മുപ്പതോ നാല്പതോ വർഷം പഴക്കമുള്ള വീടുകൾ അത്ര പുതുമയല്ല. 102 വർഷത്തെ പഴക്കമുള്ള കുടുംബവീട് എന്ന് കേൾക്കുമ്പോൾ ചുരുങ്ങിയത് മൂന്നു തലമുറകളെങ്കിലും കൈമാറിയ ഒന്നാവും മനസ്സിലേക്ക് എത്തുക. എന്നാൽ യുകെയിലെ ഗ്ലാസ്ടൺബെറിയിലുള്ള ഒരു വീടിന്റെ കാര്യം ഇതിൽ നിന്നെല്ലാം അല്പം വ്യത്യസ്തമാണ്. മൂന്ന് തലമുറയിൽപെട്ട ആളുകൾ ഇവിടെ കഴിഞ്ഞിട്ടുണ്ടെങ്കിലും ഒരു പതിറ്റാണ്ടിലേറെയായി ഈ വീടിന്റെ ഉടമസ്ഥ ഇവിടെ തന്നെയാണ് താമസം. ഒരുപക്ഷേ ലോകത്തിൽ മറ്റാർക്കും സ്വന്തം വീടിനോട് നാൻസി ജോവാൻ ഗിഫോർഡ് എന്ന 104 കാരിയോളം ആത്മബന്ധം ഉണ്ടാവില്ല. എന്നാൽ ഇപ്പോൾ ഏറെ പ്രിയപ്പെട്ട ഈ വീട് നാൻസി വില്പനയ്ക്കായി പരസ്യപ്പെടുത്തിയിരിക്കുകയാണ്.
ഒന്നായും ലോകമഹായുദ്ധം നടന്നതിന് തൊട്ടു പിന്നാലെയായിരുന്നു നാൻസിയുടെ ജനനം. രണ്ടു വയസ്സ് പ്രായമുള്ളപ്പോൾ കുടുംബത്തിനൊപ്പം നാൻസി ഇവിടേയ്ക്ക് താമസം മാറി. 1882 ൽ നിർമ്മിക്കപ്പെട്ട വീടാണ് ഇത്. അന്ന് ആ കാലഘട്ടത്തിനൊത്ത പരിമിതമായ സൗകര്യങ്ങൾ മാത്രമായിരുന്നു വീട്ടിൽ ഉള്ളത്. പിന്നീടിങ്ങോട്ട് പുതിയ മുറികൾ കൂട്ടിച്ചേർത്തും ആധുനിക സൗകര്യങ്ങൾ ഒരുക്കിയും വീട് പലതവണ മോടി പിടിപ്പിച്ചിട്ടുണ്ട്. മൂന്ന് കിടപ്പുമുറികളാണ് നിലവിൽ വീട്ടിൽ ഉള്ളത്. മുകളിൽ ടെറസും ഒരുക്കിയിരിക്കുന്നു.
1921 ൽ 200 പൗണ്ടിനാണ് (20000 രൂപ) നാൻസിയുടെ കുടുംബം വീട് സ്വന്തമാക്കിയത്. പ്രദേശത്തുള്ളവർക്കെല്ലാം വെള്ളം നൽകുന്ന ഒരു കിണറും വീടിനോട് ചേർന്ന് തന്നെയുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കകാലത്താണ് നാൻസി ബെർട്ട് എന്ന യുവാവുമായി പ്രണയത്തിലായതും വിവാഹം ചെയ്തതും. രണ്ടു മക്കൾ ജനിച്ച ശേഷവും ഇരുവരും ഇവിടെ തന്നെയായിരുന്നു താമസം. യുദ്ധകാലത്ത് ലണ്ടൻ സ്വദേശിനിയായ സില്‍വിയ എന്ന പെൺകുട്ടിക്ക് ഈ വീട്ടിൽ കുടുംബം അഭയം നൽകുകയും ചെയ്തിരുന്നു. ഏറെക്കാലം സിൽവിയ ഇവർക്കൊപ്പം ഇതേ വീട്ടിലാണ് കഴിഞ്ഞത്.
ഒരു നൂറ്റാണ്ടിലധികം കാലം കഴിഞ്ഞ വീട് ഉപേക്ഷിച്ചു പോകാൻ മനസ്സ് വരുന്നില്ലെങ്കിലും ആരോഗ്യസ്ഥിതി മൂലം താൻ അതിനു നിർബന്ധിതയായിരിക്കുകയാണ് എന്ന് നാൻസി പറയുന്നു. വീട് കൈമാറ്റം ചെയ്ത ശേഷം ഗ്ലാസ്ടൺബെറിയിൽ തന്നെയുള്ള ഒരു നഴ്സിങ് ഹോമിലേയ്ക്ക് താമസം മാറാനാണ് നാൻസിയുടെ പദ്ധതി. സ്നേഹത്തിന്റെയും കുടുംബബന്ധത്തിന്റെയുമൊക്കെ സ്മാരകമായി പ്രദേശവാസികൾ കണക്കാക്കുന്ന ഈ വീടിന് 1,69,950 പൗണ്ടാണ് (1.72 കോടി രൂപ) വിലയായി നിശ്ചയിച്ചിരിക്കുന്നത്.
English Summary- Woman lived 102 years in same House