ഒരു വീട് സ്വന്തമാക്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്നാണ്. പലർക്കും ഒരായുഷ്കാലത്തെ സമ്പാദ്യമത്രയും വീട് സ്വന്തമാക്കാനായി നീക്കി വയ്ക്കേണ്ടിവരും. എന്നാൽ തന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ പലർക്കും സ്വപ്നം പോലും കാണാനാവാത്തത്രയും വിലമതിപ്പുള്ള ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ് യുകെയിലെ സ്റ്റോക്ക്പോർട്ട് സ്വദേശിയായ സാറ യാട്സ് എന്ന യുവതി. പതിനാലാം വയസ്സിൽ പത്രം ഇടുന്ന ജോലിക്ക് പോയകാലം മുതൽ സമ്പാദിച്ച പണം ചേർത്തുവച്ചാണ് സാറ തന്റെ സ്വപ്നഭവനം സ്വന്തമാക്കിയത്.
ചെറുപ്പത്തിൽതന്നെ പണം സമ്പാദിക്കുക എന്നത് സാറയുടെ ശീലമായിരുന്നു. പത്രമിട്ടു തുടങ്ങിയതോടെ അതിൽനിന്നും ലഭിക്കുന്ന വരുമാനം സമ്പാദിച്ചുതുടങ്ങി. എന്നാൽ കൂട്ടുകാരിൽ ചിലർ ഈ ജോലി ചെയ്യുന്നത് കണ്ടശേഷം നാണക്കേടുകൊണ്ട് അത് നിർത്തുകയായിരുന്നു. പിന്നീട് പത്തൊമ്പതാം വയസ്സിൽ ജേർണലിസ്റ്റായി ജോലി നേടി. ഈ സമയത്തെല്ലാം അച്ഛനും അമ്മയ്ക്കും ഒപ്പം കഴിഞ്ഞിരുന്നതിനാൽ ലഭിക്കുന്ന വരുമാനത്തിൽ നിന്നും നല്ലൊരു ശതമാനം സമ്പാദ്യമായി നീക്കിവയ്ക്കാൻ സാറയ്ക്ക് സാധിച്ചു. ഒടുവിൽ 24-മത്തെ വയസ്സിലാണ് തന്റെ സമ്പാദ്യം ഉപയോഗിച്ച് ഒരു വീട് വാങ്ങാൻ സാറ തീരുമാനിച്ചത്.
145,000 പൗണ്ട് (1 കോടി 44 ലക്ഷം) ആയിരുന്നു വീട് വാങ്ങാനായി സാറയുടെ ബജറ്റ്. മാതാപിതാക്കളുടെ വീടിന്റെ സമീപപ്രദേശങ്ങളിൽ തന്നെ പല വീടുകളും വാങ്ങാൻ ശ്രമിച്ചെങ്കിലും ഉടമസ്ഥർ ആവശ്യപ്പെട്ട തുക അധികമായിരുന്നു. വിൽപനയ്ക്കായി പരസ്യപ്പെടുത്തുന്ന തുകയിലും അധികം നൽകാൻ തയ്യാറുള്ളവർ ഉണ്ടെന്ന് അപ്പോൾ മാത്രമാണ് സാറ തിരിച്ചറിഞ്ഞത്. ഒടുവിൽ ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ പ്രാന്തപ്രദേശത്താണ് കൊക്കിലൊതുങ്ങുന്ന വിലയിലുള്ള ഒരു വീട് ഇവർക്ക് കണ്ടെത്താനായത്.

രണ്ട് കിടപ്പുമുറികളും ടെറസ്സുമുള്ള വീട് അല്പം ബലക്ഷയമുള്ള അവസ്ഥയിലായിരുന്നിട്ട് പോലും 140,000 പൗണ്ടാണ് (1 കോടി 39 ലക്ഷം രൂപ) ഉടമസ്ഥർ ആവശ്യപ്പെട്ടിരുന്നത്. തന്റെ ബജറ്റിൽ ഒതുങ്ങുന്ന തുകയായതിനാൽ അത് വാങ്ങാൻതന്നെ സാറ തീരുമാനിച്ചു. അതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. വീട് നവീകരിച്ചെടുക്കുമ്പോൾ പുതിയതൊന്നു വാങ്ങുന്നതിനേക്കാൾ തന്റെ അഭിരുചികൾക്കനുസരിച്ച് മാറ്റം വരുത്താനാവും എന്നതാണ് സാറയെ ആകർഷിച്ചത്. എന്നാൽ ഇതിനിടെ 2020ൽ കോവിഡ് വ്യാപനം വന്നതോടെ വീടിന്റെ വിലമതിപ്പ് അല്പം കുറഞ്ഞതിനാൽ 139,000 (1 കോടി 38 ലക്ഷം രൂപ ) സാറ വീട് സ്വന്തമാക്കി.
പണം സമ്പാദിക്കുന്നതെങ്ങനെയെന്ന് ഉപദേശം നൽകുന്ന സൈറ്റുകളുടെ സഹായത്തോടെയാണ് വീട് വാങ്ങാനുള്ള പണം സ്വരൂപിക്കാനായത് എന്ന് സാറ പറയുന്നു. ഈടുവച്ച് പണം എടുക്കാനുള്ള കൃത്യമായ സ്ഥലവും പലിശ നിരക്കും എല്ലാം കണക്കുകൂട്ടി തിട്ടപ്പെടുത്താൻ സാധിച്ചതാണ് സഹായകരമായത്. വീട് സ്വന്തമാക്കിയ ശേഷവും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ 9 മാസം വേണ്ടിവന്നു. അതിലും പണം നഷ്ടമാവാതെ നിയന്ത്രണത്തിൽ നിർത്തിക്കൊണ്ട് പരമാവധി മോടി പിടിപ്പിക്കാനുള്ള മാർഗങ്ങൾ സാറ അവലംബിച്ചിരുന്നു.

യൂട്യൂബിന്റെ സഹായത്തോടെ ടൈലിങ്ങും പെയിന്റിങ്ങുമെല്ലാം സാറ സ്വയം ചെയ്യുകയായിരുന്നു. ഗുണമേന്മയുള്ളതും എന്നാൽ താരതമ്യേന കുറഞ്ഞ വിലയുള്ളതുമായ വസ്തുക്കൾ നിർമ്മാണത്തിനായി തിരഞ്ഞെടുത്തു. സഹായം വേണ്ട അവസരങ്ങളിൽ സുഹൃത്തുക്കളെയും ബന്ധുക്കളെയും ജോലി ചെയ്യാനായി വിളിച്ചതോടെ കുറഞ്ഞ ചെലവിൽ തന്നെ നവീകരണം പൂർത്തിയാക്കാൻ സാധിച്ചു. തന്റെ പ്ലാനിങ്ങുകൾ ഒന്നും തെറ്റാതെ കൃത്യമായി പണം ചെലവഴിച്ച് ഇത്രയും ഭംഗിയുള്ള ഒരു വീട് നിർമ്മിച്ച എടുക്കാനായതിന്റെ സന്തോഷത്തിലാണ് സാറ. ചെറിയ തുകയ്ക്ക് ലഭിക്കുന്ന വാടക വീടുകൾ അന്വേഷിച്ച് നടക്കുന്ന തന്റെ സമപ്രായക്കാർ പലരും ഇപ്പോൾ പണം കൃത്യമായി സമ്പാദിക്കേണ്ടത് എങ്ങനെയാണെന്ന് അഭിപ്രായം ചോദിക്കാറുണ്ടെന്നും സാറ പറയുന്നു.
English Summay- Young Women Own Dreamhome after Years of Hardwork- Inspirational News