ADVERTISEMENT

ഏപ്രിൽ 1, 2023 മുതല്‍ ഭൂമിയുടെ ന്യായവില 20 ശതമാനം കൂടും. ആനുപാതികമായി റജിസ്ട്രേഷന്‍ ചെലവും ഉയരും. വസ്തു നികുതി അഞ്ച് ശതമാനം ഉയരുമെങ്കിലും ബജറ്റില്‍ പ്രഖ്യാപിച്ച കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്, അപേക്ഷാഫീസ് വര്‍ധനയില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 

സെന്‍റിന് ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് ഏപ്രിൽ 1 മുതല്‍ 120000 ആകും. എട്ടുശതമാനം സ്റ്റാംപ് ഡ്യൂട്ടിയും രണ്ടുശതമാനം റജിസ്ട്രേഷന്‍ ഫീസും ചേര്‍ത്ത് വിലയുടെ 10 ശതമാനമാണ് എഴുത്തുചെലവ്. ന്യായവിലയിലെ വര്‍ധന റജിസ്ട്രേഷന്‍ ചെലവും കൂട്ടും. ന്യായവില ഒരു ലക്ഷമായിരുന്നപ്പോള്‍ 10000 രൂപയായിരുന്നു റജിസ്ട്രേഷന്‍ ചെലവ്. ന്യായവില 120000 ആകുന്നതോടെ റജിസ്ട്രേഷന്‍ ചെലവ് 12000 ആയി ഉയരും. 9600 സ്റ്റാംപ് ഡ്യൂട്ടിയും 2400 രൂപ റജിസ്ട്രേഷന്‍ ഫീസും. 

ന്യായവിലയേക്കാള്‍ മിക്കപ്പോഴും ഉയര്‍ന്നതായിരിക്കും വിപണി വില. സ്ഥലം വാങ്ങുന്നതിന് ബാങ്ക് വായ്പയെടുക്കുന്നവരൊഴികെ മിക്കവരും ന്യായവില തന്നെയാകും ആധാരത്തില്‍ കാണിക്കുന്നത്. അതിനാല്‍ ന്യായവിലവര്‍ധന പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് റജിസ്ട്രേഷന്‍ നടത്താനുള്ള തിരക്കാണ് സബ് റജിസ്ട്രാര്‍ ഓഫീസുകളില്‍. ഈ മാസം ഇതുവരെ 500 കോടിയിലേറെ രൂപ ഭൂമി റജിസ്ട്രേഷന്‍ വഴി ഖജനാവിലേക്കു വന്നുകഴിഞ്ഞു.

വസ്തു നികുതി അഞ്ചു ശതമാനമാണ് കൂടുന്നത്. ചതുരശ്രമീറ്ററിന് മൂന്നുമുതല്‍ എട്ടുരൂപ വരെയാണ് ഗ്രാമപഞ്ചായത്തുകള്‍ വീടിന് നികുതി ഈടാക്കുന്നത്. കെട്ടിടങ്ങളുടെ പെര്‍മിറ്റ് ഫീസും അപേക്ഷയുടെ പരിശോധനാഫീസും കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എത്രയാണ് വര്‍ധിപ്പിക്കുന്നത് എന്ന് വ്യക്തമാക്കി ഇതുവരെ തദ്ദേശവകുപ്പ് ഉത്തരവ് ഇറക്കിയിട്ടില്ല. ഈയാഴ്ച ഉത്തരവിറങ്ങും. നിലവില്‍ പഞ്ചായത്തുകളില്‍ 150 ചതുരശ്രമീര്‍ വരെ അഞ്ചും അതിന് മുകളില്‍ ഏഴുരൂപയുമാണ് പെര്‍മിറ്റ് ഫീസ്. വാണിജ്യാവശ്യത്തിനുള്ള. കെട്ടിടമാണെങ്കില്‍ പത്തുരൂപയും. നഗരസഭകളില്‍ ഇത് യഥാക്രമം 5, 10, 15 രൂപ വീതമാണ്.

 

റജിസ്ട്രേഷന്‍ ചെലവ്  

ന്യായവില ഒരു ലക്ഷമെങ്കില്‍ ചെലവ് 10000 രൂപ 

സ്റ്റാംപ് ഡ്യൂട്ടി 8000 (8%)

റജിസ്ട്രേഷന്‍ ഫീസ് 2000 (2%) 

 

ന്യായവില 20% കൂടുമ്പോള്‍  

ന്യായവില 120000 രൂപ

സ്റ്റാംപ് ഡ്യൂട്ടി 9600 (8%) 

റജിസ്ട്രേഷന്‍ ഫീസ് 2400 (2%)

റജിസ്ട്രേഷന്‍ ചെലവ് 12000 

ചെലവിലെ വര്‍ധന 2000 രൂപ 

 

പഞ്ചായത്തിലെ പെര്‍മിറ്റ് ഫീസ്

150 ചതുരശ്രമീറ്റര്‍ വരെ 5 രൂപ 

150 ചതുരശ്രമീറ്ററിന് മുകളില്‍ 7 രൂപ

വാണിജ്യാവശ്യത്തിനുള്ള കെട്ടിടം 10 രൂപ 

നഗരസഭയിലെ പെര്‍മിറ്റ് ഫീസ്  

150 ചതുരശ്രമീറ്റര്‍ വരെ 5 രൂപ

150 ചതുരശ്രമീറ്ററിന് മുകളില്‍ 10 രൂപ വാണിജ്യാവശ്യത്തിനുള്ള കെട്ടിടം 15 രൂപ

English Summary- Fair Land Value to increase-Registration charges to hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com