ലോകത്തിൽ ഏതു ഭാഗത്താണ് ഒരു വീടുവാങ്ങാൻ ഏറ്റവും അധികം പണം ചെലവാക്കേണ്ടി വരുന്നത്? അമേരിക്കയിലെ ഏതെങ്കിലും വൻകിട നഗരങ്ങളാണ് ഉത്തരമെങ്കിൽ അത് തെറ്റാണെന്ന് തെളിയിക്കുകയാണ് ഇംഗ്ലണ്ടിൽ നടന്ന ഒരു വീടിന്റെ വില്പന. ന്യൂയോർക്കിലെയും ഹോങ്കോങ്ങിലെയും ജപ്പാനിലെയുമൊക്കെ പ്രോപ്പർട്ടികളെ പിന്തള്ളി തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡോർസെറ്റിലുള്ള ഒരു ബംഗ്ലാവാണ് വിലയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഡോർസെറ്റിലെ സാൻഡ്ബാങ്ക്സിൽ ജലാശയത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ബംഗ്ലാവാണ് ഇത്.
ഒരു ചതുരശ്ര അടിയുടെ വില കണക്കാക്കുമ്പോഴാണ് വിലമതിപ്പിന്റെ കാര്യത്തിൽ ഈ ബംഗ്ലാവ് ഒന്നാം സ്ഥാനത്ത് എത്തുന്നത്. 2909 ചതുരശ്ര അടിയുള്ള ഈ വീടിന്റെ വില 13.5 മില്യൻ പൗണ്ടാണ് (132.25 കോടി രൂപ). അതായത് ഒരു ചതുരശ്രഅടിക്ക് 4640 പൗണ്ടാണ് (4.5 ലക്ഷം രൂപ) വില. വില താരതമ്യം ചെയ്യുമ്പോൾ ന്യൂയോർക്കിലെയും ഹോങ്കോങ്ങിലെയും ഒന്നും വീടുകൾ ഇതിനോളം വരില്ല. 2022ലെ സർവ്വേ പ്രകാരം മൊണാക്കോ ആണ് ഒരു വീട് സ്വന്തമാക്കാനായി ഏറ്റവും അനുയോജ്യമായ സ്ഥലമായി ആളുകൾ കണക്കാക്കുന്നത്. എന്നാൽ അവിടുത്തെ വീടുകൾക്ക് ഒരു ചതുരശ്ര അടിക്ക് ശരാശരി 4374 പൗണ്ടാണ് (4.2 ലക്ഷം രൂപ) വിലമതിപ്പ്.

ഹോങ്കോങ്ങിലെ ശരാശരി വില 3,775 പൗണ്ടും (3.7 ലക്ഷം രൂപ) ന്യൂയോർക്കിലേത് 2150 പൗണ്ടുമാണ് (2.1 ലക്ഷം രൂപ). ഈ കണക്കുകളെ എല്ലാം മറികടന്നു കൊണ്ടാണ് 1.4 ഏക്കർ വിസ്തൃതമായ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന സാൻഡ്ബാങ്ക്സ് ബംഗ്ലാവിന്റെ വില്പന നടന്നിരിക്കുന്നത്. 117 വർഷങ്ങൾക്കു മുൻപ് വിക്ടോറിയൻ കാലഘട്ടത്തിൽ ഒരു സസ്യശാസ്ത്രജ്ഞൻ ഏകദേശം ആയിരം പൗണ്ടിന് സ്വന്തമാക്കിയ സ്ഥലമാണ് ഇത്. പിന്നീടിങ്ങോട്ട് അദ്ദേഹത്തിന്റെ പിൻതലമുറക്കാരാണ് വീടിന്റെ അവകാശികൾ. ഇടയ്ക്ക് നിരവധി നവീകരണ പ്രവർത്തനങ്ങളും വീട്ടിൽ നടന്നിരുന്നു. നാലു കിടപ്പുമുറികൾ ഉൾപ്പെടുന്ന ആഡംബര വീട് അതിമനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്.

രണ്ടു നിലകളാണ് വീടിനുള്ളത്. ഇതിൽ താഴത്തെ നിലയിൽ ലിവിങ് റൂം, ഡൈനിങ് റൂം, അടുക്കള, യൂട്ടിലിറ്റി റൂം, സ്റ്റോർ, പാൻട്രി എന്നിവ സജീകരിച്ചിരിക്കുന്നു. മാസ്റ്റർ ബെഡ്റൂം, അതിഥികൾക്കുള്ള ബെഡ്റൂം എന്നിവയടക്കം നാലു കിടപ്പുമുറികളും മുകൾ നിലയിലാണ് ഒരുക്കിയിരിക്കുന്നത്. ടോം ഗ്ലാൻഫീൽഡ് എന്ന വ്യക്തിയാണ് വീടിന്റെ പുതിയ ഉടമ. വിലയുടെ കാര്യത്തിൽ റെക്കോർഡ് സൃഷ്ടിച്ചാണ് വിൽപ്പന നടന്നതെങ്കിലും ഈ ബംഗ്ലാവ് പൊളിച്ചു നീക്കാനാണ് അദ്ദേഹത്തിന്റെ ഉദ്ദേശം. അതേ സ്ഥാനത്ത് അഞ്ചു മില്യൻ പൗണ്ട് ചെലവിൽ ഒരു എക്കോ ഹോം നിർമ്മിക്കാനാണ് പദ്ധതി.
English Summary- Most Expensive House Sold- Real Estate News