സ്വന്തം ആഡംബരവീട് വാടകയ്ക്ക് കൊടുത്ത് കാർപോർച്ചിൽ താമസം! ലക്ഷ്യം കാശുണ്ടാക്കുക

rent
@keatonvaughnrealestate
SHARE

അൽപം പണം ചെലവാക്കേണ്ടി വന്നാലും താമസിക്കാൻ ഏറെ സൗകര്യങ്ങളുള്ള ഒരു വീട് കണ്ടെത്താൻ സാധിക്കുമെങ്കിൽ അങ്ങനെ ഒരു അവസരം അധികമാരും പാഴാക്കിയെന്ന് വരില്ല. എന്നാൽ അമേരിക്കക്കാരനായ കീറ്റൺ വോൺ എന്ന 19 കാരന്റെ രീതികൾ ഇതിൽ നിന്നെല്ലാം അല്പം വ്യത്യസ്തമാണ്. റിയൽ എസ്റ്റേറ്റ് ഏജന്റായ കീറ്റൺ തന്റെ സ്വന്തം ആഡംബരവീട് വാടകയ്ക്ക് വിട്ടുനൽകി ഗരാജിൽ പരിമിതമായ സൗകര്യങ്ങളിൽ കഴിയുകയാണ്. ജീവിതസൗകര്യങ്ങൾ അല്പം കുറവാണെങ്കിലും സാമ്പത്തിക ബാധ്യതയില്ലാതെ സമാധാനമായി കഴിയുന്നതിന് സന്തോഷത്തിലാണ് കീറ്റൺ.

പണം സമ്പാദിക്കാനായി താൻ കണ്ടെത്തിയ എളുപ്പ മാർഗ്ഗത്തെക്കുറിച്ച് കീറ്റൺ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2000 ഡോളറാണ് (1.6 ലക്ഷം രൂപ) പ്രതിമാസം കീറ്റണിന് വീടിന്റെ വാടകയായി കയ്യിൽ ലഭിക്കുന്നത്. വീടിന്റെ ലോൺ തുകയാകട്ടെ 1800 ഡോളറും (1.4 ലക്ഷം രൂപ).  അതായത് വാടക ഇനത്തിൽ ലഭിക്കുന്ന തുകയിലൂടെ വീടിന്റെ ലോൺ കൃത്യമായി അടഞ്ഞുപോകും എന്നതിന് പുറമേ പ്രതിമാസം 200 ഡോളർ അധികമായി ലാഭിക്കാനും സാധിക്കുന്നു.

വീടിനോട് ചേർന്നു തന്നെയാണ് ഗരാജ് സ്ഥിതി ചെയ്യുന്നത്. ലിവിങ് ഏരിയ, അടുക്കള, ബാത്റൂം എന്നിവ മാത്രമാണ് ഗരാജിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ. വലിയ ഒരു വീട്ടിൽ താമസിക്കുക എന്നത് ഒരുകാലത്തും തന്റെ സ്വപ്നമായിരുന്നില്ല എന്ന് കീറ്റൺ പറയുന്നു. അതുമാത്രമല്ല സമ്പാദിക്കുന്നതിൽ നിന്നും ഇത്രയും തുക ലോണിനത്തിൽ അടച്ചു തീർക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. കീറ്റണിനു ജീവിക്കാൻ ഗ്യാരേജിലെ സൗകര്യങ്ങൾ തന്നെ ധാരാളമാണ് താനും. വലിയ വീട്ടിൽ താമസിച്ചിരുന്നതിനേക്കാൾ സന്തോഷവും സാമ്പത്തിക ബാധ്യത ഇല്ലാത്തതിന്റെ സമാധാനവും താൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് വൈറലായതോടെ വ്യത്യസ്ത രീതിയിലാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. ഇത്രയും സൗകര്യമുള്ള ഒരു വീട്ടിലെ താമസം വേണ്ടെന്നുവച്ചത് ബുദ്ധിശൂന്യതയാണെന്ന് ചിലർ പറയുന്നു. എന്നാൽ ഒരു 19കാരനെ സംബന്ധിച്ചിടത്തോളം ഒരുരൂപ പോലും ചിലവില്ലാതെ താമസിക്കാനുള്ള സൗകര്യം ലഭിക്കുന്നതും അതേസമയം ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ ലോൺ തുക കൃത്യമായി അടഞ്ഞുപോകുന്നതും എല്ലാം എത്രത്തോളം വലിയ കാര്യമാണ് എന്ന് ചൂണ്ടിക്കാണിക്കുന്നവരാണ് അധികവും.

വീട് വിഡിയോ കാണാം..

English Summary- Man Rent Out Own House, Living in garage for a Reason

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA