ഒരുവെടിക്ക് രണ്ടുപക്ഷി; പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് കെട്ടിടം പണിയാം!

Mail This Article
ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തവും കൊച്ചിയിൽ പടരുന്ന വിഷപുകയുമെല്ലാം വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണല്ലോ. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഏതൊരു നഗരത്തിന്റെയും വലിയ തലവേദന. കത്തിച്ചാലും കുഴിച്ചിട്ടാലുമെല്ലാം പ്രശ്‌നമാണ്. ഇവിടെയാണ് പുനരുപയോഗത്തിന്റെ സാധ്യതകൾ. അതിനുള്ള ആശയം വേണമെങ്കിൽ മധ്യ അമേരിക്കയിലെ പനാമയിലുള്ള ഈ പ്ലാസ്റ്റിക് ബോട്ടിൽ ഗ്രാമം ഒന്ന് കാണണം.
ഒരു ലക്ഷത്തോളം വിദേശസഞ്ചാരികൾ ഒരു വർഷം പനാമയിലുള്ള ഈ ദ്വീപ് സന്ദർശിക്കുന്നു. ഇവർ ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ദ്വീപിന്റെ ആവാസവ്യവസ്ഥയെ തന്നെ തകർത്ത് തുടങ്ങിയപ്പോഴാണ് റോബര്‍ട്ട് ബസ്യൂ എന്ന ബിസിനസുകാരൻ പ്ലാസ്റ്റിക് ഗുണപരമായി നിർമാണത്തിന് ഉപയോഗിക്കാം എന്ന ആശയവുമായി എത്തുന്നത്. അധികാരികൾ പിന്തുണ നൽകിയതോടെ പ്ലാസ്റ്റിക് കൊണ്ട് ഒരു ഗ്രാമം തന്നെ ഇവിടെ പടുത്തുയർത്തപ്പെട്ടു.

ആദ്യ ഘട്ടത്തിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ട് ഒരു കെട്ടിടം നിർമിച്ചാണ് പ്ലാസ്റ്റിക് എങ്ങനെ റീയൂസ് ചെയ്യാം എന്ന് റോബര്‍ട്ട് തെളിയിച്ചത്. വെറും വീടുകൾ മാത്രമല്ല ഇവിടെയുള്ളത്. നാലു നിലയുള്ള പ്ലാസ്റ്റിക്ക് കൊട്ടാരം, പ്ലാസ്റ്റിക് ജയിൽ എന്നിവയെല്ലാം സന്ദർശകർക്ക് കൗതുകമുള്ള കാഴ്ചയൊരുക്കും. 40000 പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിച്ച് രണ്ടുവർഷം കൊണ്ടാണ് കൊട്ടാരം നിർമിച്ചത്.

പ്ലാസ്റ്റിക് പ്രകൃതിയോട് ചെയ്യുന്ന ദോഷങ്ങളുടെ പ്രദർശനമാണ് പ്ലാസ്റ്റിക് ജയിലിൽ ഒരുക്കിയിട്ടുള്ളത്.14,000 പ്ലാസ്റ്റിക് ബോട്ടില്‍ ഉണ്ടെങ്കില്‍ 100 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കാം എന്ന് റോബര്‍ട്ട് പറയുന്നു. ഭൂമികുലുക്കത്തെ പോലും പ്രതിരോധിക്കാന്‍ തക്കവണ്ണം ആണ് ഈ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല പ്ലാസ്റ്റിക് ചുവരുകൾ ഉള്ള വീടുകളിൽ കോൺക്രീറ്റ് വീടുകളിലേതിനേക്കാൾ ചൂട് കുറവാണ് എന്നിവർ സാക്ഷ്യപ്പെടുത്തുന്നു.

ഇതോടെ ദ്വീപിലേക്ക് സന്ദർശകരുടെ പ്രവാഹമായി. റിയൽ എസ്റ്റേറ്റ് വിപണി ഉണർന്നു. ഇപ്പോൾ 19,000 ഡോളര്‍ മുടക്കി ഭൂമി വാങ്ങി ആർക്കും ഇത്തരത്തില്‍ വീടുകള്‍ വയ്ക്കാം എന്ന് റോബര്‍ട്ട് പറയുന്നു.
പ്ലാസ്റ്റിക് കൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിലും ഇത്തരമൊരു സാധ്യത പ്രസക്തമല്ലേ? പ്ലാസ്റ്റിക് മാലിന്യവും ഒഴിവാക്കാം ചെലവ് കുറഞ്ഞ വീടുകളും നിർമിക്കാം. നാട്ടുശൈലിയിൽ പറഞ്ഞാൽ ഒരു വെടിക്ക് രണ്ടുപക്ഷി!
English Summary- House made of Plastic- Innovative ways of Waste Recycling- News