ADVERTISEMENT

ജനക്ഷേമത്തിനായി സംസ്ഥാന - കേന്ദ്ര സർക്കാറുകൾ പ്രഖ്യാപിക്കുന്ന പദ്ധതികളിൽ നിന്നും തുക കൈപ്പറ്റുന്നവർ ആ പണം പിന്നീട് മറ്റാവശ്യങ്ങൾക്കായി വിനിയോഗിക്കുന്ന സംഭവങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ ഉത്തർപ്രദേശിലെ ബരാബങ്കിയിലുള്ള നാല് യുവതികൾ ഇത്തരത്തിൽ PMAY ഭവന പദ്ധതിപ്രകാരം പണം ലഭിച്ച ശേഷം അതുമായി കാമുകന്മാർക്കൊപ്പം ഒളിച്ചോടുകയാണ് ചെയ്തത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നഗരവാസികളുടെ ഭവനക്ഷാമം പ്രശ്നം പരിഹരിക്കാനായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. 

പദ്ധതി പ്രകാരം പണം ലഭിക്കുന്നതിനായി ഗൃഹനാഥ വീടിന്റെ ഉടമയോ സഹ ഉടമയോ ആയിരിക്കണമെന്ന് കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്.  ഇതു പ്രകാരം നാല് യുവതികളുടെയും അക്കൗണ്ടിലേക്കായിരുന്നു പണം എത്തുന്നത്. അത്തരത്തിൽ ആദ്യ ഗഡുവായി 50,000 രൂപ അക്കൗണ്ടിലെത്തിയപ്പോൾ നാല് യുവതികളും ആ പണവും എടുത്ത് കാമുകന്മാർക്കൊപ്പം നാടുവിടുകയായിരുന്നു.  ആദ്യ ഗഡു വാങ്ങിയ ശേഷം നടത്തേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല എന്ന കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം വെളിവായത്.

എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ നോട്ടീസ് അയച്ചെങ്കിലും പ്രതികരണം ഒന്നും ലഭിച്ചിരുന്നില്ല. ഏതാനും ദിവസങ്ങൾക്കു ശേഷം ഇവരുടെ ഭർത്താക്കന്മാരാണ് ഓഫീസിലെത്തി യുവതികൾ കാമുകന്മാർക്കൊപ്പം നാടുവിട്ടതായി  ഉദ്യോഗസ്ഥരെ അറിയിച്ചത്. പദ്ധതി തുകയുടെ രണ്ടാമത്തെ ഗഡു ഭാര്യമാരുടെ അക്കൗണ്ടിലേക്ക് അയക്കരുത് എന്നും ഇവർ അപേക്ഷിച്ചിരുന്നു. കാര്യങ്ങൾ വ്യക്തമായെങ്കിലും നാലുപേർക്കുമായി നൽകിയ രണ്ട് ലക്ഷം രൂപ എങ്ങനെ തിരിച്ചുപിടിക്കും എന്നതാണ്   അധികൃതരെ കുഴക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരുടെയും ഭർത്താക്കന്മാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഭാര്യമാരെ കണ്ടെത്തി എത്രയും വേഗം തിരികെ എത്തിക്കാനാണ് ഉദ്യോഗസ്ഥർ ഇവർക്ക് നിർദേശം നൽകിയിരിക്കുന്നത്. സർക്കാർ വിഹിതമായി നൽകുന്ന പണം ദുരുപയോഗം ചെയ്താൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന്  ഉദ്യോഗസ്ഥർ അറിയിക്കുന്നു.

പദ്ധതി പ്രകാരം ബരാബങ്കി ജില്ലയിൽ 1604 കുടുംബങ്ങൾക്കാണ് വീട് നിർമിക്കാൻ അനുമതി ലഭിച്ചത്. എല്ലാവർക്കും ആദ്യ ഗഡു കൈമാറുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ  ഒളിച്ചോടിയ നാല് യുവതികൾ അടക്കം പണം കൈപ്പറ്റിയ 40 വ്യക്തികൾ ഭവന നിർമ്മാണം ആരംഭിച്ചിട്ടില്ല എന്ന് കണ്ടെത്തി.

English Summary- Married Women Elope with Lovers after receiving PMAY money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com