ADVERTISEMENT

സ്വന്തം സ്ഥാപനങ്ങളായ ടെസ്‌ലയ്ക്കും സ്പേസ് എക്സിനുമെല്ലാം സമീപം സ്വന്തമായി ഒരു ഗ്രാമം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ശതകോടീശ്വരനായ ഇലോൺ മസ്ക്. ഓസ്റ്റിൻ സിറ്റിക്ക് സമീപം  ബാസ്ട്രോപ് എന്ന പ്രദേശത്താണ് സ്വന്തമായി ഒരു ഗ്രാമം മസ്ക് നിർമ്മിച്ചെടുക്കുന്നത്. അമേരിക്കയിലെ മറ്റു വൻകിട നഗരങ്ങളുടെ നിയമ നിയന്ത്രണങ്ങൾ ഇല്ലാത്ത ഒരിടം ഒരുക്കാനാണ് പദ്ധതി. ഇതിനായി കോടികൾ മുടക്കിയാണ് മസ്ക് വസ്തുക്കൾ സ്വന്തമാക്കുന്നത്.

കൊളറാഡോ നദിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തന്റെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് താമസിക്കാനുള്ള ഇടമാക്കി മാറ്റാനാണ് ഉദ്ദേശം. നല്ലവിലയിൽ സ്ഥലം കൈമാറ്റം ചെയ്യാനാവുന്നതിന്റെ സന്തോഷത്തിലാണ് ഈ നാട്ടുകാരെങ്കിലും അതിമനോഹരമായ തങ്ങളുടെ നഗരം അപ്പാടെ മാറി പോകുമോ എന്നതാണ് ഇവിടത്തുകാരുടെ ആശങ്ക. ചിലർ കൈമാറ്റം ചെയ്ത സ്ഥലത്തുനിന്നും താമസം മാറി പോയെങ്കിലും മറ്റു ചിലർക്ക് 2024 വരെ താമസിക്കാനുള്ള അനുമതിയുണ്ട്. തന്റെ ഫാക്ടറികളും ബിസിനസ് സാമ്രാജ്യവും വളർത്താനുള്ള ഇടമായി മസ്ക് തങ്ങളുടെ സ്ഥലം തിരഞ്ഞെടുത്തതായി അറിഞ്ഞപ്പോൾ നാട്ടുകാരിൽ പലർക്കും അമ്പരപ്പായിരുന്നു. എന്നാൽ അപ്പോഴും തങ്ങളുടെ സ്ഥലം വിട്ടുനിൽക്കേണ്ടി വരുമെന്ന് പലരും കരുതിയിരുന്നതുമില്ല.

musk-village

പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചു വരുന്നവരാണ് പ്രദേശവാസികളിൽ അധികവും. കുടുംബങ്ങൾ തമ്മിൽ വളരെ അടുത്ത ബന്ധവും ഉണ്ട്. ഒരാൾ സ്ഥലം വിൽക്കാൻ തീരുമാനിച്ചാൽ മറ്റുള്ളവരും വിട്ടു നൽകേണ്ടി വരുന്ന അവസ്ഥ. പൂർവികരുടെ ചരിത്രമുറങ്ങുന്ന സ്ഥലം വിട്ടുപോകാൻ നിർബന്ധിതരാകുന്നതിന്റെ വിഷമമാണ് പലരും പങ്കുവയ്ക്കുന്നത്. അതേസമയം സ്ഥലം ആവശ്യപ്പെട്ട് എത്തിയ മസ്കിന്റെ സംഘം ഈ പ്രദേശത്തെ വീടുകൾ ജോലിക്കാർക്ക് താമസിക്കാനുള്ള ഇടമൊരുക്കാനായി സ്വന്തമാക്കുകയാണെന്നാണ് പറഞ്ഞിരുന്നത്. ചെറുനഗരമായി ഈ പ്രദേശത്തെ മാറ്റുന്ന കാര്യം വെളിപ്പെടുത്തിയതുമില്ല.

musks-village

കാര്യമായ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും ഇതുവരെ പ്രദേശത്ത് ആരംഭിച്ചിട്ടില്ല. ഏതാനും മോഡുലാർ വീടുകൾ, കായിക വിനോദങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ഇടം, സ്വിമ്മിങ് പൂൾ, ജിം എന്നിവ മാത്രമാണ് നിലവിലുള്ളത്. ടെക്സസിൽ ഒരു പ്രദേശത്തിന് നഗരം എന്ന വിശേഷണം ലഭിക്കണമെങ്കിൽ ചുരുങ്ങിയത് 201 താമസക്കാരെങ്കിലും അവിടെ ഉണ്ടാവണം. പ്രദേശം നഗരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന അപേക്ഷ ഇതുവരെ അധികാരികൾക്ക് ലഭിച്ചിട്ടില്ല.

Elon Musk. Photo Credit : Aly Song / Reuters
Elon Musk. Photo Credit : Aly Song / Reuters

അതേസമയം ഓസ്റ്റിൻ മേഖലയിൽ 3500 ഏക്കറോളം സ്ഥലം മസ്ക് സ്വന്തമാക്കിയതായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു. ഇതിനുപുറമേ സ്നെയിൽ ബ്രൂക്കിലേക്ക് സ്വാഗതം എന്ന് എഴുതിയ ഒരു സൈൻ ബോർഡും മസ്ക്കിന്റെ കമ്പനികളുടെ സമീപത്തായി സ്ഥാപിച്ചിട്ടുണ്ട്. മാധ്യമങ്ങൾക്ക് ലഭിച്ച ചില രേഖകൾ പ്രകാരം ഗ്രാമത്തിൽ 110 വീടുകൾ ഉണ്ടാകുമെന്നാണ് വിവരം.രണ്ടു വർഷത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് മസ്ക്കിന്റെ പദ്ധതി.

English Summary- Elon Musk buying a small town for autonomous Village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com