മഴക്കാലത്ത് മനുഷ്യര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം കഷ്ടതയനുഭവിക്കുന്നത് വളര്‍ത്തുമൃഗങ്ങളാണ്. വീട്ടില്‍ വെള്ളം കയറിയാല്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുമ്പോള്‍ ഇവയെ കൂടെക്കൂട്ടണമെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ അവയെ കെട്ടഴിച്ചെങ്കിലും വിടണമെന്നും ഇക്കാലത്ത് സ്ഥിരം ഓര്‍മപ്പെടുത്തലുകളുണ്ടാകാറുണ്ട്.
ഇത്തരത്തില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ തന്റെ വളര്‍ത്തുനായയെ കൈവിടാതെ നാലുചുറ്റും വെള്ളത്തില്‍ മണിക്കൂറുകള്‍ കഴിച്ച ഒരു പതിനേഴുകാരിയുടെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അമേരിക്കയിലെ കെന്റക്കി സ്വദേശിയായ ക്ലോയ് ആഡംസ് ആണ് കഥയിലെ താരം. കനത്ത മഴയില്‍ വലയുന്ന കെന്റക്കിയില്‍ കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനങ്ങളും മറ്റും കേട്ട് ചെറിയൊരു പേടിയോടെ ഇരുന്ന സമയത്താണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ക്ലോയിയുടെ വീട്ടിലേക്ക് മലവെള്ളം ഇരച്ചെത്തുന്നത്. ആ സമയം വീട്ടില്‍ തനിച്ചായിരുന്നു ക്ലോയി. ഒപ്പമുള്ളത് വളര്‍ത്തു നായ സാന്‍ഡി മാത്രവും. കുട്ടിക്കാലം മുതല്‍ കൂടെയുള്ളതിനാല്‍ സാന്‍ഡിയെ ഉപേക്ഷിച്ച് തനിച്ച് രക്ഷപെടാന്‍ ക്ലോയിക്ക് കഴിയുമായിരുന്നില്ല. ആളുകളെ വിളിച്ച് കൂട്ടി സഹായമഭ്യര്‍ഥിക്കാനുള്ള സമയമൊന്നും ഇല്ലാത്തതിനാല്‍ എങ്ങനെ സുരക്ഷിതസ്ഥാനത്തെത്താമെന്ന ചിന്തയായി ക്ലോയിക്ക്.
വീടിന് പുറത്തേക്ക് നീന്തി രക്ഷപെടാമെന്ന് വിചാരിച്ചെങ്കിലും സാന്‍ഡിക്ക് അതിന് കഴിയുമായിരുന്നില്ല. വെറുതേ ശ്രമം നടത്തി സമയം കളയാനില്ലാത്തതിനാല്‍ അടുത്ത് കിടന്ന ഒരു പ്ലാസ്റ്റിക് പെട്ടിയില്‍ സാന്‍ഡിയെ ഇരുത്തി ഒരു കുഷ്യന് മുകളില്‍ ആ പെട്ടി വച്ച് ഒഴുക്കി വിടാന്‍ ക്ലോയി തീരുമാനിച്ചു. ശേഷം ഒന്നുംനോക്കാതെ വെള്ളത്തിലേക്ക് എടുത്ത് ചാടി ക്ലോയി നീന്തിത്തുടങ്ങി. നിലയില്ലാത്ത വെള്ളമായിരുന്നതിനാല്‍ ഏറെ കഷ്ടപ്പെട്ടായിരുന്നു നീന്തല്‍. ഇടയ്ക്ക് സാന്‍ഡിയെ ഉന്തിയും വലിച്ചും തനിക്കൊപ്പമെത്തിക്കും. തണുത്ത വെള്ളത്തിലൂടെ ഏറെ നേരം അങ്ങനെ നീന്തി ഒടുവില്‍ ദേഹം തളര്‍ന്നപ്പോഴാണ് കുറച്ച് മാറി ഒരു വീടിന്റെ മേല്‍ക്കൂര ക്ലോയിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. വീടിന്റെ ആ ഭാഗമൊഴിച്ച് ബാക്കിയെല്ലാം വെള്ളത്തിലായിരുന്നു.

എങ്ങനെയോ നീന്തി മേല്‍ക്കൂരയുടെ അടുത്തെത്തിയ ക്ലോയി ആദ്യം ചെയ്തത് സാന്‍ഡിയെ മേല്‍ക്കൂരയില്‍ കയറ്റുകയായിരുന്നു. ശേഷം ക്ലോയിയും അതില്‍ വലിഞ്ഞ് കയറി ഇരിപ്പുറപ്പിച്ചു. വെള്ളത്തിന്റെ ഒത്തനടുക്ക് ഒറ്റ മനുഷ്യരുടെയും സാമീപ്യം പോലുമില്ലാതെ നാല് മണിക്കൂറാണ് ക്ലോയിയും സാന്‍ഡിയും അവിടെ ഇരുന്നത്. ഒടുവില്‍ വീടിരുന്ന ഭാഗം മുങ്ങിയതറിഞ്ഞ വീട്ടുകാര്‍ ഒരു ചെറിയ ചങ്ങാടത്തിലെത്തിയാണ് ഇരുവരെയും രക്ഷപെടുത്തിയത്. വീട്ടുകാരെ കണ്ടതോടെ വികാരഭരിതയായ ക്ലോയി സാന്‍ഡിയെ കെട്ടിപ്പിടിച്ച് കരച്ചിലായി. ഇത് കണ്ടുനിന്ന വീട്ടുകാര്‍ക്കും കരച്ചിലടക്കാനായില്ല.
മേല്‍ക്കൂരയ്ക്ക് മുകളില്‍ സാന്‍ഡിയെ ചേര്‍ത്ത് പിടിച്ച് ഇരിക്കുന്ന ക്ലോയിയുടെ ചിത്രം ക്ലോയിയുടെ പിതാവ് ടെറി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചത്. തങ്ങളുടെ ഹീറോ ആണ് ക്ലോയി എന്നും പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടെങ്കിലും എല്ലാമെല്ലാമായ ചിലത് നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.
English Summary- Girl Protected Pet dog in furious flood; Photo Viral