ADVERTISEMENT

വീട് എങ്ങനെ നിർമ്മിക്കണം എന്നതിനെക്കുറിച്ചും അതിനുള്ളിലെ ആഡംബരങ്ങളെക്കുറിച്ചുമെല്ലാം പലർക്കും ധാരാളം സ്വപ്നങ്ങൾ കാണും.  അവയെല്ലാം യാഥാർത്ഥ്യമാക്കാൻ ബുദ്ധിമുട്ടാണെന്ന് തോന്നിയാൽ ആഗ്രഹം അപ്പാടെ മാറ്റിവയ്ക്കുന്നവരുമുണ്ട്. എന്നാൽ ബ്രിട്ടൻ സ്വദേശിനിയായ ജെന്നിഫർ ഐറസ് എന്ന 50 വയസ്സുകാരി തന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ വേണ്ടിവന്നാൽ 'മണ്ണിനടിയിലേക്ക്' പോകാൻ പോലും തയ്യാറാണ്. കാരണം എല്ലാവിധ ആഡംബരങ്ങളുമടങ്ങിയ ഒരു ഗുഹാവീട് എന്ന സ്വപ്നം ഏതാണ്ട് കയ്യെത്തി പിടിക്കാറായതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ജെന്നിഫർ. ഒരു മരുഭൂമിയിലാണ് ജെന്നിഫർ തന്റെ സ്വപ്നവീട് നിർമ്മിച്ചിരിക്കുന്നത്.

ഇത്തരത്തിൽ ഒരു വീട് എന്ന ആഗ്രഹം വർഷങ്ങളായി മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അച്ഛന്റെയും അമ്മയുടെയും മരണശേഷമാണ് അതിനായി ഇറങ്ങിത്തിരിക്കാൻ ജെന്നിഫറിന് തോന്നിയത്. ജീവിതം വളരെ ചെറുതാണെന്നും  ആഗ്രഹിക്കുന്നത് സാധിച്ചിടുക്കാൻ മടിക്കേണ്ടതില്ലെന്നും തോന്നിയതോടെ ഗുഹാവീട് നിർമ്മിക്കാനായി രണ്ടും കൽപ്പിച്ച് ജെന്നിഫർ ഇറങ്ങിത്തിരിച്ചു. ഇരുപതിനായിരം ഓസ്ട്രേലിയൻ ഡോളർ (10 ലക്ഷം രൂപ) നൽകിയാണ് മരുഭൂമിയിൽ വീട് വയ്ക്കാൻ അനുയോജ്യമായ സ്ഥലം ജെന്നിഫർ വാങ്ങിയത്. എൻജിനീയർ കൂടിയായ ജെന്നിഫറിന് മരുഭൂമിയോടുള്ള ഇഷ്ടമായിരുന്നു ഇവിടം തന്നെ തിരഞ്ഞെടുക്കാനുള്ള കാരണം.

cave-house-owner

അങ്ങനെ ഭർത്താവും മക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്ന അഡിലെയ്ഡിലെ വീട്ടിൽ നിന്നും ഒൻപത് മണിക്കൂർ യാത്ര ചെയ്ത് എത്താവുന്ന ഇടത്ത് ജെന്നിഫർ തനിച്ച് വീടിന്റെ നിർമ്മാണം ആരംഭിച്ചു. ഗുഹ നിർമ്മിക്കുന്നതിനുള്ള യന്ത്രങ്ങളെല്ലാം സ്വന്തമായി വാങ്ങിയിരുന്നു. പരമാവധി ചെലവ് കുറച്ചുവേണം വീടിന്റെ നിർമ്മാണം എന്ന് നിർബന്ധമുണ്ടായിരുന്നതിനാൽ കോൺട്രാക്ടർക്കും ആർക്കിടെക്ടിനും കൊടുക്കാനുള്ള പണം ലാഭിക്കുന്നതിനായി ടൺകണക്കിന് മണ്ണ് ജെന്നിഫർ തനിയെയാണ് യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തത്. ഗുഹകൾ നിർമിക്കുന്നതിൽ വിദഗ്ധനായ ഒരു പ്രദേശവാസിയാണ് നിർമ്മാണത്തിൽ ജെന്നിഫറിന്റെ  മെന്റർ. 

രണ്ട് കിടപ്പുമുറികളും ജിമ്മും സോണയും എല്ലാം ഉൾപ്പെടുന്ന ഒരു ആഡംബര ഗുഹാവീടായിരിക്കും  ഇതെന്ന് ജെന്നിഫർ പറയുന്നു. ഷാൻഡ്ലിയറുകൾ സ്ഥാപിക്കുന്നത് കണക്കിലെടുത്ത് ഉയരത്തിലാണ് ഗുഹയുടെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്. 2400 ചതുരശ്രഅടി വിസ്തീർണ്ണമാണ് ഗുഹാവീടിനുള്ളിൽ ഉള്ളത്. വീട് മോടിപിടിപ്പിക്കാൻ ആവശ്യമായ വസ്തുക്കൾ ഇതിനോടകംതന്നെ ഇവർ പലയിടങ്ങളിൽ നിന്നായി കണ്ടെത്തി വാങ്ങിക്കഴിഞ്ഞു. ചെമ്പിൽ നിർമ്മിച്ച ബാത്ത് ടബ്ബും കോഫി മെഷീനും ഇന്ത്യയിൽ നിന്ന് എത്തിച്ച ക്ഷേത്ര വാസ്തുവിദ്യ പ്രകാരം നിർമ്മിച്ച വാതിലുമൊക്കെ ഈ കൂട്ടത്തിൽ പെടും.

മരുഭൂമിയിലെ ചൂട് വേനൽക്കാലത്ത് 50 ഡിഗ്രി വരെ എത്തുമെങ്കിലും ഗുഹയ്ക്കുള്ളിൽ 25 ഡിഗ്രിയിൽ താഴെ മാത്രമേ ചൂട് അനുഭവപ്പെടൂ. നിർമ്മാണത്തിന്റെ തുടക്കത്തിൽ ഒരു ടെന്റിലായിരുന്നു ജെന്നിഫറിന്റെ താമസം.  പിന്നീട് ഒരു കാരവാനിനുള്ളിലേക്ക് താമസം മാറ്റി. നിർമാണസാമഗ്രികൾ കൊടുംചൂടിൽ കേടാകാതെ സൂക്ഷിക്കുന്നതിനായി അവയെല്ലാം കാരവാനിലെ ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നത്. നിലവിൽ സിഡ്നിയിൽ ഒരു കോൺട്രാക്ടറിന് വേണ്ടി ജോലി ചെയ്യുന്ന ജെന്നിഫർ മാസത്തിൽ ഒരു തവണ മരുഭൂമിയിൽ എത്തിയാണ് ഗുഹാ വീടിന്റെ നിർമ്മാണം നടത്തുന്നത്. നിർമ്മാണം കാണുന്നതിനായി മക്കളും ഭർത്താവും എത്താറുണ്ട്.

ഇതുവരെ ഒരു ലക്ഷം ഓസ്ട്രേലിയൻ ഡോളറാണ് (51 ലക്ഷം രൂപ)  നിർമ്മാണത്തിനായി ചെലവായത്. നിർമ്മാണം പൂർത്തിയായ ശേഷം വീട് വാടകയ്ക്ക് നൽകാനാവുമെന്ന പ്രതീക്ഷയിലാണ് ജെന്നിഫർ. തന്റെ വിചിത്രമായ ആഗ്രഹവും അതിനായുള്ള ശ്രമങ്ങളും കണ്ട് സുഹൃത്തുക്കൾ പോലും പരിഹസിക്കുന്നുണ്ട്. എന്നാൽ നിർമ്മാണം പൂർത്തിയാകുമ്പോഴേക്കും അവരുടെ കാഴ്ചപ്പാട് പൂർണമായും മാറും എന്ന ഉറച്ച വിശ്വാസത്തിലാണ് ജെന്നിഫർ.

English Summary- Women spend lakhs to build dream cave house; architecture news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com