ADVERTISEMENT

വീട്ടില്‍ സാധനങ്ങളെല്ലാം ചിട്ടയോടെ അടുക്കി വയ്ക്കാന്‍ സ്‌റ്റോറേജ് സ്‌പെയ്‌സുകള്‍ പണിയുന്നവരാണ് എല്ലാവരും തന്നെ. അടുക്കളകളിലും ലിവിങ് റൂമിലുമാണ് സാധാരണ ഇത്തരം ഷെല്‍ഫുകള്‍ ഉണ്ടാവുക. തുണികള്‍ക്കും മറ്റുമായി ബെഡ്‌റൂമുകളില്‍ കബോര്‍ഡുകളും ഉണ്ടാവും. എന്നാല്‍ സ്‌റ്റോറേജിന് വേണ്ടി മാത്രമായി വീടിന്റെ ഒരുനില, അവിടേക്ക് പോകാനുള്ള നീളന്‍ ഇടനാഴിയുടെ ഇരുവശത്തും ഇടവിടാതെ അടുക്കിയിരിക്കുന്ന ഷെല്‍ഫുകള്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ കുറച്ച് വിചിത്രമായി തോന്നുന്നില്ലേ?

കലിഫോര്‍ണിയയിലെ പ്ലാസര്‍വില്ലെയിലുള്ള ഈ അത്യാഡംബര ബംഗ്ലാവിന്റെ പ്രത്യേകതയും അത് തന്നെയാണ്. സാധാരണക്കാര്‍ക്ക് ആശ്ചര്യം തോന്നുന്നത്ര എണ്ണത്തില്‍ സ്‌റ്റോറേജ് സ്‌പെയ്‌സുകള്‍. പതിനെട്ട് ഏക്കറിലായി ഒരു കുന്നിന്‍ മുകളില്‍ പരന്ന് കിടക്കുന്ന ബംഗ്ലാവ് ഒറ്റ നോട്ടത്തില്‍ ഒരു അത്യുഗ്രന്‍ ആഡംബര വസതിയാണ്. മൂന്ന് ബെഡ്‌റൂമുകളാണ് വീടിനുള്ളത്. ഇത് കൂടാതെ നാലോളം കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന വിശാലമായ ഗ്യാരേജും ഇതിന് മുകളിലായി ആയിരം സ്‌ക്വ.ഫീറ്റില്‍ ചെറിയ ഒരു അപാര്‍ട്ട്‌മെന്റുമുണ്ട്. 4400 സ്‌ക്വയര്‍ ഫീറ്റാണ് വീടിന്റെ ആകെ വിസ്തീര്‍ണം.  

എന്നാല്‍ പിന്നീട് ഉള്ളിലെ കാഴ്ചകളിലേക്ക് കൂടുതല്‍ അടുക്കുമ്പോളാണ് ഇത് കുറച്ച് കൂടിപ്പോയില്ലേ എന്ന് തോന്നിത്തുടങ്ങുക. ബെഡ്‌റൂമിന് സമീപത്ത് തന്നെയുള്ള ഒരു സ്റ്റെയര്‍ നീളുന്നത് തൂവെള്ള നിറത്തിലുള്ള ഒരു മുറിയിലേക്കാണ്. ഒറ്റ നോട്ടത്തില്‍ ലൈബ്രറിക്ക് വേണ്ടി നിര്‍മിച്ചതെന്ന് തോന്നിപ്പിക്കും വിധം അനേകമനേകം ഷെല്‍ഫുകള്‍ കൊണ്ട് നിറഞ്ഞ ഒരു മുറി. ഈ മുറിയും പിന്നിട്ട് നടക്കുമ്പോള്‍ നീണ്ട ഒരു ഇടനാഴിയുണ്ട്. ഇരുവശത്തും നിറയെ ഷെല്‍ഫുകള്‍ ഘടിപ്പിച്ച ഒരു ഇടനാഴി. ഇത് ചെന്നെത്തുന്ന നിലയാണ് വീടിനെ കുറച്ചെങ്കിലും ഭയാനകമാക്കുന്നത്.

storage-house-interior

2000 ചതുരശ്ര അടിയില്‍ സ്റ്റോറേജിന് വേണ്ടി മാത്രമായൊരു നില. തെല്ലിട അകലമില്ലാതെ അടുങ്ങിയിരിക്കുന്ന ആയിരക്കണക്കിന് ഷെല്‍ഫുകള്‍. ഇത്രയുമധികം എന്താണ് വീടിനുള്ളില്‍ സൂക്ഷിക്കാനുള്ളതെന്ന് ആരായാലും ചോദിച്ചു പോകും. ഈ വീടിന്റെ പരസ്യം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞപ്പോള്‍ ഭൂരിഭാഗം ആളുകളുടെയും സംശയവും അത് തന്നെയായിരുന്നു.


മുമ്പിവിടെ താമസിച്ചിരുന്ന ജീന്‍ ക്ലിയറി വലിയ ഷോപ്പിങ് അഡിക്ടായിരുന്നു എന്നാണ് വില്‍പനക്കാര്‍ എല്ലാ സംശയങ്ങള്‍ക്കും നല്‍കുന്ന മറുപടി. കഴിഞ്ഞ വര്‍ഷം തന്റെ 89ാം വയസ്സില്‍ മരണമടഞ്ഞ അവര്‍ ഇക്കാലമത്രയും വാങ്ങിക്കൂട്ടിയ സാധനങ്ങളെല്ലാം സൂക്ഷിക്കാനായിരുന്നു ഈ സ്റ്റോറേജ് സ്‌പെയ്‌സുകളെല്ലാം ഉപയോഗിച്ചത്. ഒറ്റയ്ക്ക് താമസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ജീനിന്റെ കൈവശം ഇരുപത്തിയയ്യായിരത്തിലധികം പുസ്തകങ്ങളും ആയിരക്കണക്കിന് ഡിവിഡികളും വിഎച്ച്എസ് ടേപ്പുകളുമുണ്ടായിരുന്നു.

storage-house-interiors

സ്റ്റോറേജ് നിലയിലുള്ള എല്ലാ ഷെല്‍ഫും നിറയ്ക്കാന്‍ ഈ സാധനങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കിലും ആവശ്യം വന്നേക്കാം എന്ന് കരുതിയാണ് അവര്‍ വീട് രൂപകല്പന ചെയ്തത്. എന്നാല്‍ ജീന്‍ വാങ്ങിക്കൂട്ടിയ സാധനങ്ങളൊന്നും പാഴായി പോയില്ല എന്നതാണ് മറ്റൊരു വസ്തുത. കലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ സാധനസാമഗ്രികള്‍ നഷ്ടപ്പെട്ടവര്‍ക്ക് ജീനിന്റെ വസ്തുക്കളെല്ലാം ബന്ധുക്കള്‍ വീതിച്ച് നല്‍കി. ഇവയെല്ലാം പുതിയ ഉടമകള്‍ക്കൊപ്പം സുരക്ഷിതമായി ഇപ്പോഴും ഇരിപ്പുണ്ട്. 1990ല്‍ തുച്ഛമായ വിലയ്ക്ക് ജീന്‍ വാങ്ങിയതാണ് വീട്. പിന്നീട് തനിക്ക് വേണ്ടുന്ന രീതിയില്‍ റിനോവേറ്റ് ചെയ്‌തെടുത്തു. ഫെബ്രുവരിയില്‍ ആദ്യമായി വില്‍പനയ്ക്ക് വയ്ക്കുമ്പോള്‍ ഏകദേശം ഒരു ബില്യണ്‍ രൂപയിലടുത്തായിരുന്നു വീടിന് നിശ്ചയിച്ചിരുന്ന വില.

English Summary- House with Disturbing Storage; News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com