ADVERTISEMENT

വീടുകളുടെ നിർമാണത്തിൽ അനന്ത സാധ്യതകളാണ് ഉള്ളത്. കോടികൾ മുടക്കി അത്യാഡംബര സൗകര്യങ്ങളോടെ ഒരുക്കുന്ന കൂറ്റൻ ബംഗ്ലാവുകൾ മുതൽ കുറഞ്ഞ ചെലവിൽ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ചെറിയ വീടുകൾവരെ ആകൃതിയും വൈവിധ്യവുംകൊണ്ട് ജനശ്രദ്ധ നേടാറുണ്ട്. എന്നാൽ കലിഫോർണിയയിലെ മരുഭൂമി സമാനമായ ജോഷ്വാ ട്രീ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വീടുപോലെ ഒന്ന് ലോകത്ത് മറ്റെവിടെയും കാണാനായെന്ന് വരില്ല. കാരണം ഇതൊരു അദൃശ്യ വീടാണ്. ഇപ്പോൾ ഈ വീട് പുതിയ ഉടമസ്ഥരെ തേടി വിപണിയിൽ എത്തിയിരിക്കുകയാണ്.

സാങ്കല്പിക കഥകളുമായി ഭൂമിയെ ബന്ധിപ്പിക്കുന്ന എന്തോ ഒന്നാണിതെന്ന് കരുതണ്ട. പാറക്കെട്ടുകൾ നിറഞ്ഞ മരുഭൂമിയിൽ പൂർണ്ണമായും കണ്ണാടി ഭിത്തികളോടെ നിർമ്മിച്ചിരിക്കുന്ന വീടാണിത്. ഫലമോ ചുറ്റുമുള്ള പ്രദേശങ്ങൾ വീട് അതേപടി പ്രതിഫലിപ്പിക്കുന്നതിനാൽ അല്പം അകലെ നിന്ന് നോക്കിയാൽ അങ്ങനെയൊരു നിർമിതി അവിടെ ഉണ്ടെന്ന് തോന്നുകയേയില്ല. ഈ പ്രത്യേകതകൊണ്ടു തന്നെ ഇൻവിസിബിൾ ഹൗസ് എന്നാണ് വിചിത്ര വീടിന് പേര് നൽകിയിരിക്കുന്നത്.

invisible-house

ചലച്ചിത്ര നിർമ്മാതാക്കളായ ക്രിസ്, റോബർട്ട ഹാൻലി എന്നിവരുടെ ഉടമസ്ഥതയിലുള്ള വീട് 2019 ലാണ് നിർമ്മിക്കപ്പെട്ടത്.  നിരവധി സെലിബ്രിറ്റികൾക്ക് ആതിഥ്യം വഹിച്ച വീട് ലോകത്തെ ഏറ്റവും ആശ്ചര്യമുളവാക്കുന്ന അവധിക്കാല വസതികൾ എന്ന നെറ്റ്ഫ്ലിക്സ് സീരീസിൽ ഇടവും നേടിയിട്ടുണ്ട്.

സാധാരണയിൽ നിന്നും വ്യത്യസ്തമായി ദീർഘവൃത്താകൃതിയിലാണ് വീടിന്റെ നിർമ്മാണം. പുറംഭിത്തികൾ തറ മുതൽ മേൽക്കൂര വരെ പൂർണ്ണമായും പ്രതിഫലിപ്പിക്കുന്ന ഗ്ലാസുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ വീടിനകത്ത് കയറിയാലും വ്യത്യസ്തമായ അനുഭവമാണ് ഉണ്ടാവുക. അതായത് അകത്തിരുന്നുകൊണ്ടുതന്നെ പുറത്ത് എന്നപോലെ കാഴ്ചകൾ ആസ്വദിക്കാനാവും.

invisible-house-inside

മൂന്ന് കിടപ്പുമുറികളും നാലു ബാത്റൂമുകളുമാണ് ഇവിടെയുള്ളത്. നൂറടി നീളത്തിലുള്ള ഇൻഡോർ പൂളും അതിനോട് ചേർന്നുള്ള ഓപ്പൺ ഏരിയയുമാണ് അകത്തളത്തിലെ പ്രധാന ആകർഷണം. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ അടുക്കളയും മൂന്നു ടെസ്‌ലകൾ ചാർജ് ചെയ്യാനാവുന്ന സ്റ്റേഷനുമെല്ലാം മറ്റു പ്രത്യേകതകളാണ്. 

വിൽക്കാൻ തീരുമാനിക്കുന്നതിനു മുൻപ് വാടക അടിസ്ഥാനത്തിൽ ഇവിടെ താമസിക്കാൻ അവസരം ഒരുക്കിയിരുന്നു. ഒരു മാസം താമസിക്കുന്നതിന്  150,000 ഡോളറും (1.24 കോടി രൂപ) ഒരു ദിവസത്തേക്ക് 6000 ഡോളറുമാണ് (4.9 ലക്ഷം രൂപ) ഈടാക്കിയിരുന്നത്. ഇതിനുപുറമേ വീടിന്റെ വ്യത്യസ്തത കണ്ടാസ്വദിക്കാൻ എത്തുന്നവർക്കായി മണിക്കൂറിന് 1000 ഡോളറിനും (82000 രൂപ) വീടുവിട്ട് നൽകിയിരുന്നു.

18 മില്യൺ ഡോളർ (148.84 കോടി രൂപ) ആവശ്യപ്പെട്ടുകൊണ്ടാണ് വ്യത്യസ്തമായ ഈ വീട് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. ജോഷ്വാ ട്രീയിലെ തന്നെ ഏറ്റവും വിലയേറിയ വീടാണ് ഇതെന്ന് പരസ്യ കമ്പനി പറയുന്നു. ആവശ്യപ്പെടുന്നതിന്റെ പകുതി വിലയ്ക്ക് വില്പന നടന്നാൽ പോലും പ്രദേശത്തെ ഏറ്റവും ഉയർന്ന വിലയിലുള്ള ഭവന കൈമാറ്റമാകും ഇതെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. താരതമ്യേന ഉൾപ്രദേശത്തുള്ള വീടായതിനാൽ ജോഷ്വാ ട്രീയുടെ സാംസ്കാരിക തനിമയെക്കുറിച്ച് അറിവുള്ള അമേരിക്കക്കാർ തന്നെയാവും വീടിന് പുതിയ ഉടമസ്ഥരായി എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary- Invisible House in Joshua Tree list for 100 crores- Architecture News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com