ADVERTISEMENT

ജനസംഖ്യ വളര്‍ച്ചാനിരക്കില്‍ 61 വര്‍ഷത്തിനിടെ ഏറ്റവും വലിയ കുറവാണ് ചൈന നേരിടുന്നത്. ഭാവിതലമുറയുടെ കാര്യം ചോദ്യചിഹ്നമായതോടെ മക്കള്‍ക്കായി ജീവിതപങ്കാളികളെ തേടുന്ന തിരക്കിലാണ് ചൈനയിലെ അച്ഛനമ്മമാര്‍. മാട്രിമോണിയല്‍ സൈറ്റുകളിലും അല്ലാതെയുമൊക്കെ വിവാഹാലോചനകള്‍ തകൃതിയായി നടക്കുമ്പോള്‍ കുറച്ച് വ്യത്യസ്തമായി സ്വന്തം രീതിയില്‍ മകന് വധുവിനെ തേടുന്ന ഒരച്ഛന്‍ വൈറലായിരിക്കുകയാണ്.

ചൈനയില്‍ മക്കളുടെ വിവാഹാലോചനകള്‍ക്കായി മാതാപിതാക്കള്‍ ഒന്നിക്കുന്ന 'മാച്ച് മേക്കിങ്'  സ്ഥലങ്ങളിലൊന്നില്‍ തന്റെ 24കാരനായ മകന് വേണ്ടിയായിരുന്നു ഇദ്ദേഹത്തിന്റെ വരവ്. നല്ലൊരു ബന്ധം ലഭിക്കാനായി തന്റെ ഇരുപതിലധികം വസ്തുവകകളാണ് ഇദ്ദേഹം മകന്റെ പേരിലേക്ക് മാറ്റി എഴുതിയത്. അതും ചൈനയുടെ കണ്ണായ നഗരപ്രദേശങ്ങളില്‍ പൊന്നുംവില ലഭിക്കുന്ന സ്ഥലങ്ങള്‍. ഇതിൽ വീടുകളും കടകളും കൃഷിസ്ഥലങ്ങളുമൊക്കെയുണ്ട്. അതിന്റെ ഡോക്യുമെന്റുകളടങ്ങിയ പിങ്ക് ബാഗും ഇദ്ദേഹം ഒപ്പം കൊണ്ടു വന്നിട്ടുണ്ടായിരുന്നു.

ഈ ബാഗും തൂക്കി ഇദ്ദേഹം വധുവിനെ തേടുന്ന കാഴ്ച സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സ്വത്തുവകകൾ ലഭിച്ചതോടെ കോടീശ്വരനായി മാറിയ മകന് ഇനി നല്ലൊരു വധുവിനെ ലഭിക്കും എന്ന പ്രതീക്ഷയിലാകാം ആ പിതാവ്. ഇപ്പോൾ തന്റെ മകന്റെ പേരിലുള്ള റിയൽ എസ്റ്റേറ്റ് സമ്പാദ്യങ്ങൾ കൊണ്ടുമാത്രം അയാൾക്കും ഭാവി വധുവിനും സുഖമായി ജീവിക്കാം എന്നയാൾ പറയുന്നു.

സംഭവത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മക്കളുടെ വിവാഹത്തിനായി ഏതറ്റം വരെയും പോകാന്‍ തയ്യാറായ മാതാപിതാക്കളുടെ ഉത്തമ ഉദാഹരണമാണ് ഇദ്ദേഹമെന്നും മകന് വിവാഹം കഴിക്കണോ വേണ്ടയോ എന്നുപോലും ചിലപ്പോള്‍ ഇദ്ദേഹം അന്വേഷിച്ചിട്ടുണ്ടാകില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു. 

ചൈനയില്‍ 36 വര്‍ഷത്തിനിടെ ഏറ്റവും കുറവ് വിവാഹങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് കഴിഞ്ഞ എട്ട് വര്‍ഷമാണ്. ജനസംഖ്യ വളര്‍ച്ചാനിരക്കിലെ ഇടിവ് ചൈനയുടെ നിർമാണ, റിയൽ എസ്റ്റേറ്റ് മേഖലയിലടക്കം കരിനിഴൽ വീഴ്ത്തിയിരുന്നു. അതായത് യുവതീയുവാക്കള്‍ ഭൂരിഭാഗവും വിവാഹത്തോട് താല്പര്യം കാണിക്കാതെ, സ്വന്തം കുടുംബമായി മാറിത്താമസിക്കാത്ത അവസ്ഥ കാരണം പുതിയ വീടുകൾ/ റെന്റൽ ഹൗസുകൾക്ക് ഡിമാൻഡ് കുറയുന്ന അവസ്ഥ. മിക്കയിടങ്ങളിലും പുതിയ വീട്, ഫ്ലാറ്റ് തുടങ്ങിയവയുടെ പ്രാഥമിക  ഉപഭോക്താക്കൾ  യുവാക്കൾ ആയതിനാലാണിത്. ജനസംഖ്യാ നിരക്കില്‍ വലിയ കുറവ് വന്നതോടെ ഒറ്റക്കുട്ടി നയം മാറ്റി പഴയ മൂന്ന് കുട്ടി പോളിസി കഴിഞ്ഞ വര്‍ഷം ചൈന തിരികെ കൊണ്ടുവന്നിരുന്നു. 

English Summary- Father Gifted Property Worth Crores to Son to find Matchmaking Wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com