ADVERTISEMENT

കെട്ടിടനിര്‍മാണത്തിലൂടെ ആഗോളതലത്തില്‍ 28 % കാര്‍ബണ്‍ പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൈദരാബാദ് സ്വദേശിയായ ഹര്‍ഷിത് പുരം ഇത് കേട്ടതാകട്ടെ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരില്‍ സംരംഭകത്വത്തില്‍ മാസ്റ്റേഴ്‌സ് ചെയ്യുമ്പോഴും.
കാലാവസ്ഥാ വ്യതിയാനത്തിനായി എന്ത് ചെയ്യാന്‍ കഴിയും എന്ന് ആലോചനയില്‍ ഹര്‍ഷിതിന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞതാണ് ഇക്കോ-ഫ്രണ്ട്‌ലി വീടുകള്‍ എന്ന ഐഡിയ.

സിംഗപ്പൂരില്‍ ഒരുമിച്ച് പഠിച്ചിരുന്ന കസിന്‍ പരീക്ഷിതുമായി ചേര്‍ന്ന് അങ്ങനെയാണ് ഹര്‍ഷിത് തന്റെ സ്റ്റാര്‍ട്ടപ്പായ ഒക്‌നോ മോഡ്‌ഹോംസ് ആരംഭിക്കുന്നത്. 2021ല്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഇവര്‍ ആദ്യമെടുത്ത തീരുമാനം പരമ്പരാഗത രീതികള്‍ ഒഴിവാക്കി പ്രകൃതിക്ക് ദോഷം വരാത്ത രീതിയിലുള്ള  വീടുകള്‍ നിര്‍മിക്കണം എന്നതായിരുന്നു. അതിനായി സിമന്റ് ഒഴിവാക്കിക്കൊണ്ടുള്ള നിര്‍മാണരീതികളെക്കുറിച്ചാണ് കൂടുതലും പഠിച്ചത്. യുഎസിലൊക്കെ മരം കൊണ്ടുള്ള വീടുകള്‍ ധാരാളം കണ്ടിട്ടുള്ളതിനാല്‍ ആ രീതി പിന്തുടര്‍ന്നാലോ എന്നായിരുന്നു ചിന്ത. ഐകിയയുടെ രൂപസാദൃശ്യമുള്ള തടിവീടുകള്‍ ഇവര്‍ നാട്ടിലൊരുക്കുന്നത് അങ്ങനെയാണ്.

mod-homes-exterior-view


'സിമന്റും കോണ്‍ക്രീറ്റും ഒഴിവാക്കിക്കൊണ്ടുള്ള ഒരു നിര്‍മാണവും നമ്മുടെ നാട്ടില്‍ വിലപ്പോവില്ലല്ലോ. എന്നാല്‍ യുഎസ്എയിലും നോര്‍വേയിലുമൊക്കെ തടിവീടുകളാണ് കൂടുതലും. ഇത്തരം വീടുകള്‍ മഴയത്തും വെയിലത്തും ഒക്കെ നല്ല സ്‌ട്രോങ്ങായി നില്‍ക്കും. ചുഴലിക്കാറ്റും പേമാരിയുമൊക്കെ അതിജീവിക്കാനുള്ള കരുത്ത് ഇവയ്ക്കുണ്ട്. ആ ടെക്‌നോളജി നാട്ടിലും ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന തോന്നലാണ് ഇവിടെ വരെ എത്തിച്ചത്'. ഹാര്‍ഷിത് പറയുന്നു.


പാശ്ചാത്യ രാജ്യങ്ങളില്‍ പൈന്‍ മരത്തിന്റെ തടിയാണ് വീട് നിര്‍മിക്കാന്‍ കൂടുതലായും ഉപയോഗിക്കുന്നത്. ഈ തടിയില്‍ കേടുകൂടാതിരിക്കാന്‍ സഹായിക്കുന്ന ഒരു മിശ്രിതം ചേര്‍ത്താല്‍ 15 വര്‍ഷം വരെ ഇവയ്ക്ക് ഒരു കുഴപ്പവും സംഭവിക്കില്ല. ഇതുപയോഗിച്ചാണ് ഇവരുടെ ഇക്കോ ഫ്രണ്ട്‌ലി വീടുകളുടെ നിര്‍മാണം.

mod-homes-interior


ആവശ്യത്തിനനുസരിച്ച് ലെയറുകളായി തടിഷീറ്റുകള്‍ അടുക്കിയാണ് വീട് നിര്‍മിക്കുന്നത്. ഭാരം കൂടുതല്‍ താങ്ങേണ്ടതാണെങ്കില്‍ അതിനനുസരിച്ച് ലെയറുകള്‍ അടുക്കും. ബേസ് തയ്യാറായിക്കഴിഞ്ഞാല്‍ ഇതിന് മുകളിലേക്ക് ബാക്കി നിര്‍മിക്കും. ഡിസൈനനുസരിച്ച് തടികള്‍ പാക്ക് ചെയ്ത് കസ്റ്റമേഴ്‌സിന് അയച്ച് കൊടുക്കുകയാണ് ചെയ്യുക. നിര്‍ദേശമനുസരിച്ച് ഇവ ഘടിപ്പിക്കേണ്ട ജോലി മാത്രമേ ബില്‍ഡേഴ്‌സിനുള്ളൂ. ഇതിന് പരമാവധി 10 ദിവസമേ എടുക്കുകയുള്ളൂ. ഇന്റര്‍ലോക്ക് ഉപയോഗിച്ചാണ് തടികള്‍ കൂട്ടിയോജിപ്പിക്കേണ്ടത്.

mod-homes-night


ഇത്തരം വീടുകള്‍ക്ക് 50 വര്‍ഷത്തെ കാലാവധിയുണ്ട്. റിസൈക്കിള്‍ ചെയ്യാവുന്ന റോ മെറ്റീരിയല്‍സ് ആയതിനാല്‍ പ്രകൃതിക്ക് യാതൊരു വിധത്തിലും ദോഷമില്ല. വീടിന് ആവശ്യമായി വരുന്ന ഓരോ മരത്തിനും പകരം നാല് ചെടികള്‍ ഹാര്‍ഷിതും പരീക്ഷിതും നട്ട് പിടിപ്പിക്കും.
നിലവില്‍ ബേസ് തയ്യാറാക്കാന്‍ ചെറിയതോതില്‍ സിമന്റ് ഉപയോഗിക്കുന്നുണ്ട്. ഭാവിയില്‍ ഇതിനും ജനലുകളിലെ ഗ്ലാസിനും പകരമായി മറ്റൊരു റോ മെറ്റീരിയല്‍ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഇരുവരും.


കസ്റ്റമര്‍സര്‍വീസില്‍ ഒരു വിട്ടു വീഴ്ചയ്ക്കും ഹര്‍ഷിതും പരീക്ഷിതും തയ്യാറല്ല. 90 ദിവസമാണ് ഒരു വീടിന്റെ സ്ട്രക്ച്ചര്‍ ഡെലിവര്‍ ചെയ്യാനെടുക്കുന്നത്. 90 ദിവസത്തിനുള്ളിൽ തടി വീട്ടിലെത്തിയില്ലെങ്കില്‍ വാങ്ങിയ തുകയുടെ ഒരു ഭാഗം തിരിച്ചു നല്‍കും. ചിക്കമഗളുരുവിലും ഹൈദരാബാദിലുമായി നിലവില്‍ നാല് വീടുകള്‍ ഇവര്‍ ഇത്തരത്തില്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. ഈ വീടുകളെല്ലാം നിലവില്‍ അവധിക്കാല വസതികളായാണ് ഉപയോഗിക്കപ്പെടുന്നത്. ഭാവിയില്‍ ഒരു കുടുംബത്തിന് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഏറെക്കാലം നിലനില്‍ക്കുന്ന വീടുകള്‍ തങ്ങളുടെ നിര്‍മാണരീതിയില്‍ ഒരുക്കി നല്‍കുകയാണ് ഇവരുടെ ലക്ഷ്യം. 

English Summary- Timber House- Sustainable Model- Architecture News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com