ബെംഗളൂരുവിൽ ഒരു ജോലി തരപ്പെടുത്തുന്നതിലും പ്രയാസകരമായ കാര്യമാണ് ഒരു താമസസ്ഥലം വാടകയ്ക്ക് കണ്ടെത്തുക എന്നത്. ആവശ്യക്കാർ ഏറെയുള്ളതുകൊണ്ടുതന്നെ ഉടമകൾക്ക് ഡിമാൻഡുകളും ഏറെയാണ്. പഠിച്ച സ്ഥാപനം ഏതാണെന്നതുമുതൽ ലിങ്ക്ഡ് ഇന്നിലെ പ്രൊഫൈൽ വരെ മാനദണ്ഡമാക്കിയാണ് പലരും വാടകയ്ക്ക് മുറികൾ കൈമാറുന്നത്. എന്നാൽ ഏറെ കഷ്ടപ്പെട്ട് തിരഞ്ഞു നടന്ന ശേഷം തനിക്ക് ഒടുവിൽ കിട്ടിയ താമസസ്ഥലത്തിന്റെ ദയനീയ അവസ്ഥ ആക്ഷേപഹാസ്യ രൂപത്തിൽ പങ്കുവയ്ക്കുകയാണ് ഒരു യുവാവ്.
മൻതൻ ഗുപ്ത എന്ന വ്യക്തിയാണ് മുൻ ദക്ഷിണാഫ്രിക്കൻ സ്പ്രിന്ററായിരുന്ന ഓസ്കാർ പിസ്റ്റോറിയസ് കൊലപാതകക്കേസിൽ ജയിൽശിക്ഷ അനുഭവിച്ച ജയിൽമുറിയുടെ ചിത്രം ആക്ഷേപഹാസ്യമെന്നോണം ട്വീറ്റ് ചെയ്തിരിക്കുന്നത്. 'പൂർണ്ണമായും ഫർണിഷ് ചെയ്ത നിലയിൽ തനിക്ക് കിട്ടിയ മുറി' എന്ന അടിക്കുറിപ്പോടെയാണ് മൻതൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഒരാൾക്ക് കഷ്ടിച്ച് നിൽക്കാൻ മാത്രം സ്ഥലവിസ്തൃതിയുള്ള ഒരു കുടുസ്സുമുറിയുടേതാണ് ഈ ചിത്രം. ഒരാൾക്ക് കിടക്കാൻ പാകത്തിനുള്ള കട്ടിൽ മുറിയാകെ നിറഞ്ഞ് നിൽക്കുന്നുണ്ട്. കട്ടിലിന്റെ ഒരു ഭാഗത്ത് കഷ്ടിച്ച് ഒരടി വീതിയുള്ള ചെറുമേശയും ഉൾപ്പെടുത്തിയിട്ടുണ്ട്. തീരെ ചെറിയ കബോർഡാണ് മുറിയിലെ അവശേഷിക്കുന്ന മറ്റൊരു സൗകര്യം.
എന്തായാലും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ആക്ഷേപഹാസ്യ രൂപത്തിലാണ് ഭൂരിഭാഗം ആളുകളും പ്രതികരണങ്ങൾ അറിയിക്കുന്നത്. ഇത്രയുമധികം സൂര്യപ്രകാശം കിട്ടുന്ന മുറി ലഭിച്ച വ്യക്തി ഭാഗ്യവാനാണെന്ന് ഒരാൾ കുറിക്കുന്നു. തനിക്ക് ലഭിച്ചിരിക്കുന്ന മുറിയേക്കാൾ വെറും 20 ശതമാനം മാത്രം വലിപ്പക്കുറവാണ് ഈ മുറിക്ക് ഉള്ളത് എന്നും എന്നാൽ തനിക്ക് സെക്യൂരിറ്റി സൗകര്യം ഇല്ല എന്നുമാണ് പരിഹാസ രൂപത്തിലുള്ള മറ്റൊരു കമന്റ്. ഇത്തരത്തിൽ ഒരു മുറി ലഭിക്കണമെങ്കിൽ ഒരാൾ എത്രമാത്രം കഷ്ടപ്പെടേണ്ടി വരും എന്ന് ചിന്തിക്കുന്നവരും ഉണ്ട്.
നൈസായിട്ട് ഒന്ന് ട്രോളിയതാണെങ്കിലും ബെംഗളൂരുവിൽ വീടുകൾക്ക് എത്രത്തോളം ക്ഷാമമുണ്ടെന്നത് വെളിവാക്കുന്ന ചിത്രം കൂടിയാണിത്. നഗരങ്ങളിൽ തൊഴിൽ സാധ്യതകൾ വർധിക്കുന്നുണ്ടെങ്കിലും അതിനോട് കിടപിടിക്കത്തക്ക രീതിയിൽ താമസിക്കാനുള്ള ഇടങ്ങൾ ഇല്ലാതെ വരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ബെംഗളൂരുവിൽ മാത്രമല്ല രാജ്യത്തിന്റെ പലഭാഗങ്ങളിലുമുള്ള മുൻനിര നഗരങ്ങളിൽ സമാനമായ സ്ഥിതി നിലനിൽക്കുന്നുണ്ട്.
English Summary- Man got Tiny Rental Place at Bengaluru; Viral Experience