ടോയ്‌ലറ്റിൽനിന്നുള്ള മലിനജലം ശുദ്ധീകരിച്ച് കുടിക്കാൻ നൽകും; ഒരു വെറൈറ്റി റസ്റ്ററന്റ്

pouring-water
Representative shutterstock New Africa
SHARE

ഭൂമിയിൽ ജലദൗർലഭ്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞ നാൾ മുതൽ ജലസംരക്ഷണത്തിനുള്ള പല മാർഗങ്ങളും മനുഷ്യൻ തേടി നടക്കുന്നുണ്ട്. മഴവെള്ള സംഭരണികൾ സ്ഥാപിച്ചും വെള്ളം  മിതമായി ഉപയോഗിച്ചുമെല്ലാം ജലക്ഷാമത്തെ നേരിടുന്നതിനിടെ മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗം ചെയ്യാനുള്ള സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ പക്ഷേ മലിനജലം ശുദ്ധീകരിച്ചുപയോഗിക്കുന്നത് പലർക്കും അത്ര സ്വീകാര്യമായ കാര്യമല്ല.  എന്നാൽ ടോയ്‌ലറ്റിൽ നിന്നും സിങ്കിൽ നിന്നുമുള്ള മലിന ജലം വരെ ശേഖരിച്ച് അത് ശുദ്ധീകരിച്ചെടുത്ത് ഉപഭോക്താക്കൾക്ക് നൽകി ശ്രദ്ധ നേടുകയാണ് ബെൽജിയത്തിലുള്ള ഒരു റസ്റ്റോറന്റ്. കൂർൺ മുൻസിപ്പാലിറ്റിയിലെ ഗസ്റ്റക്സ് എന്ന റസ്റ്റോറന്റാണ് ശുദ്ധീകരിച്ച മലിന ജലം ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകുന്നത്.

ശുദ്ധീകരിച്ചെടുക്കുന്ന മലിനജലത്തിന് നിറത്തിലോ മണത്തിലോ സാധാരണ ജലവുമായി യാതൊരു വ്യത്യാസവും ഉണ്ടാവില്ല. ശുദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുമെങ്കിലും രുചി വ്യത്യാസവും ഉണ്ടാകില്ല എന്നതാണ് പ്രധാനം. ടോയ്‌ലറ്റിൽ നിന്നും സിങ്കിൽനിന്നു മുള്ള മലിനജലം അഞ്ച് ഘട്ടങ്ങളായി ഫിൽറ്റർ ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. അതിൽ ആദ്യഘട്ടം രാസപദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള ഫിൽറ്ററേഷനാണ്.

പിന്നീട് സംഭരിച്ചു വച്ചിരിക്കുന്ന മഴവെള്ളവുമായി അരിച്ചെടുത്ത വെള്ളത്തിന്റെ ഒരു ഭാഗം കൂട്ടി കലർത്തും. അതിനുശേഷമാണ് ശുദ്ധീകരണത്തിന്റെ അടുത്ത ഘട്ടങ്ങളിലൂടെ കടന്നു പോകുന്നത്. ഏറ്റവും ഒടുവിൽ ലഭിക്കുന്നതാകട്ടെ പൈപ്പ് വെള്ളത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ തരത്തിലുള്ള കുടിവെള്ളവുമായിരിക്കും. എന്നാൽ കുടിവെള്ളമായി മാത്രമല്ല ചായയും കാപ്പിയും എന്തിനേറെ ബിയർ വരെ ഉണ്ടാക്കാൻ ഈ വെള്ളം ഉപയോഗിക്കാം എന്നാണ് റിപ്പോർട്ടുകൾ. 

എന്നാൽ ഇത്തരത്തിൽ ശുദ്ധീകരിച്ചെടുത്ത വെള്ളം വെറുതെ അങ്ങ് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുകയല്ല റസ്റ്റോറന്റ് ചെയ്യുന്നത്. അത് അല്പം കൂടി ആരോഗ്യപ്രദമാക്കുന്നതിനായി വിതരണം ചെയ്യും മുൻപ് ധാതുക്കൾ കൂടി ചേർക്കുമെന്ന് റസ്റ്റോറന്റിന്റെ പ്രതിനിധി പറയുന്നു. ഉൾപ്രദേശങ്ങളിലുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് കുടിവെള്ളം എത്തിക്കാനായി ഈ ശുദ്ധീകരണ പ്രക്രിയ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും പലരും അതിനോട് പൂർണ്ണ താത്പര്യം കാണിച്ചു തുടങ്ങിയിട്ടില്ല. കേൾക്കുമ്പോൾ അത്ര സുഖകരമായി തോന്നിയില്ലെങ്കിലും പല മേഖലകളിലും വിതരണം ചെയ്യുന്ന ടാപ്പ് വെള്ളത്തേക്കാൾ ഇത്തരത്തിൽ പുന:ചംക്രമണം ചെയ്ത വെള്ളം മെച്ചപ്പെട്ടതാണെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.

English Summary- Belgian Restaurant filter toilet water to drinking Water

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS