ADVERTISEMENT

വീടുപണിക്കെത്തുന്ന ജോലിക്കാരും  കരാറുകാരും ഉടമസ്ഥരെ കബളിപ്പിക്കുന്ന വാർത്തകളാണ് ഏറെയും. എന്നാൽ ചുരുക്കം ചില സാഹചര്യങ്ങളിലെങ്കിലും ഉടമയെ വിശ്വസിച്ച് പണിപൂർത്തിയാക്കിയ ശേഷം ചെയ്ത ജോലിയുടെ ശമ്പളം ലഭിക്കാതെ വിഷമിക്കുന്നവരുമുണ്ട്. അത്തരത്തിൽ  വീടിന്റെ മേൽക്കൂരയിൽ ഓടുപാകുന്ന ജോലി പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും പണം ലഭിക്കാതെ വന്നതോടെ ഒരു ടൈലിങ് ജോലിക്കാരൻ വീട്ടുടമയ്ക്കെതിരെ നടത്തിയ പ്രതിഷേധമാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. ഓസ്ട്രേലിയയിലെ മെൽബണിലാണ് സംഭവം.

സൈമൺ മക്ഫെർസൺ എന്ന വ്യക്തി എട്ടു മാസങ്ങൾക്കു മുൻപാണ് അഡ്രിയൻ പഡോയിൻ എന്ന ആളുടെ വീടിന്റെ മേൽക്കൂരയിൽ ഓടുകൾ പാകുന്ന ജോലി ഏറ്റെടുത്തത്. പണി പൂർത്തിയാക്കിയ ശേഷം 6,994 ഡോളറിന്റെ (നാലു ലക്ഷം രൂപ) ബില്ല് അഡ്രിയന് കൈമാറുകയും ചെയ്തു. എന്നാൽ ജോലി ആരംഭിക്കുന്നതിനു മുൻപ് നൽകിയ ഡെപ്പോസിറ്റ് തുകയല്ലാതെ മറ്റൊന്നും മാസങ്ങൾ പിന്നിട്ടിട്ടും സൈമണിന് ലഭിച്ചില്ല. പലയാവർത്തി പണം ആവശ്യപ്പെട്ടെങ്കിലും തനിക്ക് കുറച്ച് പണം കിട്ടാനുണ്ടെന്നും ദിവസങ്ങൾക്കുള്ളിൽ  പണം തരാമെന്നും പറഞ്ഞ് അപ്പോഴെല്ലാം അഡ്രിയൻ കൈമലർത്തി.

എട്ടു മാസങ്ങൾ പിന്നിട്ടിട്ടും പണം കിട്ടാതെ വന്നതോടെ ഒടുവിൽ ഇനിയും പണം നൽകിയില്ലെങ്കിൽ താൻ പാകിയ ഓടുകളെല്ലാം നീക്കം ചെയ്യുമെന്ന് സൈമൺ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ സൈമണിന്റെ ഭീഷണി മുഖവിലയ്ക്കെടുക്കാതിരുന്ന അഡ്രിയൻ അതിനുശേഷവും പണം നൽകാൻ കൂട്ടാക്കിയില്ല. ഇത്തരം തർക്കങ്ങളിൽ മധ്യസ്ഥം വഹിക്കാനായി വിക്ടോറിയൽ സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിലവിലുണ്ടെങ്കിലും അവിടെ പരാതിപ്പെടുന്നത് ഏറെ പണച്ചെലവുള്ള കാര്യമായതിനാൽ ഇക്കാര്യം സ്വയം കൈകാര്യം ചെയ്യാൻ സൈമൺ തീരുമാനിക്കുകയായിരുന്നു.

അങ്ങനെ ഏതാനും ദിവസങ്ങൾക്കു മുൻപ് സൈമൺ അഡ്രിയന്റെ വീട്ടിലെത്തി മേൽക്കൂരയിൽ കയറി ഓടുകൾ ഓരോന്നായി എടുത്ത് താഴേക്കെറിഞ്ഞു തുടങ്ങി. നിസ്സഹായനായി നോക്കിനിന്ന അഡ്രിയൻ സൈമണുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. സൈമണിന്റെ ജോലിക്കാരിൽ ഒരാൾ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മേൽക്കൂരയിൽ നിന്ന് ഇറങ്ങാനും താഴെ ഇറങ്ങിയാൽ ആക്രമിക്കുമെന്നും അഡ്രിയൻ ആക്രോശിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. എന്നാൽ പണം നൽകാത്തിടത്തോളം ടൈലുകൾ തന്റേതാണെന്ന് പറഞ്ഞ സൈമൺ അവ നീക്കം ചെയ്ത ശേഷമേ താഴെയിറങ്ങു എന്ന് പ്രതികരിക്കുകയായിരുന്നു.

dispute
©Nine

ഇതോടെ വിഡിയോ പകർത്തി കൊണ്ടിരുന്ന ജോലിക്കാരന് സമീപത്തെത്തി പ്രതിഷേധം അവസാനിപ്പിക്കാൻ അഡ്രിയൻ ആവശ്യപ്പെട്ടെങ്കിലും ബിൽ തുക നൽകിയാൽ തങ്ങൾ തന്നെ ഓടുകൾ തിരികെ സ്ഥാപിക്കാം എന്നായിരുന്നു ലഭിച്ച മറുപടി. ഇരുകൂട്ടരും സഹായം തേടി പോലീസിനെ വിളിച്ചെങ്കിലും ഇരുവർക്കും എതിരെ നടപടികളൊന്നും എടുത്തില്ല. ഒടുവിൽ സൈമൺ എത്രയൊക്കെ നാശം വരുത്തിയാലും താൻ ഓടുകൾ പഴയ പടി സ്ഥാപിക്കുമെന്നും എന്നാൽ ഒരു കാരണവശാലും സൈമണിന്റെ പണം നൽകില്ല എന്നുമുള്ള നിലപാടിലായിരുന്നു അഡ്രിയൻ.

സൈമൺ അല്പം കൂടി ക്ഷമ കാണിക്കണമായിരുന്നുവെന്നും ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ കടം വീട്ടാൻ തയ്യാറെടുക്കുകയായിരുന്നു താനെന്നുമാണ് അഡ്രിയന്റെ വിശദീകരണം. ഓടുകൾക്ക് നാശം വരുത്തിയ പ്രവർത്തി അങ്ങേയറ്റം നിന്ദ്യമാണെന്നും സൈമണിന്റെ തൊഴിൽ മേഖലയെ തന്നെ അത് മോശമായി ബാധിക്കുമെന്നുമുള്ള അഭിപ്രായത്തിലാണ് അഡ്രിയൻ.

English Summary- Worker Rips Roof Tiles in Protest for not being Paid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com