ധൈര്യമുണ്ടോ ഇവിടെ താമസിക്കാൻ? മുറിക്കുള്ളിൽ ശവപ്പെട്ടികൾ, അടുക്കളയിൽ ശവം ഒരുക്കുന്ന മേശ; വിചിത്ര വീട്

funeral-home
©SWNS
SHARE

അവധിദിനങ്ങൾ ഏറ്റവും വ്യത്യസ്തമായി ആഘോഷിക്കാനുള്ള മാർഗ്ഗങ്ങൾ തിരയുന്നവർക്ക് താമസിക്കാനായി അല്പം സാഹസികത നിറഞ്ഞ ഒരിടം ഒരുക്കിയിരിക്കുകയാണ് സ്റ്റുവർട്ട്, വിക്ടോറിയ എന്നീ ദമ്പതികൾ. ഇംഗ്ലണ്ടിലെ വോർസെസ്റ്റർഷയറിൽ ഒരു പ്ലോട്ടിൽ സ്ഥിതിചെയ്യുന്ന മൂന്ന് വ്യത്യസ്ത കെട്ടിടങ്ങളാണ് ഇവർ അതിഥികൾക്ക് വാടകയ്ക്ക് വിട്ടു നൽകുന്നത്. എന്നാൽ ഇവ സാധാരണ കെട്ടിടങ്ങൾ അല്ല എന്നതാണ് പ്രത്യേകത. 

ജഡങ്ങൾ ശവസംസ്കാരത്തിന് ഒരുക്കി എടുക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഒരു ഫ്യൂണറൽ ഹോമാണ് കെട്ടിടങ്ങളിൽ ഒന്ന്. കിണറിനോട് ചേർന്ന് നിൽക്കുന്ന ഒരു വെൽ ഹൗസും സെമിത്തേരിക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന ചെറിയ പള്ളിയുമാണ് മറ്റു രണ്ടു കെട്ടിടങ്ങൾ. പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കെട്ടിടങ്ങൾ അവയുടെ തനിമ നഷ്ടപ്പെടുത്താതെ പുതുക്കിയെടുത്ത് വാടകക്കാർക്കുള്ള താമസസൗകര്യമായി മാറ്റിയെടുത്തിരിക്കുകയാണ് സ്റ്റുവർട്ട്.

converted-funeral-home
©SWNS

കെട്ടിടങ്ങളുടെ ചരിത്രം മറച്ചു വയ്ക്കാതെയാണ് അവ മോടി പിടിപ്പിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഇവ പണ്ട് എന്തായിരുന്നു എന്ന് ഓരോ നിമിഷവും താമസക്കാർ ഓർമിക്കത്തക്ക രീതിയിലാണ് ഇവിടം ഒരുക്കിയിരിക്കുന്നത്. ഫ്യൂണറൽ ഹോമിനുള്ളിലെ ഭിത്തിയിൽ ഇടം പിടിച്ചിരിക്കുന്ന ശവപ്പെട്ടികളാണ് അവയിൽ പ്രധാനം. ശവസംസ്കാരങ്ങൾ നടത്തുന്ന ഒരു ഫ്യൂണറൽ ഡയറക്ടറിൽ നിന്നും വാങ്ങിയവയാണ് ഇവ. അടുക്കളയിലാകട്ടെ ജഡങ്ങൾ എംബാം ചെയ്യാനായി ഉപയോഗിച്ചിരുന്ന മേശ ഉൾപ്പെടുത്തിയിരിക്കുന്നു.

funeral-home-bath
©SWNS

വെൽ ഹൗസാണ് കെട്ടിടങ്ങളിലെ ഏറ്റവും ഭീതി ഉണർത്തുന്ന ഒന്ന്. പതിനെട്ടാം നൂറ്റാണ്ടിൽ വെള്ളത്തിൽ മുങ്ങി മരിച്ച ഒരു ഫ്രാൻസ് സ്വദേശിയുടെ ആത്മാവ് ഈ വെൽ ഹൗസിനുള്ളിൽ വസിക്കുന്നുണ്ടെന്നാണ് പരക്കെയുള്ള വിശ്വാസം. മരിച്ച വ്യക്തിയുടെ പേരും മരണം നടന്ന തീയതിയും എല്ലാം ആലേഖനം ചെയ്ത ഒരു സ്മാരകം വെൽ ഹൗസിന്റെ മുൻ ഭിത്തിയിൽ തന്നെ ഇടം പിടിച്ചിട്ടുണ്ട്. ഓരോ കെട്ടിടവും ഒരു കിടപ്പുമുറി വീതമുള്ള കോട്ടേജുകളായാണ് പുനർ നിർമ്മിച്ചിരിക്കുന്നത്.

funeral-home-bed

ഒരു രാത്രി തങ്ങുന്നതിന് 220 ഡോളറാണ് (17,896 രൂപ) വാടക. ഗോഥിക് വാസ്തുവിദ്യാ ശൈലി ഇഷ്ടപ്പെടുന്നവരും മാന്ത്രിക വിദ്യ ഇഷ്ടപ്പെടുന്നവരും ചരിത്രാന്വേഷകരുമൊക്കെയാണ് പ്രധാനമായും ഇവിടെ വാടകക്കാരായി എത്താറുള്ളത്. അസ്വാഭാവികമായ പല അനുഭവങ്ങളും ഇവിടെ താമസിക്കുമ്പോൾ ഉണ്ടാകാറുണ്ട് എന്ന് സ്റ്റുവർട്ട് പറയുന്നു. സെക്കന്റുകൾ കൊണ്ട് താപനിലയിൽ ഉണ്ടാകുന്ന മാറ്റമാണ് ഭയപ്പെടുത്തുന്ന മറ്റൊരു അനുഭവം. ഭയമില്ലാതെ ഇവയെല്ലാം ആസ്വദിക്കാൻ മനസ്സുള്ളവർക്ക് ഏറ്റവും യോജിച്ച ഇടം എന്നാണ് സ്റ്റുവർട്ട് ഇതിനെ വിശേഷിപ്പിക്കുന്നത്.

English Summary- Funeral House turned Vacation Rental- House News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS