തുർക്കി ഭൂകമ്പം: നിർമ്മാണത്തിലെ അപാകതകൾ; ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തു
Mail This Article
45000 ലേറെ ആളുകളുടെ ജീവനെടുത്ത ഭൂകമ്പത്തെ തുടർന്ന് തുർക്കിയിൽ കെട്ടിട നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തു. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാതെയുള്ള നിർമ്മാണ രീതി മൂലമാണ് കെട്ടിടങ്ങൾ തകർന്നടിഞ്ഞത് എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. തുർക്കിയുടെ നിയമകാര്യമന്ത്രാലയമാണ് അറസ്റ്റിനെക്കുറിച്ച് വെളിപ്പെടുത്തിയത്.
പൂർണ്ണമായി തകരുകയും കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്ത കെട്ടിടങ്ങളുടെ കണക്കെടുത്തതിനെ തുടർന്ന് 626 പേരെയാണ് നിർമ്മാണത്തിലെ അപാകതകളുടെ പേരിൽ കുറ്റക്കാർ എന്ന് സംശയിക്കുന്നത്. എന്നാൽ ഇവരിൽ ചിലർ ഭൂകമ്പത്തെ തുടർന്ന് മരണമടഞ്ഞിരുന്നു. ശേഷിക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ ദുരന്തനിവാരണ ഏജൻസിയുടെ കണക്കുകൾ പ്രകാരം 5700 ൽ പരം കെട്ടിടങ്ങളാണ് ഭൂകമ്പത്തെ തുടർന്ന് തകർന്നടിഞ്ഞത്. ഇത്രയധികം കെട്ടിടങ്ങൾ എങ്ങനെ തകർന്നു എന്ന ചോദ്യം ഉയർന്നതിനെ തുടർന്നാണ് നിർമ്മാണത്തിലെ അപാകതകളിലേക്ക് അന്വേഷണം നീണ്ടത്. കെട്ടിടങ്ങളുടെ ഏറ്റവും മുകളിലുള്ള നിലകൾ തകരുകയും അതേത്തുടർന്ന് ഓരോ നിലകളായി താഴേക്ക് അടുക്കുകളായി പതിക്കുകയും ചെയ്യുന്ന 'പാൻകേക്ക് കൊളാപ്സ്' മാതൃകയിലാണ് കൂടുതൽ കെട്ടിടങ്ങളും തകർന്നിരിക്കുന്നത് എന്ന് നിർമ്മാണ വിദഗ്ധർ വിലയിരുത്തി. ഇത്തരം സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതും അപകടത്തിൽപ്പെട്ടവരെ കണ്ടെത്തുന്നതും ഏറെ പ്രയാസകരമാണ്.
ദുരന്തത്തിന്റെ വ്യാപ്തിയും കെട്ടിടാവശിഷ്ടങ്ങൾ കുമിഞ്ഞു കൂടിയിരിക്കുന്ന രീതിയും പരിശോധിക്കുമ്പോൾ രൂപകല്പനയിലും നിർമ്മാണത്തിലും ഗുണനിലവാരം കുറഞ്ഞ കെട്ടിടങ്ങൾ ഏറെയായിരുന്നു എന്നാണ് മനസ്സിലാക്കാനാവുന്നതെന്ന് ബൊഗാസിക്കി സർവകലാശാലയിലെ പ്രൊഫസറായ മുസ്തഫ എറിഡിക് പറയുന്നു. ഭൂകമ്പത്തെ തുടർന്നുണ്ടാവുന്ന ഘടനാപരമായ തകരാറുകൾ മൂലം സാധാരണഗതിയിൽ കെട്ടിടങ്ങൾ ഭാഗികമായേ നിലം പതിക്കാറുള്ളു. പൂർണ്ണമായി നിലം പതിക്കണമെങ്കിൽ നിർമ്മാണ രീതികൾ അത്രത്തോളം ഗുണനിലവാരം കുറഞ്ഞതായിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻകാലങ്ങളിൽ ഉണ്ടായ ഭൂകമ്പങ്ങൾക്ക് ശേഷം ശക്തമായ ഭൂചലനങ്ങളെ ചെറുത്തു നിൽക്കാവുന്ന വിധത്തിൽ കെട്ടിടങ്ങൾ നിർമിക്കാനായി നിർമ്മാണ നയങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിരുന്നു. എന്നാൽ ഇവ പ്രാബല്യത്തിൽ വരുത്തുന്നതിൽ വീഴ്ച ഉണ്ടായി എന്നതിലേയ്ക്കാണ് ദുരന്തത്തിന്റെ വ്യാപ്തി വിരൽ ചൂണ്ടുന്നത്. തകർന്ന കെട്ടിടങ്ങൾ ഒന്നും തന്നെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല എന്നതാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത് എന്ന് വിദഗ്ധർ പറയുന്നു.
English Summary- Turkey Earthquake arrest over Poor Construction