണ്ടാമത്തേത്.12 മുറികളുള്ള മൂന്നാമത്തെ ബംഗ്ലാവാകട്ടെ 12,000 ചതുരശ്രഅടി വിസ്തീർണമുള്ളതാണ്. 

അതേസമയം ക്വീൻസിൽ 498 ആഡംബര മുറികളുള്ള ഹോട്ടൽ, കൺവെൻഷൻ സെന്റർ, ചെറുകിട വ്യാപാരത്തിനുള്ള ഇടം, പെർഫോമിങ് ആർട്സ് സെന്റർ എന്നിവ നിർമ്മിക്കുന്നതിനായി ആയിരുന്നു നിക്ഷേപകർ പണം മുടക്കിയത്. നിലവിൽ ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ എങ്ങുമെത്താതെ കിടക്കുകയാണ്.

സംഭവം കേസായതോടെ ഇപ്പോൾ താമസിക്കുന്ന വീട് ബിസിനസുമായി ബന്ധപ്പെട്ട ഓഫിസാണെന്നാണ് റിച്ചാർഡിന്റെ വാദം. മൂന്നാമത്തെ എസ്റ്റേറ്റ് നിർമ്മാണ സൈറ്റിൽ നിന്നും കുഴിച്ചു നീക്കപ്പെടുന്ന മണ്ണ് കൊണ്ടുതള്ളാനുള്ള ഇടമാണെന്നും റിച്ചാർഡ് പറയുന്നു. നിർമ്മാണ സൈറ്റിൽ നിന്നുള്ള മണ്ണ് ഇവിടെയെത്തിച്ച് ഭൂമി നിരപ്പാക്കിയാൽ വിലമതിപ്പ് ഇരട്ടിയാകുമെന്നാണ് ഇയാളുടെ വാദം. എന്നാൽ റിച്ചാർഡിനെതിരെ ഉയരുന്ന ആദ്യത്തെ പരാതിയല്ല ഇത് എന്നതാണ് മറ്റൊരു വസ്തുത. 

ഒരു പതിറ്റാണ്ടിനിടെ ഇതേ മേഖലയുമായി ബന്ധപ്പെട്ട 20 കേസുകളാണ് ഇയാൾക്കെതിരെ ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത്. നിയമപരമായി അല്ലാതെ പണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നവർ വേറെയുമുണ്ട്. എന്നാൽ നിക്ഷേപകരിൽ ആർക്കും ഇന്നേവരെ അവരുടെ മുതൽമുടക്ക് തിരിച്ചു കിട്ടിയിട്ടുമില്ല. പാതിവഴിയിൽ  നിർമാണം നിലച്ച ഒരു കെട്ടിടവും മണ്ണുനീക്കിയുണ്ടായ വലിയ കുഴിയും മാത്രമാണ് നിർമ്മാണ സൈറ്റിൽ നിലവിലുള്ളത്. മുതൽ മുടക്കിയ പണംകൂടി നഷ്ടമായതോടെ പദ്ധതി പൂർത്തിയാക്കാനോ നഷ്ടമായ തുക തിരിച്ചുപിടിക്കാനോ ആവാതെ കഷ്ടത്തിലായിരിക്കുകയാണ് നിക്ഷേപകർ.

English Summary- Real Estate Fraud; Developer converted cash to buy Mansions 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com