ADVERTISEMENT

വിദേശരാജ്യങ്ങളിലെ റിയൽഎസ്റ്റേറ്റ് രംഗത്തുളള തട്ടിപ്പുകൾ നൂതനവും അതിശയിപ്പിക്കുന്നതുമാണ്. അത്തരത്തിലൊരു തട്ടിപ്പാണ്  ഇപ്പോൾ ശ്രദ്ധനേടുന്നത്. അമേരിക്കയിലാണ് നടന്നതെങ്കിലും  സംഗതി നമ്മുടെ നാടൻ രീതി തന്നെയാണ് അവലംബിച്ചിരിക്കുന്നത്. കുറഞ്ഞവിലയ്ക്ക് ആദായ വില്പന അതായിരുന്നു ലൈൻ. 

പലപ്പോഴും നമ്മൾ കേൾക്കുന്നത് വസ്തു പണയമോ, ഈടോ നൽകി വായ്പ തരപ്പെടുത്തുന്നവർ വീഴുന്ന ചതിക്കുഴികളെക്കുറിച്ചാണ്. വില്ലൻ സ്ഥാനത്ത് വരുന്നത്  വായ്പ നൽകുന്ന സ്ഥാപനങ്ങളും. വായ്പ തിരിച്ചടവ് മുടങ്ങുമ്പോഴോ, കാലാവധി കഴിയുമ്പോഴോ, വിവിധ കാരണങ്ങൾ പറഞ്ഞ്  പിഴപ്പലിശ ചുമത്തി വസ്തു കൈവശപ്പെടുത്തുന്ന തരം തട്ടിപ്പുകൾ. എന്നാൽ പുതിയ തട്ടിപ്പ് ഉടമസ്ഥനറിയാതെ വസ്തു വിൽപന നടത്തുന്ന രീതിയാണ്. അതോ ഒരിക്കലും വിൽക്കാൻ താല്പര്യമില്ലാത്ത വീടുകളാണ് റിയൽഎസ്റ്റേറ്റ് സൈറ്റുകളിൽ  കുറഞ്ഞവിലയ്ക്ക്  ലിസ്റ്റ് ചെയ്ത് ആളുകളിൽനിന്നും അഡ്വാൻസ് വാങ്ങി മുങ്ങുന്നത്.  നൂറ് കണക്കിന് ആളുകളിൽ നിന്നായി ആറു മില്യൺ ഡോളറാണ് (ഏകദേശം 46 കോടിയോളം രൂപ) തട്ടിപ്പ് നടത്തിയിരിക്കുന്നത്.

ലൊസാഞ്ചലസിലെ ടോറൻസ് സിറ്റിയിലാണ് ഈ റിയൽ എസ്റ്റേറ്റ് കുംഭകോണം നടന്നിരിക്കുന്നത്. അഡോൾഫ് ഷോങ്കിയും സഹോദരി ബിയാങ്ക ഗോൺസാലിസും  ചേർന്നാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇരുവരുംചേർന്ന്  2013 മുതൽ 2016 വരെ  ഒരു തട്ടിക്കൂട്ട് തട്ടിപ്പ് സ്ഥാപനം  രജിസ്റ്റർ ചെയ്തു നടത്തിപ്പോന്നു. ഇതിലൂടെ ധാരാളം വീടുകൾ വില്പനയ്ക്കായി ലിസ്റ്റ് ചെയ്തു. മിക്കതും ഉടമസ്ഥനറിയാതെ,  ചിലതൊക്കെ ഉടമസ്ഥൻ്റെ സമ്മതത്തോടെയായിരുന്നു, പക്ഷേ വിൽക്കാനുള്ള സമ്മതമില്ലായിരുന്നു. പല പേരുകളിൽ വിവിധ ഇടങ്ങളിൽ കമ്പനി  രജിസ്റ്റർ ചെയ്ത്  വെബ്സൈറ്റിൽ  വീടുകളും പ്രോപ്പർട്ടിയും  മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക്  ലിസ്റ്റ് ചെയ്തു.  ആകർഷകമായ വില കണ്ട്  കൂടുതൽ അന്വേഷണമൊന്നും നടത്താതെ പലരും വീടും സ്ഥലവും  ബുക്ക് ചെയ്തു. 

ഒരേവീടുതന്നെ പലരും ബുക്ക് ചെയ്യുകയുണ്ടായി. മാത്രമല്ല വാങ്ങാനെത്തുന്നവരോട് ഏറ്റവും മികച്ച ഓഫർ എന്ന രീതിയിലാണ് കാര്യങ്ങൾ  അവതരിപ്പിച്ചതും. വില്പന നടക്കാത്ത  കാര്യം ചോദിക്കുമ്പോൾ വായ്പ സ്ഥാപനങ്ങളുടെ അപ്രൂവൽ ലഭിക്കാനുള്ള കാത്തിരിപ്പാണെന്ന് പറഞ്ഞുവിശ്വസിപ്പിക്കും. ഒടുവിൽ എന്തായാലും രണ്ടാളും പെട്ടു. 20 വർഷം വരെ ശിക്ഷകിട്ടാവുന്ന കുറ്റമാണിത്. ശിക്ഷാനടപടികൾ പുരോഗമിക്കുകയാണിപ്പോൾ.

English Summary- Real Estate Scam News- Veedu News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com