ADVERTISEMENT

സ്വന്തം വ്യക്തിത്വം എടുത്തുകാട്ടുന്ന തരത്തിൽ വീട് പെയിന്റ് ചെയ്യാൻ ഒരുങ്ങിയതിന് അയൽക്കാരുടെ ശത്രുതയ്ക്ക് പാത്രമായിരിക്കുകയാണ് മെൽബൺ സ്വദേശിയായ മിക്കി ഓഹല്ലോറൻ എന്ന ഹെയർ സ്റ്റൈലിസ്റ്റ്. സ്വവർഗ്ഗാനുരാഗിയായ മിക്കി, ഫിലിപ്പ് ഐലൻഡിൽ സ്വന്തമാക്കിയ പുതിയ വീട് മഴവിൽ നിറങ്ങളിൽ പെയിന്റ് ചെയ്യാൻ തീരുമാനിച്ചതാണ് അയൽക്കാരുടെ എതിർപ്പിനു കാരണം. 

lgbt-house-interior

2021ലാണ് മിക്കി തീരപ്രദേശത്ത് ഒരു വീട് സ്വന്തമാക്കിയത്. ചാരനിറത്തിലുള്ള വീട് അല്പം വർണാഭമാക്കണമെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെ ഏഴുനിറങ്ങൾ പെയിന്റ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ പെട്ടെന്നൊരു രാത്രി സമീപവാസികൾ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തേക്ക് രോഷാകുലരായി എത്തുകയായിരുന്നു. മഴവിൽ നിറങ്ങൾ പെയിന്റ് ചെയ്യാനുള്ള തീരുമാനം എങ്ങനെയോ അറിഞ്ഞ് അതിൽ എതിർപ്പ് പ്രകടിപ്പിക്കാൻ എത്തിയതായിരുന്നു അവർ. 

lgbt-changes

മിക്കി വീട് അത്തരത്തിൽ പെയിന്റ് ചെയ്യുന്നത് തങ്ങൾക്ക് ഇഷ്ടമല്ലെന്നും എതിർപ്പിനെ അവഗണിച്ച് തീരുമാനവുമായി മുന്നോട്ടുപോയാൽ കൊന്നുകളയുമെന്നും അവർ ഭീഷണിപ്പെടുത്തി. അവരിലൊരാൾ മിക്കിയെ ഉപദ്രവിക്കാനും മുതിർന്നു. സ്വവർഗാനുരാഗികളെയാകെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു അവരുടെ പ്രതിഷേധം. 

ഒരുതെറ്റും ചെയ്യാത്ത തനിക്കുനേരെ സമീപവാസികൾ ഇത്തരത്തിൽ ക്രൂരമായി പെരുമാറിയതിൽ വിഷമം തോന്നിയതായി മിക്കി പറയുന്നു. അധികം വൈകാതെ പോലീസിൽ പരാതിപ്പെടുകയായിരുന്നു. അങ്ങനെ പോലീസെത്തി സമീപവാസിയെ ചോദ്യം ചെയ്യുകയും വധഭീഷണി മുഴക്കിയതിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഏതാനും മാസങ്ങൾക്കുശേഷം ആക്രമിക്കാൻ ശ്രമിച്ചു എന്ന കുറ്റം മാത്രം ചുമത്തി 2500 ഓസ്ട്രേലിയൻ ഡോളർ (ഒന്നേകാൽ ലക്ഷം രൂപ) പിഴയടയ്ക്കാനായിരുന്നു കോടതിയുടെ വിധി. 

തനിക്കുണ്ടായ അപമാനത്തിനും മനോവിഷമത്തിനും ഈ ശിക്ഷ പോരെന്ന് തോന്നിയ മിക്കി സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പോസ്റ്റ് വൈറലായതോടെ സ്വവർഗാനുരാഗികളുടെ കമ്മ്യൂണിറ്റിയിൽനിന്നും പുറത്തുനിന്നുമായി ധാരാളം ആളുകൾ മിക്കിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തുകയായിരുന്നു. ഒരു പെയിന്റ് കമ്പനി 40 ലിറ്റർ പെയിന്റ് സംഭാവനയായി നൽകി. ഇതിനിടെ മഴവിൽ നിറങ്ങൾ പെയിന്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് പ്രാദേശിക ഭരണകൂടത്തിന്റെ ഉറപ്പും അദ്ദേഹം വാങ്ങിയിരുന്നു. നൂറോളം ആളുകൾ ഒത്തുചേർന്നാണ് വീട് ഏഴുനിറങ്ങളിൽ മനോഹരമാക്കിയത്. 

അടുക്കളയും ബാത്റൂമും കബോർഡുകളും അടക്കം മഴവില്ലിന്റെ നിറങ്ങളിലാണ് പെയിന്റ് ചെയ്തത്. എന്നാൽ അപ്പോഴും പ്രശ്നങ്ങളൊടുങ്ങിയില്ല. വീടിന്റെ ഒരു ഭാഗത്തുള്ള അയൽക്കാർ തങ്ങൾക്ക് സർക്കസ് കൂടാരത്തിനു സമീപം താമസിക്കുന്ന പ്രതീതിയാണുള്ളതെന്ന പരാതിയുമായെത്തി. അവരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനായി വീടിന്റെ പുറംഭാഗത്തെ ഒരു ഭിത്തി മാത്രം പെയിന്റ് ചെയ്യാതെ ഒഴിച്ചിട്ടു. എന്നാൽ ആ മര്യാദ തിരിച്ചു കാണിക്കാത്ത അയൽക്കാർ മിക്കിയോട് പിന്നീടും സഹകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഇങ്ങനെയൊരു വീടിനുസമീപം താമസിക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞ അവർ സ്വന്തം വീട് വില്പനയ്ക്കായി പരസ്യപ്പെടുത്തുകയും ചെയ്തു. ഇത്തരക്കാരെ വക വയ്ക്കേണ്ട കാര്യമില്ല എന്ന് മനസ്സിലാക്കിയ മിക്കി ഒഴിച്ചിട്ട ഭിത്തിയും മുറ്റത്തെ വേലിയുമടക്കം മഴവിൽ നിറങ്ങളിൽ പെയിന്റ് ചെയ്താണ് അതിന് മറുപടി കൊടുത്തത്. 

തീരുമാനത്തിൽ ഉറച്ചുനിന്ന് പെയിന്റിങ് പൂർത്തിയാക്കിയശേഷം അയൽക്കാരിൽ നിന്നും യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല എന്നും മിക്കി പറയുന്നു, കടൽത്തീരത്ത് ഏറെ മനോഹരമായാണ് ഇപ്പോൾ മിക്കിയുടെ വീട് കാണപ്പെടുന്നത്. അതുവഴി കടന്നുപോകുന്നവരിൽ ഭൂരിഭാഗവും വീടിന് സമീപത്തുനിന്ന് ഫോട്ടോയെടുക്കാറുമുണ്ട്. കാണുന്നവരുടെ മനസ്സിൽ സന്തോഷം നിറയ്ക്കാൻ തന്റെ വീടിനാവുന്നുണ്ടന്നെ ആത്മവിശ്വാസത്തിലാണ് മിക്കി.

English Summary- neighbours threaten kill man if painting house rainbow colours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com