മോഡേൺ ജീവിതവും വാടകയും മടുത്തു: എല്ലാം ഉപേക്ഷിച്ച് ഗുഹയിൽ താമസിച്ചത് 16 വർഷം!
Mail This Article
കയ്യിൽ ധാരാളം പണം ഉണ്ടെങ്കിൽ ജീവിതത്തിൽ എല്ലാമായി എന്നുകരുതുന്നവരാണ് ഏറെയും. എന്നാൽ പട്ടിണി കിടക്കണമെങ്കിൽ പോലും 100 രൂപ കൈവശം വേണമെന്ന് പറയുന്ന ഇന്നത്തെ കാലത്ത് കയ്യിൽ ഉണ്ടായിരുന്ന അവസാന പണവും ഉപേക്ഷിച്ച് ആധുനിക ജീവിതം തന്നെ വേണ്ടെന്നുവച്ച് 16 കൊല്ലം പ്രാചീന മനുഷ്യരെപ്പോലെ ജീവിച്ച ഒരു വ്യക്തിയുണ്ട് അമേരിക്കയിലെ യൂട്ടയിൽ. ആധുനിക സൗകര്യങ്ങളും വീട്ടു വാടകയും മടുത്താണ് ഡാനിയേൽ ഷെല്ലാബാർഗർ ഒന്നര പതിറ്റാണ്ടിലധികം ഗുഹയിൽ ജീവിച്ചത്.
വാടക അധികമാണെന്ന് തോന്നിയാൽ പരിമിതമായ സൗകര്യങ്ങളിലേക്ക് ചുരുങ്ങുക എന്നതിനപ്പുറം മറ്റൊരു മാർഗവും ഉണ്ടാവാറില്ല. എന്നാൽ നഗരത്തിലെ ജോലിയിൽ നിന്നു ലഭിക്കുന്ന പണം ഏറെയും വാടകയ്ക്കായി നൽകി തുടങ്ങിയപ്പോഴാണ് ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ജീവിതം തിരഞ്ഞെടുത്താലോ എന്ന് ഡാനിയേലിന് തോന്നി തുടങ്ങിയത്. 1990 കളുടെ മധ്യകാലത്തായിരുന്നു അത്. അങ്ങനെയാണ് ഗുഹകൾ കണ്ടെത്തി അവയ്ക്കുള്ളിൽ ജീവിതം ആരംഭിച്ചത്. ചുറ്റുമുള്ളവരെല്ലാം വാടക അടയ്ക്കാനുള്ള തുക സമാഹരിക്കാൻ നെട്ടോട്ടമോടുമ്പോൾ ഏറ്റവും സുന്ദരമായ ജീവിതം ആസ്വദിക്കുകയായിരുന്നു ഡാനിയേൽ.
എന്നാൽ ഗുഹാജീവിതംകൊണ്ട് മാത്രം മതിയാകാതെ ഇതിനിടെ മറ്റൊരു തീരുമാനം കൂടി അദ്ദേഹം എടുത്തു. പണമടക്കം ആധുനിക ജീവിതത്തിലെ സുഖസൗകര്യങ്ങൾ എല്ലാം വേണ്ടെന്നു വയ്ക്കുക. അങ്ങനെ പോക്കറ്റിൽ ഉണ്ടായിരുന്ന പണവുമായി നേരെ പെൻസിൽവാനിയയിലെ ഒരു ഫോൺ ബൂത്തിൽ എത്തി ആ പണം അവിടെ ഉപേക്ഷിച്ചു. ഏറെ മനഃശക്തി വേണ്ട തീരുമാനമായിരുന്നു അതെങ്കിലും ആ ഫോൺ ബൂത്തിന് പുറത്തിറങ്ങിയ നിമിഷം താൻ വല്ലാത്തൊരു സ്വാതന്ത്ര്യം അനുഭവിച്ചതായി ഡാനിയേൽ പറയുന്നു.
പിന്നീടിങ്ങോട്ട് പണമില്ലാതെ തികച്ചും പ്രാചീന കാലത്തെ ഗുഹാമനുഷ്യനെപോലെ ആയിരുന്നു ജീവിതം. പ്രകൃതിയിൽനിന്ന് കിട്ടുന്ന വസ്തുക്കളാണ് ഭക്ഷണമാക്കിയത്. അങ്ങനെ ജീവിക്കാൻ വേണ്ടതെല്ലാം ചുറ്റുവട്ടത്തു നിന്നും അദ്ദേഹം കണ്ടെത്തിത്തുടങ്ങി. 2009 എത്തിയപ്പോഴേക്കും സാധാരണ ജീവിതത്തിൽ സ്വന്തമായിരുന്നതെല്ലാം ഉപേക്ഷിച്ച് പൂർണമായും ഗുഹയിലേക്ക് ഡാനിയേൽ താമസം മാറ്റിയിരുന്നു. ഗുഹാജീവിതത്തിനിടയിൽ സർക്കാരിൽ നിന്നും ലഭിക്കുന്ന യാതൊരുവിധ സഹായങ്ങളും സ്വീകരിച്ചിരുന്നില്ല.
ആധുനിക ജീവിതരീതിയിൽ അങ്ങേയറ്റം മടുപ്പ് തോന്നിയതുകൊണ്ട് മാത്രമാണ് തന്റേതായ ഒരു വഴി തുറന്നത് എന്ന് ഡാനിയേൽ പറയുന്നു. ഗുഹാജീവിതം ആസ്വദിച്ചു കഴിയുകയായിരുന്നുവെങ്കിലും 2016 എത്തിയതോടെ ഈ ധീരമായ തീരുമാനത്തിൽ നിന്നും അദ്ദേഹത്തിന് പിന്നോട്ട് പോകേണ്ടി വന്നു. മാതാപിതാക്കൾക്ക് പ്രായം ഏറിവരുന്നതായിരുന്നു അതിനുള്ള കാരണം. അവരെ പരിചരിക്കാനായി ഗുഹാജീവിതം വേണ്ടെന്ന് വച്ചതോടെ വീണ്ടും പണത്തിന്റെ ലോകത്തേക്ക് ഡാനിയേലിന് ഇറങ്ങിവന്നു. പണത്തിൽ കേന്ദ്രീകൃതമായി ചലിക്കുന്ന ഒരു ലോകത്ത് ഇത്രയും വർഷങ്ങൾ പണം ഉപേക്ഷിച്ച് ജീവിച്ച ഡാനിയേൽ മാധ്യമങ്ങളിലൂടെ ഏറെ പ്രശസ്തിയും നേടിയിട്ടുണ്ട്.
English Summary- Man Lived in Cave for 16 years tired of Modern Life- News